കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതിക്ക് അംഗീകരിക്കേണ്ടി വരും. ക്രിമിനൽ നടപടി ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തുവന്നാൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്. ഇത് കോടതിയും അംഗീകരിക്കാറാണ് പതിവ്.

കേസിൽ തുടക്കം മുതൽ വിചാരണക്കോടതിയും പ്രോസിക്യൂഷനും അഭിപ്രായ ഭിന്നതയിലാണ്. ഈ സാഹചര്യത്തിലാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നത്. ജനുവരി 4നു ഹർജി പരിഗണിക്കുമ്പോൾ കോടതിക്ക് ആവശ്യം അംഗീകരിക്കേണ്ടി വരും. ഇതിനൊപ്പം ഈ കേസിൽ നിന്നും ജഡ്ജി ഹണി വർഗ്ഗീസ് മാറാനും സാധ്യത ഏറെയാണ്. ജഡ്ജിക്ക് പ്രമോഷൻ കിട്ടിയിട്ടും ഈ കേസിന്റെ വിചാരണയ്ക്ക് വേണ്ടിയാണ് എറണാകുളത്തെ കോടതിയിൽ അവർ തുടരുന്നത്.

ഹൈക്കോടതി നിർദേശപ്രകാരം 2022 ഫെബ്രുവരി 16നു മുൻപു കേസിന്റെ വിചാരണ പൂർത്തിയാക്കേണ്ടതിനാൽ സാക്ഷി വിസ്താരം എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ഈ കേസിലെ രണ്ടാമത്തെ സ്‌പെഷൽ പ്രോസിക്യൂട്ടറും കോടതിയുടെ നിലപാടുകളിലുള്ള അതൃപ്തി പ്രകടിപ്പിച്ചു രാജിവച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പകരം സംവിധാനം ഒരുക്കാൻ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നിർദേശിച്ചിട്ടുണ്ട്. അതിനിടെ വിചാരണ നിർത്താനുള്ള തീരുമാനം ഉണ്ടായാൽ അതിനെതിരെ ദിലീപ് മേൽകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ഇതേസമയം തന്നെ വിചാരണ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷയും ഇതേ കോടതിയുടെ പരിഗണനയിലെത്തി. എല്ലാ അർത്ഥത്തിലും വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കമാണ് ഇത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ഇക്കാര്യങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്റെ വിചാരണ നിർത്തിവെയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്റെ അപേക്ഷയിൽ പറയുന്നു.

അതേസമയം, പ്രോസിക്യൂഷന്റെ അപേക്ഷയിൽ വിചാരണ കോടതിയുടെ തീരുമാനം കേസിൽ ഏറെ നിർണായകമാകും. നിലവിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. മാത്രമല്ല, ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവും നിലനിൽക്കുന്നുണ്ട്. കേസിൽ ഒരു സ്ത്രീ ബന്ധപ്പെട്ടത് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദ സന്ദേശമെന്ന് അവകാശപ്പെട്ടുകൊണ്ട് റിപ്പോർട്ടർ ടിവിയാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി അടുത്ത് നിൽക്കുന്ന പ്രമുഖ വ്യക്തികളെ രക്ഷിക്കാൻ ദീലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

'ഇത് ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാൻ രക്ഷിച്ച് കൊണ്ടു പോയതാണ്'- എന്നാണ് ദിലീപിന്റേത് എന്ന പേരിൽ റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷണത്തിൽ പറയുന്നത്. അവരെ രക്ഷിച്ച് കൊണ്ടുപോയിട്ടാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. ഈ കേസ് ആലോചിക്കുമ്പോൾ എന്നോട് തന്നെ സ്വയം വെറുപ്പ് തോന്നിയെന്നും റിപ്പോർട്ടർ പുറത്ത് വിട്ട സംഭാഷണത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ ഈ ശബ്ദ സംഭാഷണങ്ങളും പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തിൽ ആലുവയിലെ വസതിയിൽ നടന്ന ചില ചർച്ചകളുടെ റെക്കോർഡുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതാണ് റിപ്പോർട്ടർ ടിവി അവകാശപ്പെടുന്നത്

നടിയെ അക്രമിച്ച കേസിൽ ഒരു സ്ത്രീക്ക് കൂടി നിർണ്ണായക പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്ത് വന്നത്. 'ബൈജു ഭായി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ ചർച്ച നടന്ന അതേ ദിവസം തന്നെയാണ് നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈകകളിൽ ഒരു വി ഐ ബി എത്തിച്ചതെന്നായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരിയുടെ ഭർത്താവ് സുരാജ് തുടങ്ങിയവും അന്ന് ആലുവയിലെ വസതിയിലുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞതായി ചാനൽ റിപ്പോർട്ടർ ഓഡിയോ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസത്തെ പല സംഭാഷണങ്ങളിൽ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകൾ കേസ് അന്വേഷണത്തിൽ നിർണ്ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോർഡറിലുള്ളത്. പൾസർ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതിൽ പറയുന്നത്. അതുപോലെ തന്നെ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന തരത്തിൽ അനൂപ് സംസാരിക്കുന്നതായും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

'ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ അവന് കൊടുക്കുമായിരുന്നു' എന്ന് ദിലീപ് പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു'- റിപ്പോർട്ടർ ലേഖൻ പറയുന്നു. ബാലചന്ദ്രകുമാർ തന്നെയാണ് ഈ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തത്. ഇതിന്റെ കോപ്പികൾ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈമാറിയിട്ടുണ്ട്. മൂന്നാമതായി പുറത്ത് വിട്ട ശബ്ദരേഖയിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സുരാജ് പൾസർ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുന്നതാണ് കേൾക്കാൻ കഴിയുന്നത്. 'കൈയിൽ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവിൽ ഇല്ലാതെ ദിലീപിന്റെ ചെലവിൽ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ' എന്നാണ് റെക്കോർഡറിൽ പറയുന്നത്.

ദിലീപ് ക്രൈംചെയ്താൽ കണ്ടുപിടിക്കാൻ പാടാണെന്ന്' ആത്മവിശ്വാസത്തോടെ പറയുന്നതാണ് നാലാമത്തെ ശബ്ദ സംഭാഷണങ്ങൾ. കേസുമായി ബന്ധപ്പെട്ട് 84 ദിവസം റിമാൻഡിൽ കിടന്ന് പുറത്ത് വന്നതിന് ശേഷമാണ് ഈ സംഭാഷണങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭാഷണങ്ങൾക്ക് താൻ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നതായി റിപ്പോർട്ടർ ടിവി പറയുന്നു.