- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിമാറ്റ ഹർജി തള്ളിയതോടെ വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടറും പ്രതിഭാഗവും നാളെ നേരിട്ടു ഹാജരാകണം; അപ്പീൽ നൽകാൻ സർക്കാർ; മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച ഗണേശിന്റെ സഹായിയുടെ കേസും നിർണ്ണായകം; നടിയെ ആക്രമിച്ച കേസിൽ ഇനിയും ട്വിസ്റ്റിന് സാധ്യത
കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ ഉപദ്രവിച്ച കേസിൽ വിചാരണക്കോടതി മാറ്റേണ്ട എന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷ കാണുന്നത് നടൻ ദിലീപ്. അതിനിടെ ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ, സർക്കാരിന്റെ തുടർ നിയമനടപടികൾക്കു വേണ്ടി അയച്ചു. സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മേൽകോടതിയിൽ ഓഫീൽ പോകണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഉപദ്രവിക്കപ്പെട്ട നടിക്കു വിചാരണക്കോടതി സ്വാഭാവിക നീതി നിഷേധിക്കുന്നതായി ആരോപിച്ചാണു കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷനും ഇരയും ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി ഹൈക്കോടതി തള്ളിയതോടെ വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും നാളെ നേരിട്ടു ഹാജരാകേണ്ടതാണ്. ദിലീപിന്റെ അഭിഭാഷകർ ഏറെ പ്രതീക്ഷയിലാണ്. കേസിലെ ഗൂഢാലോചന വാദം തെളിയില്ലെന്ന പ്രതീക്ഷ അവർക്കുണ്ട്. കേസിൽ മുൻതൂക്കം ദിലീപിനാണെന്നും അവർ പറയുന്നു.
അതിനിടൊണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായി സാക്ഷികളെക്കൊണ്ട് മൊഴിമാറ്റാൻ ജനുവരിയിൽ എറണാകുളത്ത് പ്രത്യേക യോഗം ചേർന്നതായി പൊലീസ് റിപ്പോർട്ട് ചർച്ചയാകുന്നത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ്കുമാർ കോട്ടത്തലയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പത്തനാപുരം എംഎൽഎ. കെ.ബി. ഗണേശ്കുമാറിന്റെ പി.എ.യാണ് പ്രദീപ്കുമാർ. ഈ കേസ് നടിയെ ആക്രമിച്ച കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നതും നിർണ്ണായകമാണ്. ഈ കേസിൽ പിടിമുറുക്കാനാണ് നീക്കം. ഇനിയും അപ്രതീക്ഷിതമായി പലതും ഈ കേസിൽ സംഭവിക്കാൻ സാധ്യത ഏറെയാണ്.
കേസിലെ പ്രതികളും സഹായികളുമാണ് യോഗം ചേർന്നത്. ബേക്കൽ സ്വദേശി വിപിൻലാലിനെ കൂടാതെ മറ്റുപല സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ഗൂഢാലോചനയിൽ പ്രദീപ്കുമാർ പങ്കെടുത്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സോളാർ കേസ് പ്രതിയുടെ മൊഴി മാറ്റാൻ ശ്രമിച്ചതിന് സോളാർ കമ്മിഷൻ വിസ്തരിച്ച ആളാണ് പ്രദീപെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടും വിചാരണ കോടതിയുടെ പരിഗണനയിലേക്ക് കൊണ്ടു വന്നേക്കും. അങ്ങനെ വന്നാൽ പ്രതിഭാഗത്തെ വെട്ടിലാക്കാൻ പ്രോസിക്യൂഷന് കഴിയും.
ദിലീപുമായി ബന്ധമില്ലെന്നായിരുന്നു പ്രദീപിന്റെ ആദ്യ മൊഴി. വിശദമായ ചോദ്യംചെയ്യലിൽ, ദിലീപ് ജയിലിൽ കിടന്ന സമയത്ത് രണ്ടുതവണ സന്ദർശിച്ചതായി മൊഴിനൽകി. ഇതിലൊന്ന് എംഎൽഎ.യോടൊപ്പവും മറ്റൊന്ന് തനിച്ചുമായിരുന്നു. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്ന സുനിൽരാജുമായി ഫോണിൽ ബന്ധപ്പെട്ടതായും മൊഴിയിലുണ്ട്. ഇതെല്ലാം അതീവ നിർണ്ണായകമാണ്. പ്രദീപ്കുമാറിന്റെ ജാമ്യാപേക്ഷ വിശദവാദം കേൾക്കാൻ കാസർകോട് സെഷൻസ് കോടതി 23-ലേക്കു മാറ്റി. മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദ്ദേശമുള്ളതിനാൽ പ്രതിയെ അറസ്റ്റുചെയ്യാനാകില്ല.
ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് പ്രദീപ്കുമാറിനെതിരേ ബേക്കൽ പൊലീസ് കേസെടുത്തത്. പ്രതി വ്യാഴാഴ്ച ബേക്കൽ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിനു ഹാജരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കാസർകോട്ടെത്തിയത് വാച്ച് വാങ്ങാനാണെന്നാണ് മൊഴി നൽകിയത്. വാച്ച് വാങ്ങിയ കടയിൽ നൽകിയ പേരും നമ്പറും വ്യാജമാണെന്ന പ്രോസിക്യൂഷന്റെ വാദത്തെ പ്രതിഭാഗം എതിർത്തു. കടയിൽ ദീപക് എന്നാണ് പേരുനൽകിയതെന്നും നൽകിയ നമ്പർ വിഷ്ണു തില്ലങ്കേരി എന്നയാളുടേതാണെന്നുമുള്ള വാദം പ്രോസിക്യൂഷൻ ഉന്നയിച്ചു.
പ്രതിയെ അറസ്റ്റുചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. എന്നാൽ, അറസ്റ്റ് ഒഴിവാക്കണമെന്നും ഫോണും സിം കാർഡും അന്വേഷണസംഘത്തിനുമുമ്പാകെ ഹാജരാക്കാമെന്നും പ്രതിഭാഗം വാദിച്ചു. പ്രതി പ്രദീപ്കുമാർ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കാസർകോട് സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. നൽകിയ മൊഴികൾ കളവാണെന്നും കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതിനാൽ ജാമ്യം നൽകരുതെന്നുമാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ കേസും ഇനി നിർണ്ണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ