ന്യൂഡൽഹി: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ അഡോൾഫ് ഹിറ്റ്‌ലറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നടപടി വിവാദത്തിൽ. കശ്മീരിലെ വിഘടനവാദി നേതാവ് മസ്‌റത്ത് ആലത്തെ സാഹബ് എന്നു വിശേഷിപ്പിച്ചതും ദിഗ് വിജയ് സിങ്ങിന് തിരിച്ചടിയായി.

ടൈം മാഗസിനിൽ ബരാക് ഒബാമ പുകഴ്‌ത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹിറ്റ്‌ലറുമായി മോദിയെ ഉപമിച്ചത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ പോലും അഡോൾഫ് ഹിറ്റ്‌ലറെ പുകഴ്‌ത്തിയിട്ടുണ്ടെന്നാണ് ദിഗ് വിജയ് സിങ് മറുപടി നൽകിയത്.

കനഡയിൽ വച്ച് കോൺഗ്രസിനെ വിമർശിച്ചതിലുള്ള രോഷമാണ് മോദിയെ ദിഗ് വിജയ് സിങ് ഹിറ്റ്‌ലറുമായി ഉപമിക്കാനിടയാക്കിയത്. ആഭ്യന്തര രാഷ്ട്രീയത്തെ കുറിച്ച് ഒരു പ്രധാനമന്ത്രി വിദേശത്ത് സംസാരവിഷയമാക്കുന്നത് മര്യാദയല്ലെന്ന് വിമർശിച്ച സിങ് വിഭജന ചിന്താഗതിയാണ് അതിലൂടെ പ്രകടമാകുന്നതെന്നും ആരോപിച്ചു. കോൺഗ്രസ് ബാക്കിവച്ചു പോയ അഴുക്കുകൾ വൃത്തിയാക്കുകയാണെന്ന് കാനഡയിൽ മോദി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒരു പ്രധാനമന്ത്രിയും രാജ്യത്തെ രാഷട്രീയം വിദേശത്ത് ചർച്ചാവിഷയമാക്കിയിട്ടില്ല. ഒബാമ ഇന്ത്യയിൽ വന്നപ്പോൾ റിപ്പബ്ലിക്കൻസുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചോ എന്നും ഹെഡ്‌ലൈൻസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സിങ് ചോദിച്ചു.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീർ സർക്കാർ മസ്‌റത്ത് ആലം സാഹബിനെ അറസ്റ്റ് ചെയ്തതെന്നും ദിഗ് വിജയ് സിങ് ചോദിച്ചു. സർക്കാർ ഇതിന് മറുപടി പറയണമെന്നും സിങ് പറഞ്ഞു. ഇന്ത്യാവിരുദ്ധ റാലി നടത്തിയതിന്റെ പേരിൽ മസ്‌റത്ത് ആലത്തെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെത്തുടർന്ന് കശ്മീരിൽ സംഘർഷവും ഉടലെടുത്തു.