- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജു പൗലോസിനേയും പൾസർ സുനിയേയും വകവരുത്താൻ ഗൂഢാലോചനയെന്നും ആരോപണം; പുറത്തു വരുന്ന ശബ്ദരേഖകളിൽ എല്ലാം അന്വേഷണം നടത്തും; വിഐപിയ്ക്കൊപ്പം നടന്റെ അനുജനും അളിയനും സംശയ നിഴലിൽ; സുനിയെ ചോദ്യം ചെയ്ത ശേഷം താരത്തെ വിളിച്ചു വരുത്തും; ദീലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സാധ്യത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. അടുത്ത തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ മിക്കവാറും എല്ലാ സാക്ഷികളേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചില പ്രതികളിൽ നിന്ന് കൂടി വിവരങ്ങൾ തേടും. തുടർ അന്വേഷണത്തിന് കോടതി അനുമതി നൽകുമെന്നും വിചാരണ നീട്ടിവയ്ക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാൽ കേസിൽ പുതിയ പ്രതികൾ വരാനും സാധ്യതയുണ്ട്.
അന്വേഷണംനടത്തി 20-നകം റിപ്പോർട്ട് നൽകാൻ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാറിന്റേതായി പുറത്തുവന്നത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവെച്ച കവറിൽ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയിൽ അപേക്ഷനൽകിയിട്ടുണ്ട്.
ദിലീപിന്റെ സഹോദരനേയും സഹോദരി ഭർത്താവിനേയും സംശയത്തിൽ നിർത്തുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ അവരേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രഹസ്യ കേന്ദ്രത്തിൽ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ആലോചന. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെയാണ് ദിലീപ് ഈ ഘട്ടത്തിൽ ഗൂഢാലോചന കാണുന്നത്. ബാലചന്ദ്രകുമാറിന് പിന്നിൽ ബൈജു പൗലോസാണെന്ന് ദിലീപ് ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്വേഷണ സംഘം നീങ്ങാൻ ഇടയുള്ളൂ. ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് കോടതി നിലപാട് പറയും. ഇതും പരിശോധിച്ചാകും അന്വേഷണ സംഘം തീരുമാനങ്ങളിലേക്ക് കടക്കൂ.
ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചാൽ ദിലീപിന് ഹാജരാകേണ്ടി വരും. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കാൻ പോലും സാധ്യത തെളിയും. അതിനാൽ അന്വേഷണ സംഘത്തിന് മുന്നിലെത്തി ആരോപണങ്ങൾ നിഷേധിക്കുകയാകും ദിലീപിന്റെ തന്ത്രം. ഇത് തന്നെയാണ് പൊലീസും പ്രതീക്ഷിക്കുന്നത്. ഹൈക്കോടതിയിലെ ഹർജിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിചാരണ കോടതിയുടെ നിലപാട് തുടരന്വേഷണത്തിൽ അതിനിർണ്ണായകമാകും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ കൂടുതൽ വെളിപ്പെടുത്തലുള്ള ശബ്ദരേഖ പുറത്തുവിട്ടു റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു അന്വേ്വഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പൾസർ സുനിയെയും വകവരുത്താൻ ദീലിപ് പദ്ധതിയിട്ടതിനു തെളിവുണ്ടെന്ന രീതിയിലാണു ശബ്ദരേഖ പുറത്തുവിട്ടത്. ദിലീപിന്റെയും ഇപ്പോഴും അജ്ഞാതനായ വി.ഐ.പിയുടെയും ശബ്ദരേഖയെന്നാണു പറയുന്നത്.ദിലീപിന്റെ സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവർ സംസാരിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥർമാർ അനുഭവിക്കുമെന്നു ദിലീപ് പറയുന്നതു ശബ്ദരേഖയിൽ കേൾക്കാം.
ദിലീപ് ജാമ്യത്തിലിറങ്ങിയശേഷം തന്നെ അറസ്റ്റ്ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ സ്‌ക്രീനിൽ പോസ് ചെയ്ത് അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കുമെന്നു ദിലീപ് പറഞ്ഞതിനു താൻ സാക്ഷിയാണെന്നു നടനെതിരേ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ പ്രോസിക്യൂഷൻ സി.ജെ.എം. കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ അടുത്ത ദിവസം തന്നെ പരിഗണിച്ച് സി.ജെ.എം. കോടതി മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും.
പൾസർ സുനിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. താൻ പലതവണ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നു സുനി മൊഴി നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിൽവച്ചു താൻ കണ്ടിട്ടുണ്ടെന്നു സുനി അഭിഭാഷകനോടു വെളിപ്പെടുത്തി. ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടെന്നും ഒരു വി.ഐ.പി. കേസിൽ ഇടപെട്ടിട്ടുണ്ടെന്നും ബാലചന്ദ്രനും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വി.ഐ.പ.ി ആരാണെന്നുമാത്രം വെളിപ്പെടുത്തിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ