കൊച്ചി: കേസിൽ ശരിക്കും മറ്റൊരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടത്, അവർക്ക് പകരം ഞാൻ പെട്ടുപോയി എന്ന തരത്തിലാണ് ദിലീപ് വിവാദ ഓഡിയോയിൽ പറയുന്നത്. ദിലീപ് ഒരുപക്ഷേ കുറ്റം ചെയ്തിട്ടില്ലേങ്കിൽ കുറ്റം ചെയ്തവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടെന്ന് തന്നെയാണ് ഓഡിയോയിലെ ആ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് പറയുമ്പോൾ ദിലീപ് പുറകിലേക്ക് കൈ കാട്ടിയിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. അതായത് സംസാരിക്കുമ്പോൾ വീട്ടിൽ ആ 'മാഡവും' ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ സംശയം. ഈ സാഹചര്യത്തിലാണ് കാവ്യാമാധവന്റെ സുഹൃത്തായ നടിയിലേക്കും സംശയം എത്തുന്നത്. പത്മസരോവരം എന്ന ദിലീപിന്റെ വീട്ടിൽ ഈ സംഭാഷണം നടക്കുമ്പോൾ മാഡവും ഉണ്ടായിരുന്നുവെന്നാണ് സംശയം.

വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അന്നെടുത്ത ഓഡിയോയാണ് ഇപ്പോൾ വിഐപിയുടേതെന്ന തരത്തിലും മറ്റും ചർച്ചയാകുന്നത്.

നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക വെളിപ്പെടുത്തൽ ബാലചന്ദ്രകുമാർ ആദ്യം നടത്തിയത് റിപ്പോർട്ടർ ടിവിയിലാണ്. അതിന് ശേഷം മറ്റൊരു ചാനലിലാണ് ഈ വെളിപ്പെടുത്തൽ നടത്തുമ്പോൾ പുറകിലേക്ക് ദിലീപ് കൈചൂണ്ടി ആ മാഡം അകത്തുണ്ടെന്ന സൂചന നൽകിയതെന്ന് പറഞ്ഞത്. ഇതിൽ നിന്നാണ് കാവ്യയുടെ സുഹൃത്തു തന്നെയാണ് മാഡമെന്ന സംശയം ശക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.. ഇനി ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളുകളിൽ പരാമർശിക്കുന്ന മാഡത്തെ കണ്ടെത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. പൾസർ സുനിയുടെ മൊഴി എടുത്ത് മാഡത്തെ ഉറപ്പിക്കും. അതിന് ശേഷം അവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

നേരത്തേ തന്നെ കേസിൽ ഉൾപ്പെടെ 'മാഡത്തെ' തിരിച്ചറിഞ്ഞിരുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ലിബർട്ടി ബഷീർ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നുമാണ് ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സാമ്പിളുകളിൽ ദിലീപ് പറയുന്നത്. നേരത്തേ തന്നെ കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല.

നേരത്തെ തന്നെ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാൽ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാൻ സർക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ലിബർട്ടി ബഷീർ പറഞ്ഞത്. എംപി ഇടപെട്ടതിനെ തുടർന്ന് അവരെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാദ്ധ്യത ഇല്ലെന്നും ദിലീപിൽ തന്നെ കേസ് അവസാനിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മാഡത്തിന്റെ പേര് ഞാൻ പറയില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വർഷങ്ങൾക്ക് മുമ്പ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം മുൻ എഡിറ്റർ പല്ലിശ്ശേരിയുടെ ചില സംശയങ്ങളും പൊലീസ് പരിശോധിക്കുന്നതായി സൂചനയുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു പരമാർശം. നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോർട്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേർക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്. അന്ന് മറുനാടനും പല്ലിശേരിയുടെ വെളിപ്പെടുത്തൽ വാർത്തയാക്കിയിരുന്നു. ഈ വാർത്തയെ പരാമർശിക്കുന്ന തരത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.

നടി ആക്രമിച്ച ദിവസം മുതൽ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചർച്ചയാക്കി. ഇതിനിടെ പുതിയൊരു ചർച്ച തുടങ്ങി വയ്ക്കുകയയായിരുന്നു പല്ലിശ്ശേരി ചെയ്തത്. എന്നാൽ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി ------ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് ലേഖകൻ നടത്തിയത്. ഈ സാഹചര്യത്തിൽ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.

വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയുടെ ലേഖനത്തിലേക്ക് അന്വേഷണം പോകുന്നത്.