- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നിഷേധിക്കാൻ ദിലീപ്; വീണ്ടെടുത്ത ഫോൺ തെളിവുകളിലൂടെ നടനെ കുടുക്കാൻ പൊലീസും; വീണ്ടും ആലുവ പൊലീസ് ക്ലബ്ബിലേക്ക് സിനിമാക്കാരുടെ കണ്ണുകൾ; നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം അന്തിമ ഘട്ടത്തിലേക്ക്; രാമൻപിള്ളയിൽ വിശ്വസിച്ച് ദിലീപ് ചോദ്യം ചെയ്യലിന്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ഇന്ന് അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുമ്പോൾ സിനിമാ ലോകവും വീണ്ടും ആകാംഷയിൽ. നടിയെ പീഡിപ്പിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകൻ പി.ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണു പുനരന്വേഷണത്തിനു വഴി തെളിച്ചത്. ഈ ചോദ്യം ചെയ്യലിൽ ഒന്നും സംഭവിക്കില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ നിലപാട്. രാമൻപിള്ളയുമായി വിശദ ചർച്ചകൾ നടത്തിയ ശേഷമാകും ദിലീപ് ചോദ്യം ചെയ്യലിന് എത്തുക.
കേസിൽ എട്ടാം പ്രതിയാണു ദിലീപ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിന്റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച തെളിവുകൾ നിർണ്ണായകമാകും. ആരോപണം എല്ലാം ദിലീപ് നിഷേധിക്കും. ഫോണുകളിൽ നിന്നു നശിപ്പിച്ചതായി കണ്ടെത്തിയ പല വാട്‌സാപ് ചാറ്റുകളും വോയ്‌സ് മെസേജുകളും ഫൊറൻസിക് വിദഗ്ധരുടെ സഹായത്താൽ വീണ്ടെടുത്തു. എന്നാൽ തന്റെ ഫോണിലെ ഒന്നും നശിപ്പിച്ചിട്ടില്ലെന്ന നിലപാട് ദിലീപ് എടുക്കും. അന്വേഷണ ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തും.
ബാലചന്ദ്രകുമാർ പൊലീസിനു കൈമാറിയ വിഡിയോ, ഓഡിയോ തെളിവുകൾ, ദിലീപ് മുംബൈയിലെ ലാബിൽ നിന്നു മായ്ച്ച 2 ഫോണുകളിലെ വിവരങ്ങൾ, ഹാക്കർ സായ്ശങ്കർ വിവരങ്ങൾ നശിപ്പിച്ച ഫോണുകളിൽ നിന്നു വീണ്ടെടുത്ത തെളിവുകൾ, സായ്ശങ്കർ അന്വേഷണ സംഘത്തിനു കൈമാറിയ വിവരങ്ങൾ തുടങ്ങി ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ. 14 പ്രതികളുള്ള കേസിന്റെ വിചാരണ അന്തിമഘട്ടത്തോട് അടുക്കവേ, ഹൈക്കോടതി വിധിയിലൂടെയാണ് പുനരന്വേഷണത്തിന് വഴിതുറന്നത്.
വിചാരണവേളയിൽ പ്രോസിക്യൂഷൻ വാദങ്ങളെ പ്രതിഭാഗം ശക്തമായി പ്രതിരോധിച്ചിരുന്നതിനാൽ അന്വേഷണ സംഘത്തിനും ഈ ചോദ്യംചെയ്യൽ നിർണായകമാണ്. ഏഴ് മൊബൈൽ ഫോണുകളുടെ ഫൊറൻസിക് റിപ്പോർട്ടുകളാണ് നിർണായക തെളിവാകുന്നത്. അതിൽ അഞ്ചെണ്ണം ദിലീപ് ഹൈക്കോടതിയിൽ പരിശോധനയ്ക്കായി നൽകി. ഇതിൽ രണ്ടെണ്ണം മുംബൈയിലെ സ്വകാര്യ ലാബിലേക്ക് തെളിവുകൾ നശിപ്പിക്കാൻ അയച്ചു എന്നാണ് ആരോപണം.
മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ട് ഈ രണ്ട് ഫോണുകളുടെ മിറർ ഇമേജ് അന്വേഷക സംഘം സംഘടിപ്പിച്ചിട്ടുണ്ട്. ഏഴു ഫോണുകളുടെയും ഫോറൻസിക് റിപ്പോർട്ടുകൾ പ്രത്യേകം ഫോൾഡറുകളിലായാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ചത്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറിന്റെ ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതും കേസിന്റെ തുടരന്വേഷണത്തിൽ നിർണായകമാകും.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി നടന്ന ചോദ്യംചെയ്യലിനു ശേഷമാണ് ദിലീപ് വീണ്ടും എത്തുന്നത്. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകൻ പി. ബാലചന്ദ്രകുമാർ നടത്തിയ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ പുനരന്വേഷണത്തിലേക്ക് എത്തിച്ചത്.
സിനിമാ മേഖലയിൽനിന്നുള്ളവരുടേതുൾപ്പെട്ട വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും ഈ ഫോണുകളിൽ നിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഫൊറൻസിക് വിദഗ്ദ്ധരുടെ സഹായത്താൽ തിരികെയെടുത്തിട്ടുണ്ട്. സായ് ശങ്കർ നശിപ്പിച്ച വിവരങ്ങളിൽ ചില കോടതിരേഖകളും ഉണ്ടായിരുന്നതായി ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.
2017-ഫെബ്രുവരി 17-നാണ് ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽവെച്ച് നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് രാജ്യത്ത് ആദ്യത്തേതായിരുന്നു. കേസിൽ ആദ്യം പൾസർ സുനിയും ഇയാളിലൂടെ ദിലീപും അറസ്റ്റിലായി. 85 ദിവസം ദിലീപ് ആലുവ സബ് ജയിൽവാസവും അനുഭവിച്ചു.
മറുനാടന് മലയാളി ബ്യൂറോ