മനാമ: ബഹ്‌റിനിൽ കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് മരണമടഞ്ഞ മൂന്ന് വയസുകാരൻ ഡിലന് ഇന്ന് ജന്മദേശം വിട നല്കും. പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഇന്ന് സ്വദേശമായ കണ്ണൂരിൽ സംസ്‌കരിക്കും. പെട്ടെന്നുണ്ടായ പൊന്നോമന പുത്രന്റെ വേർപാട് ഉൾക്കൊള്ളാനാവാതെ കഴിയുകയാണ് പിതാവ് ബ്ലസനും മാതാവ് അനിതയും.

ശനിയാഴ്ച ഉച്ചയ്ക്ക് സൽമാനിയാ ആശുപത്രിയിൽ വച്ചാണ് ഡിലൻ മരണത്തിന് കീഴടങ്ങിയത്. ന്യുമോണിയ ബാധയമാണ് മരണ കാരണം.

ഇന്നലെ ഉച്ചയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡിലന്റെ മൃതദേഹം നാട്ടിലെത്തിച്ചു.ഖാലിദ് ട്രാൻസ്പോർട്ട് കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഡിലന്റെ പിതാവ് ബ്ലസൻ നാട്ടിലുള്ള മൂത്ത മകനെ ബഹ്‌റിനിലേയ്ക്ക് കൊണ്ടുവരാൻ പോയ സമയത്തായിരുന്നു വേദാനാജനകമായ സംഭവം നടന്നത്.

കുഞ്ഞ് മരിച്ചതിന്റെ ആഘാതത്തിൽ നിന്നും മാതാവ് (അനിത) ഇപ്പോഴും മോചിതയായിട്ടില്ല. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് അവർ മകന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേയ്ക്ക് പോകുന്നത്. സഹോദരൻ അനീഷ്, ബ്ലസന്റെ സഹോദരൻ സുനിൽ മാത്യുവും കുടുംബവും ഇവരെ അനുഗമിക്കുന്നുണ്ട്.

ബഹ്‌റിൻ സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ പൊതു ദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം വിമാനത്താവളത്തിലേയ്ക്ക് കൊണ്ട് പോയത്. കണ്ണൂരിലെ ഇരിക്കൂർ ഓർത്തോഡോക്‌സ് പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും.