കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപ് പൊതു പരിപാടികളിൽ പങ്കെടുക്കുകയോ കേസുമായി ബന്ധപ്പെട്ട നിലപാട് വിശദീകരണങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കൂടിയാണ് ഈ പ്രതികരണത്തിന് പ്രസക്തി കൂടുകയാണ്. താൻ നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലാണെന്നും തന്നോടൊപ്പം എന്നും നിലകൊണ്ടത് നാട്ടുകാരാണെന്നും നടൻ ദിലീപ് വിശദീകരിക്കുന്നു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോയും തീം സോങ്ങും പുറത്തിറക്കുകയായിരുന്നു ദിലീപ്.

വിവാദങ്ങൾക്കിടയിലും ആലുവയിൽ രാഷ്ട്രീയത്തിന് അതീതമായ സ്വാധീനം ദിലീപിനുണ്ടെന്നതിന് തെളിവാണ് ഈ ചടങ്ങിലേക്കുള്ള ക്ഷണവും. കോൺഗ്രസാണ് ആലുവ നഗരസഭ ഭരിക്കുന്നത്. ദിലീപ് പഴയൊരു കോൺഗ്രസുകാരൻ കൂടിയാണ്. ഈ സാഹചര്യത്തിൽ എല്ലാമാണ് ആലുവയിലെ പ്രമുഖനായ ദിലീപ് ചടങ്ങിനെത്തിയത്. കേസും കൂട്ടവുമായി നടക്കുമ്പോഴും സാമൂഹിക ഇടപെടലുകൾ ദിലീപ് ഇപ്പോഴും നടത്താറുണ്ട്. ഇതിനുള്ള അംഗീകാരമായി കൂടിയാണ് ചടങ്ങിലേക്ക് ദിലീപിനെ ക്ഷണിച്ചത്.

പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ചേർത്തുനിർത്തിയത് നാടാണെന്ന് മറക്കില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു. ആലുവ നഗരസഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസൊന്നും സ്വന്തം നാട്ടിൽ ദിലീപിന് ഒരു കോട്ടവും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ പരിപാടി. കരുതലുകൾ എടുത്താണ് നാട്ടുകാരോട് ദിലീപ് നിലപാട് വിശദീകരിക്കുന്നത്. അപ്പോഴും കേസിൽ ജയം ഉറപ്പെന്ന ആത്മവിശ്വാസം ദിലീപ് പ്രകടിപ്പിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമർശം. കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിൽ കഴിഞ്ഞിരുന്നു. 'ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകർന്നത്.

എന്നെ മാറ്റിനിർത്താതെ നിങ്ങളോടൊപ്പം ചേർത്ത് 'ഞങ്ങളുണ്ട് കൂടെ' എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. ഞാൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു', ദിലീപ് പറഞ്ഞു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുറേക്കാലമായി ദിലീപ് പൊതു ഇടപെടലുകൾക്ക് മുതിർന്നിരുന്നില്ല. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദിലീപ് സജീവമായി ഇടപെട്ടിരുന്നു. തിയേറ്റർ ഉടമകളുടെ സംഘടനാ ചെയർമാനായ ദിലീപിന് പക്ഷേ മോഹൻലാൽ സിനിമയ്ക്ക് അനുകൂലമായ തീരുമാനം സംഘടനയെ കൊണ്ട് എടുപ്പിക്കാൻ കഴിഞ്ഞില്ല. മരയ്ക്കാർ ഒടിടിയിലേക്ക് പോയി. ദിലീപും തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ഒടിടിക്ക് കൊടുക്കുകയാണ്.

ആലുവയിലെ പരിപാടിയോടെ താൻ ഇനി പൊതു വേദികളിൽ നിറയുമെന്ന സൂചനയാണ് ദിലീപ് നൽകുന്നത്. കേസിൽ അനുകൂല വിധിയുണ്ടായാൽ താര സംഘടനയായ അമ്മയിലേക്കും ദിലീപ് തിരിച്ചെത്തും.