- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അക്കാര്യം മുസ്ലിങ്ങളെ ഉപദ്രവിക്കുന്ന ബിജെപി. നേതാക്കളെ ബോധ്യപ്പെടുത്തൂ; മുസ്ലിം രാഷ്ട്രീയ മഞ്ച് പരിപാടിയിലെ 'ഐക്യ' പരാമർശത്തിന് പിന്നാലെ മോഹൻ ഭാഗവതിനോട് ദിഗ്വിജയ് സിങ്
ന്യൂഡൽഹി: പശുവിന്റെ പേരിൽ മുസ്ലിങ്ങളെ വേർതിരിച്ച് ആൾക്കൂട്ട ആക്രമണം നടത്തുന്നവർ ഹിന്ദുത്വത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്ന മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മുസ്ലിങ്ങളെ ഉപദ്രവിക്കുന്ന ബിജെപി. നേതാക്കളെയാണ് ആർ.എസ്.എസ്. മേധാവി ഇക്കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഗസ്സിയാബാദിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു ഭാഗവതിന്റെ പരാമർശം. മുസ്ലിങ്ങൾ ആരും ഇവിടെ ജീവിക്കരുത് എന്ന് ഒരു ഹിന്ദു പറയുകയാണെങ്കിൽ, അയാൾ ഹിന്ദുവല്ല എന്നായിരുന്നു ഭാഗവതിന്റെ പരാമർശം. പശു വിശുദ്ധമൃഗമാണ്. എന്നാൽ, മറ്റുള്ളവരെ ആക്രമിക്കുന്നവർ ഹിന്ദുത്വത്തിന് എതിരായി പ്രവർത്തിക്കുന്നവരാണ്. ഇത്തരക്കാർക്കെതിരെ യാതൊരു പക്ഷഭേദവും കൂടാതെ നിയമസംവിധാനം നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ ആർഎസ്എസ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആർഎസ്എസ് എല്ലായ്പ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഡിഎൻഎയിലാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യം വേണമെന്നാണ് പലരും പറയുന്നത്. എന്നാൽ രണ്ട് വിഭാഗവും ഒന്നാണെന്നാണ് ഞങ്ങൾ പറയാറുള്ളത്. പ്രതിച്ഛായ നിർമ്മിക്കാനല്ല ഇങ്ങനെ പറയുന്നത്. ആർഎസ്എസ് ഒരിക്കലും പ്രതിച്ഛായയ്ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കൽ മാത്രമാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ആർക്കും എതിരെ പ്രവർത്തിക്കുകയല്ല. മറ്റുള്ളവർ എന്തുചെയ്യുമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല. ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഭാഗവതിന്റെ പ്രസ്താവനയോടുള്ള പ്രതികരണവുമായി ദിഗ്വിജയ് സിങ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി. നേതാക്കളെ ബോധ്യപ്പെടുത്താൻ ഭാഗവതിന് സാധിച്ചാൽ താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറുമെന്നും സിങ് കൂട്ടിച്ചേർത്തു.
നിങ്ങൾ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിർ മുതൽ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്ലിങ്ങൾക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ല- ദിഗ്വിജയ് സിങ് പറഞ്ഞു.
പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നെന്ന് തെളിയിക്കാൻ മോഹൻ ഭാഗവതിനെ സിങ് വെല്ലുവിളിക്കുകയും ചെയ്തു. നിഷ്കളങ്കരായ മുസ്ലിങ്ങളെ ഉപദ്രവിച്ച ബിജെപി. നേതാക്കളെ ഉടൻ പദവിയിൽനിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകാനും നരേന്ദ്ര മോദിയിൽനിന്നും യോഗി ആദിത്യനാഥിൽനിന്നും അതിന് തുടക്കം കുറിക്കാനും സിങ് ആവശ്യപ്പെട്ടു.
മോഹൻ ഭാഗവത്തിന്റെ പരാമർശത്തിന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു.
ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങളിൽ എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു. ഭീരുത്വവും അക്രമവും കൊലപാതകവുമാണ് ഗോഡ്സെയുടെ ഹിന്ദുത്വ ആശയത്തിന്റെ അവിഭാജ്യഘടകമെന്ന് ഒവൈസി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ പേര് പരാമർശിച്ച് അക്രമം നടത്തിയവരെ കേന്ദ്രമന്ത്രി പൂമാല ഇട്ട് സ്വീകരിച്ചിരുന്നുവെന്നും ഒവൈസി കുറ്റപ്പെടുത്തി.
എല്ലാവരെയും ചേർത്തു നിർത്തുന്നതാണ് ഭാരത സംസ്കാരമെന്നായിരുന്നു പ്രസംഗത്തോടുള്ള ബിജെപിയുടെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയം കോൺഗ്രസിന്റേതാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസ്സൈൻ കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്