ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന്റെ പേരിൽ ശശി തരൂർ എംപിക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ കെപിസിസി നേതൃത്വം ഒടുവിൽ വെട്ടിൽ വീണു. തരൂരിനെതിരായ നടപടി എടുക്കുന്നത് ഹൈക്കമാൻഡിന് വിട്ടെങ്കിലും നടപടി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. മോദിയെ പ്രശംസിച്ചതിന്റെ പേരിൽ വിമർശനം നേരിടുന്ന തരൂരിനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് രംഗത്തെത്തി.

പ്രസ്താവനകളുടെ പേരിൽ തരൂരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോൺഗ്രസ് പദ്ധതിയുടെ പേരുമാറ്റിയതാണ് സ്വച്ഛ് ഭാരത് പദ്ധതിയെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. അതേസമയം ഇതോടെ ദിഗ്‌വിജയ് സിംഗിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ഇത് കോൺഗ്രസിന്റെ അഭിപ്രായമായി കാണാനാവില്ലെന്നാണ് ചില നേതാക്കൾ ഇതേക്കുറിച്ച് പ്രതികരിച്ചത്. തരൂരിനെ സംബന്ധിച്ച കെപിസിസിയുടെ പരാതി സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ടതല്ലെന്ന് കെ. പി. സി. സി. വൈസ് പ്രസിഡണ്ട് വി.ഡി. സതീശൻ പറഞ്ഞു. കിട്ടുന്ന അവസരങ്ങളിലെല്ലാം എംപി എന്ന നിലയിൽ തരൂർ മോദിയെ സ്തുതിക്കുകയാണ്. ഈ നിലയിൽ മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വിഗ്വിജയ് സിംഗിന്റെ അഭിപ്രായം രാജ്യത്തെ കോൺഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെപിസിസി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു അഭിപ്രായപ്പെട്ടു.

മോദിയെ ആവർത്തിച്ച് സ്തുതിച്ച തരൂരിനെതിരെ ഉചിതമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. അതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയത്.