കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയിൽ വിഐപിയെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടെന്ന് റിപ്പോർട്ട്. എന്നാൽ ഈ വിഐപിയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യില്ല. ദിലീപിനെ അറസ്റ്റ് ചെയ്ത് മൊഴി എടുത്ത ശേഷമേ വിഐപിക്ക് പുറകേ പൊലീസ് പോകൂ. എറണാകുളം മജിസ്‌ട്രേട്ട് രണ്ടാം കോടതിയിൽ ഇന്നലെയാണ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30നു തുടങ്ങിയ മൊഴിയെടുപ്പ് 7.30നാണ് അവസാനിച്ചത്.

സാക്ഷി വിസ്താരം പൂർത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തലുകൾ അവഗണിക്കാൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹർജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകൾ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി തീരുമാനം നിർണ്ണായകമാകും.

ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) കോടതി വരാന്തയിൽ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സൽ കണ്ടെത്താൻ അന്വേഷണസംഘം പ്രതി കഴിയുന്ന ജയിൽമുറിയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് ദിലീപിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് തീരുമാനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുൻകൂർ ജാമ്യ ഹർജിയിലും പൊലീസ് ഇക്കാര്യമെല്ലാം അറിയിക്കും. കോടതി ജാമ്യം നിഷേധിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.

വിഐപിയെ കണ്ടെത്തണമെങ്കിൽ ദിലീപിനെ ചോദ്യം ചെയ്‌തേ മതിയാകൂവെന്ന നിലപാട് പൊലീസ് ഹൈക്കോടതിയിൽ എടുക്കും. അതിന് ബാലചന്ദ്രകുമാറിന്റെ മൊഴി നിർണ്ണായകമാണ്. ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ 'ശരത് അങ്കിൾ' വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വിഐപിയുടെ പേര് ബാലചന്ദ്രകുമാർ പുറത്തു പറയാൻ മടിക്കുന്നതാണെന്നും വിലിയിരുത്തുന്നു. മന്ത്രിയെ ഫോണിൽ വിളിച്ച് അന്ന് എഡിജിപിയായിരുന്ന സന്ധ്യയെ അന്വേഷണത്തിൽ നിന്നും മറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും വിഐപിയ്‌ക്കെതിരെ ഉയരുന്നുണ്ട്.

'നടിയെ പീഡിപ്പിച്ച കേസിൽ സിനിമാമേഖലയിൽനിന്നു കൂടുതൽ സാക്ഷികളുണ്ടാകും. ദിലീപിനെ പരിചയപ്പെട്ടതു മുതലുള്ള വിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തി. പ്രതിഭാഗത്തുനിന്നുള്ള ഭീഷണി ഇപ്പോഴുമുണ്ടെന്ന് ബാലചന്ദ്രകുമാർ പ്രതികരിക്കുകയും ചെയ്തു. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എറണാകുളം സി.ജെ.എം. കോടതിയാണ് നിർദ്ദേശിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനു മുന്നിൽ ബാലചന്ദ്ര കുമാർ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.

ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താൻ ദക്സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.