- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ്കുകളുടേയും പെൻ ഡ്രൈവുകളുടേയും ശാസ്ത്രീയ പരിശോധന നിർണ്ണായകമാകും; ലക്ഷ്യം ദൃശ്യങ്ങളുണ്ടെങ്കിൽ അത് വീണ്ടെടുക്കൽ; തോക്ക് കിട്ടിയിരുന്നുവെങ്കിൽ നടൻ അക്ഷരാർത്ഥത്തിൽ കുടുങ്ങിയേനേ; തെളിവുകൾ പത്മസരോവരത്തിൽ നിന്ന് നീക്കിയോ? ദിലീപിന്റെ അറസ്റ്റിൽ തീരുമാനം ഇന്ന്; കോടതി തീരുമാനം നിർണ്ണായകം
കൊച്ചി: നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയോ എന്ന് ഇന്ന് അറിയാം. ഹൈക്കോടതിയിൽ ദിലീപിന്റെ മുൻകൂർ ജാമ്യവാദത്തിനിടെ പൊലീസ് എന്തു പറയുമെന്നതാണ് നിർണ്ണായകം. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തിയതടക്കം നിർണ്ണായകമായ പലതും പൊലീസ് ചെയ്തു. അന്വേഷണവുമായി ദിലീപും കുടുംബവും സഹകരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായിരുന്നു ഇതെല്ലാം. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയാൽ ഇന്ന് ദിലീപിന്റെ അറസ്റ്റിൽ പൊലീസ് തീരുമാനം എടുക്കും.
കംപ്യൂട്ടർ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനു വേണ്ടിയാണ് നടൻ ദിലീപിന്റെ വീട്ടിൽ പൊലീസ് മിന്നൽ പരിശോധനയ്‌ക്കെത്തിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന.
ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമ്മാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോൾ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉൾപ്പടെയുള്ള സംഘം അകത്തു കടന്നു. തുടർന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥർ എല്ലാവരും അകത്തു കടന്നു. പിന്നീടു സഹോദരി എത്തി വീടു തുറന്നുനൽകി. പിന്നീട് ദിലീപും എത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പൾസർ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന. ജാമ്യം നിഷേധിച്ചാൽ ദിലീപ് അറസ്റ്റിലാകുമെന്ന് ഉറപ്പാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ മുന്നിൽ വച്ചു കണ്ടെന്നും കാണാൻ ക്ഷണിച്ചെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉൾപ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തൽ ഉണ്ടാകുകയും ഇതിന്റെ ഓഡിയോ ഉൾപ്പടെയുള്ള വിവരങ്ങൾ സംവിധായകൻ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്.
പരിശോധനയിൽ പ്രധാനപ്പെട്ട ലക്ഷ്യം തോക്കായിരുന്നു. എന്നാൽ ഇത് ദിലീപിന്റെ വീട്ടിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് മൊഴി. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. സുപ്രധാനതെളിവുകൾ ലഭിച്ചാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കും. ദിലീപിന്റെ മൊബൈൽഫോൺ വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം അറിയിക്കണമെന്ന് അഭിഭാഷകർ അറിയിച്ചു. ഈ കാര്യം എഴുതിനൽകിയാണ് ഫോൺ ഏറ്റെടുത്തത്. സിംകാർഡുകൾ ദിലീപിന് തിരികെക്കൊടുത്തു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കും അന്വേഷണസംഘം തിരഞ്ഞു. ദിലീപിന്റെപേരിൽ തോക്കിന് ലൈസൻസില്ലെന്നാണ് സൂചന. റെയ്ഡിൽ തോക്ക് കണ്ടെടുക്കാനായിട്ടുമില്ല.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഹാർഡ് ഡിസ്‌കുകളുടെയും പെൻഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാകും. ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിൽ ഈ ദൃശ്യങ്ങൾ എത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. ഇതാണ് ഇവിടെയും പരിശോധന നടന്നത്. ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ