- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ക്ഷണിച്ചത്; ഭയവും സങ്കടവും തോന്നി ദൃശ്യങ്ങൾ കണ്ടില്ലെങ്കിലും ഉള്ളിൽ ദിലീപിനോടു തോന്നിയ അമർഷം കാരണം സ്വന്തം ടാബിൽ ശബ്ദം റിക്കോർഡ് ചെയ്തു! ഓഡിയോ ഇരട്ടിപ്പിച്ച സ്റ്റുഡിയോവിൽ അന്വേഷണം; ആ ദൃശ്യങ്ങൾ ചോർത്തിയത് ആര്? നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്
കൊച്ചി: അതീവ രഹസ്യമായി സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ച നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന് സൂചന. പ്രോസിക്യൂഷന്റെ കൈയിൽ മാത്രമുണ്ടെന്ന് കരുതുന്ന ദൃശ്യങ്ങളുടെ ഓഡിയോ ദിലീപിന്റെ സുഹൃത്തായ ബാലചന്ദ്രകുമാറിന്റെ കൈയിലുമുണ്ട്. ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവായി ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ പ്രധാന തെളിവ് പീഡന സമയത്തെ ഓഡിയോ ആണ്. ഈ ഓഡിയോ ബാലചന്ദ്രകുമാറിന്റെ കൈയിൽ എങ്ങനെ കിട്ടിയെന്നത് അതിനിർണ്ണായകമാണ്. ഇക്കാര്യത്തിൽ കോടതി എടുക്കുന്ന നിലപാടുകൾ പുനരന്വേഷണത്തിന്റെ സാധ്യതയിൽ നിർണ്ണായകമാകും.
ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോയെക്കുറിച്ചുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം തെളിയിക്കാനായാൽ ദിലീപിന് അത് തിരിച്ചടിയാകും. അല്ലാത്ത പക്ഷം ഈ ഓഡിയോ പൊലീസുകാർ ബാലചന്ദ്രകുമാറിന് നൽകിയതാണെന്ന ആരോപണം ഉയരും. അതുകൊണ്ട് തന്നെ കേസിൽ ഇനിയുള്ള ഓരോ ദിവസവും നിർണ്ണായകമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ബാലചന്ദ്രകുമാറിനെ അവതരിപ്പിച്ചതെന്ന പരാതി ദിലീപ് മുഖ്യമന്ത്രിക്ക് അടക്കം നൽകിയിട്ടുണ്ട്.
കേസിൽ പുനർവിചാരണയ്ക്കാണ് പ്രോസിക്യൂഷൻ ശ്രമം. ഇതിനെതിരായ പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ചോർന്നുവെന്ന തരത്തിലെ സൂചനകൾ പുറത്തു വരുന്നത്. കോടതി ആർക്കും നൽകരുതെന്ന് പറഞ്ഞ ദൃശ്യങ്ങൾ പുറത്തു പോയി എന്നത് അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ബാലചന്ദ്രകുമാറിന്റെ മൊഴി പുനരന്വേഷണ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.
കേസിലെ ഒന്നാംപ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ മുന്നിലിരുന്നു കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി്. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ വിഡിയോയിലെ ശബ്ദത്തിനു വ്യക്തത കുറവായിരുന്നതിനാൽ അത് സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർഥ ശബ്ദത്തിന്റെ 20 ഇരട്ടി വർധിപ്പിച്ചാണു ദിലീപും സംഘവും ദൃശ്യങ്ങൾ കണ്ടതെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി.
'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ദിലീപ് തന്നെ ക്ഷണിച്ചതെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നുണ്ട്. ഭയവും സങ്കടവും തോന്നിയിട്ടാണു ദൃശ്യങ്ങൾ കാണാൻ തയാറാവാതിരുന്നതെങ്കിലും ഉള്ളിൽ ദിലീപിനോടു തോന്നിയ അമർഷം കാരണം സ്വന്തം ടാബിൽ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം അതേപടി റെക്കോർഡ് ചെയ്തു സൂക്ഷിച്ചതായാണു മൊഴി.
ഈ ശബ്ദത്തിന്റെ പകർപ്പു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ദുബായിൽ നിന്നു നാട്ടിലെത്തിയ ഒരാളാണു തന്റെ സാന്നിധ്യത്തിൽ ഈ ദൃശ്യങ്ങളുണ്ടായിരുന്ന ടാബ് ദിലീപിനു കൈമാറിയതെന്നും അയാളുടെ പേര് അറിയില്ലെങ്കിലും വീണ്ടും കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ചില ചിത്രങ്ങൾ കാട്ടി ആളെ തിരിച്ചറിയാൻ പറ്റുമോ എന്ന് പരിശോധിക്കും. ആലുവയിലെ ദിലീപിന്റെ സുഹൃത്തായ രാഷ്ട്രീയക്കാരൻ വിവാദ സമയത്ത് ഗൾഫിൽ പോയിരുന്നു. ഇത് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ മറ്റ് തെളിവുകൾ അനിവാര്യമാണ്.
നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി ജീവനു ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടി. സുനി 2018ൽ അമ്മയ്ക്ക് എഴുതിയതെന്നു പറയപ്പെടുന്ന കത്തു പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണിത്. ദിലീപിനെതിരെയുള്ള ആരോപണങ്ങളാണു കത്തിലുള്ളത്. മകന്റെ ജീവനു ഭീഷണിയുള്ളതിനാലാണു കത്തു പുറത്തുവിട്ടതെന്നാണ് അമ്മ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ