കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തേടി ദിലീപ് വീണ്ടും കോടതിയിൽ. നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട് ദിലീപ് ഹർജി നൽകി. വിചാരണ കോടതിയിൽ ദിലീപ് പുതിയ ഹർജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ലക്ഷ്യമിട്ടാണ് പുതിയ ഹർജി.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ നിലപാട്. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ ചുമത്തിയ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഉച്ചക്ക് ഒന്നേമുക്കാലിനു പരിഗണിക്കും. ദിലീപിന്റെ മുൻകൂർജാമ്യത്തെ കോടതിയിൽ ക്രൈം ബ്രാഞ്ച് എതിർക്കും. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഉണ്ടാകാൻ സാധ്യതയില്ല.

അതിനിടെ, ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന അവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലായിരുന്നു വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 9 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ 4 ഫോണും. 2 പെൻഡ്രൈവും ,2 ടാബും, 1 ഹാർഡ് ഡിസ്‌ക്കും ഉൾപ്പെടെയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.