- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാത്തിനും കാരണം ബൈജു പൗലോസിന്റെ ദോഷൈകദൃക്കായ സത്യന്ധമല്ലാത്ത മനസ്സ്; ബാലചന്ദ്രകുമാറിനുള്ളത് ഡേറ്റ് നൽകാത്തതിലെ പക; ക്രിസ്മസ് ദിന അഭിമുഖത്തിൽ പറയുന്നത് പരാതി മുഖ്യമന്ത്രിക്ക് നൽകിയെന്ന്; സിഎമ്മിന് കൊടുത്തത് 28നും; ദിലീപ് എന്ന ഗോപാലകൃഷ്ണൻ കടന്നാക്രമിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോയെ; ഇനി നിർണ്ണായകം കോടതിയുടെ മനസ്സ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിൽ ദിലീപ് കാണുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ ഗൂഢാലോചന. വിചാരണയിലെ ക്രോസ് വിസ്താരം ഒഴിവാക്കാനുള്ള തന്ത്രമാണ് ബൈജു പൗലോസിന്റേതെന്ന് പറയുകയാണ് ദിലീപ്. ജനുവരി ഒന്നിനാണ് ദീലീപ് പൊലീസ് മേധാവിക്ക് പരാതി കൊടുത്തത്. ഏഴു പേജുള്ള പരാതിയിൽ നിറയുന്നത് ബൈജു പൗലോസിനെതിരായ കുറ്റാരോപണമാണ്. റിപ്പോർട്ടർ ടിവിയ്‌ക്കെതിരേയും ഗുരുതര പരാമർശങ്ങളുണ്ട്. കോടതി സമക്ഷമുള്ള വിഷയത്തിൽ റിപ്പോർട്ടർ ടിവിയും ഗൂഢാലോചനയുടെ ഭാഗമായെന്നാണ് ദിലീപിന്റെ ആരോപണം. മറ്റൊരു മാധ്യമത്തേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നുമില്ല.
ക്രിസ്മസ് ദിനത്തിലെ അഭിമുഖത്തിൽ പറയുന്നത് പരാതി മുഖ്യമന്ത്രിക്ക് നൽകിയെന്നാണ്. എന്നാൽ പരാതി സിഎമ്മിന് കൊടുത്തത് 28നാണ്. ഏതൊരു പൗരനേയും പോലെ കേസിനെ കുറിച്ച് ബാലചന്ദ്രകുമാറിനും അറിയാം. അതുകൊണ്ട് തന്നെ ആക്ഷേപമുണ്ടെങ്കിൽ സമീപിക്കേണ്ടത് വിചാരണ കോടതിയെ ആയിരുന്നു. എന്നാൽ മാധ്യമത്തിന് മുന്നിൽ കഥ അവതരിപ്പിക്കാനായിരുന്നു തീരുമാനം. നേരിട്ട് കോടതിയിൽ എത്തിയാൽ പരാതിയെ ജ്യുഡീഷ്യറിയെ കാര്യമായെടുക്കില്ലെന്ന ബോധത്തിൽ നിന്നായിരുന്നു ഇത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന് പിന്നിൽ ബൈജു പൗലോസിന്റെ ദോഷൈകദൃക്കായ സത്യന്ധമല്ലാത്ത മനസ്സാണെന്നും പറയുന്നു. ഗോപാലകൃഷ്ണൻ അറ്റ് ദിലീപ് എന്ന പേരിലാണ് ബൈജു പൗലോസിനെ കടന്നാക്രമിച്ച് ദിലീപ് പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്.
വിചാരണ കോടതിയുടെ നടപടികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ടിവിയിൽ അഭിമുഖം വന്നത്. ഈ വിചാരണയിൽ മിക്കവാറും എല്ലാ ദിവസവും ബൈജു പൗലോസ് എത്തിയിരുന്നു. അതുകൊണ്ട് തന്നെ ബൈജു പൗലോസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം തയ്യാറാക്കലും മറുപടി നൽകലുമുണ്ടായതെന്ന് ദിലീപ് ആരോപിക്കുന്നു. കെട്ടിച്ചമച്ചതാണ് ആ അഭിമുഖം. നിരവധി റിഹേഴ്‌സലിന് ശേഷമാണ് ആ അഭിമുഖം ചിത്രീകരിച്ചതെന്നും ദീലീപ് ആരോപിക്കുന്നു. ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടികൾ എടുക്കണമെന്ന ആവശ്യം താനുന്നയിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ദിലീപ് പറയുന്നുണ്ട്. ഈ കേസിൽ ഇനി കോടതിയുടെ നിലപാടാകും നിർണ്ണായകം.
ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വിചാരണ അട്ടിമറിക്കുന്നതിനായാണിത്. പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതെന്നും പരാതിയിലുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ്. ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണം. തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ പറയുന്നു.
ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായതാണ്. ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നത്. വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ച് കഴിഞ്ഞു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂ. സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്. ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് രംഗങ്ങൾ കണ്ടതിന് താൻ സാക്ഷിയാണെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനിടെയാണ് ദിലീപ് പരാതിയുമായി എത്തുന്നത്. അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു.
മറുനാടന് മലയാളി ബ്യൂറോ