- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെയിലും കാര്യങ്ങളും ഉള്ളതു കൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല; അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ; ദിലീപിന് പറയാനുള്ളത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ചന്ദ്രകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്ക് പലതും പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥയുള്ളതുകൊണ്ടുതന്നെ സത്യം എന്താണെന്ന് പ്രേക്ഷകരോട് വെളിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടിൽ വച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിനോടാണ് ദിലീപ് പ്രതികരിച്ചത്.
'എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ്തു പോവുക എന്നല്ലാതെ ഞാൻ എന്താണ് ചെയ്യുക. എന്നാലും ഞാൻ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്‌നേഹിക്കുന്ന പ്രേക്ഷകർ കൂടെയുള്ളപ്പോൾ ഞാൻ ഹാപ്പിയാണ്'-ദിലീപ് വിശദീകരിച്ചു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തൽ പുറത്ത്. കേസിൽ ഒരു സ്ത്രീ ബന്ധപ്പെട്ടത് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദ സന്ദേശമെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോർട്ടർ ടിവിയാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി അടുത്ത് നിൽക്കുന്ന പ്രമുഖ വ്യക്തികളെ രക്ഷിക്കാൻ ദീലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 'ഇത് ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാൻ രക്ഷിച്ച് കൊണ്ടു പോയതാണ്'- എന്നാണ് ദിലീപിന്റേത് എന്ന പേരിൽ റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷണത്തിൽ പറയുന്നത്. അവരെ രക്ഷിച്ച് കൊണ്ടുപോയിട്ടാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. ഈ കേസ് ആലോചിക്കുമ്പോൾ എന്നോട് തന്നെ സ്വയം വെറുപ്പ് തോന്നിയെന്നും റിപ്പോർട്ടർ പുറത്ത് വിട്ട സംഭാഷണത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ ഈ ശബ്ദ സംഭാഷണങ്ങളും പിന്നീട് വന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തിൽ ആലുവയിലെ വസതിയിൽ നടന്ന ചില ചർച്ചകളുടെ റെക്കോർഡുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതാണ് റിപ്പോർട്ടർ ടിവി അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണ സാധ്യതകൾ പ്രോസിക്യൂഷൻ തേടുന്നുണ്ട്.
നടിയെ അക്രമിച്ച കേസിൽ ഒരു സ്ത്രീക്ക് കൂടി നിർണ്ണായക പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്ത് വന്നത്. 'ബൈജു ഭായി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ ചർച്ച നടന്ന അതേ ദിവസം തന്നെയാണ് നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈകകളിൽ ഒരു വി ഐ ബി എത്തിച്ചതെന്നായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ് തുടങ്ങിയവും അന്ന് ആലുവയിലെ വസതിയിലുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞതായി ചാനൽ റിപ്പോർട്ടർ ഓഡിയോ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കുന്നുണ്ട്.
ഒരു ദിവസത്തെ പല സംഭാഷണങ്ങളിൽ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകൾ കേസ് അന്വേഷണത്തിൽ നിർണ്ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോർഡറിലുള്ളത്. പൾസർ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതിൽ പറയുന്നത്. അതുപോലെ തന്നെ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന തരത്തിൽ അനൂപ് സംസാരിക്കുന്നതായും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. 'ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ അവന് കൊടുക്കുമായിരുന്നു' എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു'- റിപ്പോർട്ടർ ലേഖൻ പറയുന്നു. ബാലചന്ദ്രകുമാർ തന്നെയാണ് ഈ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തത്. ഇതിന്റെ കോപ്പികൾ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈമാറിയിട്ടുണ്ട്.
മൂന്നാമതായി പുറത്ത് വിട്ട ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുന്നതാണ് കേൾക്കാൻ കഴിയുന്നത്. 'കൈയിൽ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവിൽ ഇല്ലാതെ ദിലീപിന്റെ ചെലവിൽ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ' എന്നാണ് റെക്കോർഡറിൽ പറയുന്നത്. ദിലീപ് ക്രൈംചെയ്താൽ കണ്ടുപിടിക്കാൻ പാടാണെന്ന്' ആത്മവിശ്വാസത്തോടെ പറയുന്നതാണ് നാലാമത്തെ ശബ്ദ സംഭാഷണങ്ങൾ. കേസുമായി ബന്ധപ്പെട്ട് 84 ദിവസം റിമാൻഡിൽ കിടന്ന് പുറത്ത് വന്നതിന് ശേഷമാണ് ഈ സംഭാഷണങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭാഷണങ്ങൾക്ക് താൻ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നതായി റിപ്പോർട്ടർ ടിവി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ