കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടത്തും. ആരോപണം ഗൗരവതരമെന്ന് അന്വേഷണ സംഘം നിലപാട് എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും ബാലചന്ദ്ര കുമാർ നൽകിയ പരാതിയിൽ നിയമോപദേശം തേടും. പെരുമ്പാവൂർ സിഐ ആയിരിക്കെ ബൈജു പൗലോസാണ് ഈ കേസ് അന്വേഷിച്ചത്. കേരളാ പൊലീസിലെ ആക്ഷൻ ഹീറോ എന്ന വിളിപ്പോരുള്ള ബൈജു വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യത ഏറെയാണ്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടംകൂട്ടമായി കൂറു മാറുമ്പോൾ ഈ വെളിപ്പെടുത്തലുകൾ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ. എന്നാൽ ആ കുറ്റകൃത്യത്തിൽ ദിലീപിന് പങ്കുള്ളതായി തെളിയിക്കാനുള്ളതൊന്നും വെളിപ്പെടുത്തലുകളിൽ ഇല്ല.

നടിയെ ആക്രമിച്ച് പീഡിപ്പിക്കുന്ന വീഡിയോ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ദിലീപ് കണ്ടെന്ന് വെളിപ്പെടുത്തലുണ്ട്. ഈ ദൃശ്യങ്ങൾ എങ്ങനെ ദിലീപിന് കിട്ടിയെന്നത് കേസിൽ നിർണ്ണായകമാകും. പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ പരാതികളിൽ പൊലീസ് ഉടൻ നിയമോപദേശം തേടും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയാണ് പരിശോധിക്കുക.

ഈ സാഹചര്യത്തിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന റിപ്പോർട്ട് അന്വേഷണഘട്ടത്തിൽ തന്നെ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉൾപ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ദിലീപുമായുള്ള വാട്‌സ്ആപ്പ് ചാറ്റും മറ്റു ചില നിർണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. അതേസമയം ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വിഐപി , കേസിലെ സ്ത്രീസാന്നിദ്ധ്യം ഉൾപ്പെടെ അന്വേഷിച്ച് കണ്ടെത്തുക അസാധ്യമാണ്. അതിനിടെ നടിയെ ആക്രമിച്ച കേസിൽ പൊലീസ് സൂക്ഷിച്ച രഹസ്യായുധമാണ് ബാലചന്ദ്രകുമാറെന്ന സംശയവും ബലപ്പെടുന്നുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ദിലീപിന്റെ വീട്ടിലുള്ള സംഭാഷണങ്ങൾ ബാലചന്ദ്രകുമാർ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന വിലയിരുത്തൽ സജീവമാണ്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

നടി ആക്രമിക്കുന്നതിന് മുമ്പും പിമ്പും ദിലീപിന്റെ വീട്ടിൽ ചന്ദ്രകുമാറിന് നല്ല സ്വാധീനമുണ്ടായിരുന്നു. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആ വീട്ടിൽ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാർ റിക്കോർഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വരുന്ന ഓഡിയോ തെളിയിക്കുന്നത്. ഇത് എന്തനായിരുന്നുവെന്ന സംശയമാണ് ഈ ഘട്ടത്തിൽ സീജവമാകുന്നത്. വീട്ടിലെ രഹസ്യങ്ങൾ കൃത്യമായി പുറത്തെത്തിക്കുകയെന്ന ഉദ്ദേശം ഈ റിക്കോർഡിങ്ങിനുണ്ടായിരുന്നിരിക്കാം. എങ്കിൽ അതിന് പിന്നിൽ ആരാണെന്ന് ആർക്കും ഉറപ്പില്ല. വിശ്വസ്തനായി ദിലീപിന്റെ വീട്ടിൽ നിന്നൊരാൾ ഈ 'ചതി' ചെയ്തത് എന്തിനാണെന്ന സംശയം സിനിമാ ലോകത്തും സജീവമാണ്.

ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ചുമതലപ്പെടുത്തിയ ആളോണോ ബാലചന്ദ്രകുമാർ എന്ന സംശയം ദിലീപിന്റെ ചില അടുപ്പക്കാർക്കുണ്ട്. ഈ കേസ് എങ്ങനെ മുമ്പോട്ടു പോകുമെന്ന് അറിയാതെ ബാലചന്ദ്രകുമാറിനെ പോലൊരാൾ ഇത് റിക്കോർഡ് ചെയ്തതാണ് ഇതിന് പിന്നിലെ സംശയത്തിന് ആക്കം കൂട്ടുന്നത്. ബ്ലാക് മെയിലിംഗിന്റെ സ്വാഭാവം ഇതിനുണ്ടോ എന്നതും നിർണ്ണായകമാണ്. സംഭാഷണ ശകലങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പുറത്തു വന്ന റിക്കോർഡിങ് മാത്രം വസ്തുകൾ തെളിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ ദിലീപുമായി അടുക്കുന്നത്.

പിക് പോക്കറ്റിന്റെ കഥാതന്തു ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥാ രചനയ്ക്ക് ദിലീപിന്റെ അളിയന് താൽപ്പര്യവും വന്നു. ഇതോടെയാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെ സ്ഥിര സാന്നിധ്യമാകുന്നത്. ദിലീപിന്റെ അളിയനും അനുജനുമായി അടുപ്പമുണ്ടാക്കി. ഇത് മനസ്സിലാക്കിയ ആരോ ദിലീപിന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ബാലചന്ദ്രകുമാറിനെ നിയോഗിച്ചു എന്ന തരത്തിലാണ് ദിലീപ് ക്യാമ്പിലെ സംശയം. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ്. പൊലീസിന് ഈ വെളിപ്പെടുത്തലിൽ യാതൊരു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ എത്തുമ്പോൾ ഞെട്ടലിലാണ് സനിമാ ലോകം. സിനിമയിൽ അത്രയേറെ അറിയപ്പെടാത്ത സംവിധായകനാണ് ബാലചന്ദ്രകുമാർ. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹൻലാലിനെ നായകനാക്കി സ്‌പെഷ്യലിസ്റ്റ് എന്ന 2014ൽ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി. ഇതാണ് പുതിയ വെളിപ്പെടുത്തലിനേയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

കൗബോയ് എന്ന ചിത്രത്തിൽ ആസിഫലിയായിരുന്നു നായകൻ. ഇത് സാമ്പത്തിക വിജയം നേടിയില്ല. ഇതിന് ശേഷമാണ് മോഹൻലാലിനെ സമീപിക്കുന്നത്. പിന്നീട് ദിലീപിന് അടുത്തെത്തി. പിക്ക് പോക്കറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ കഥാതന്തു ദിലീപിന് ഇഷ്ടമായി. തിരക്കഥയിൽ മാറ്റങ്ങളോടെ ചെയ്യാമെന്നും സമ്മതിച്ചു. ഇതിനിടെ ദിലീപിന്റെ അളിയന് തിരക്കഥ എഴുതണമെന്ന മോഹമെത്തി. ബാലചന്ദ്രകുമാറിന്റെ കഥയിൽ സാധ്യതയും കണ്ടു. ഇതോടെ ഈ സിനിമ നിർമ്മിക്കാൻ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തയ്യാറായി. കഥാ ചർച്ചകൾക്കായി ദിലീപിന്റെ വീട്ടിൽ നിരന്തരം സംവിധായകനെത്തി. അളിയനും അനുജൻ അനൂപുമായി ചർച്ചകളും നടത്തി. ഇതാണ് ഇപ്പോൾ ദിലീപിന് പുലിവാലാകുന്നത്.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.