കൊച്ചി: ആരെയും താൻ ഇതുവരെ ദ്രോഹിച്ചിട്ടില്ലെന്നും കാണാത്ത-കേൾക്കാത്ത കാര്യം എന്റെ തലയിലേക്ക് എടുത്ത് വെക്കാൻ സമ്മതിക്കില്ലെന്നും നടൻ ദിലീപ്. ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും വലിയ ഫ്രണ്ടസ് ആയിരുന്നു എന്ന് സംവിധായകൻ ലാൽ പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. റിപ്പോർട്ടൻ ചാനലിന്റെ എം വി നികേഷ്‌കുമാർ ഷോയിലാണ് ദിലീപിന്റെ പ്രതികരണം. നടിയും പൾസർ സുനിയുമായുള്ള ബന്ധത്തെ കുറിച്ച് ഈ ഷോയിൽ പറഞ്ഞത് വിവാദമായിരുന്നു.

മലയാള സിനിമയിൽ 21 വർഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കഥാപാത്രങ്ങളിലൂടെ കിട്ടിയ ഒരു സ്നേഹമാണ് , ജനങ്ങളുടെ മനസിലുള്ള ആ സ്നേഹമാണ് ഇവിടെ കളയാൻ ശ്രമിക്കുന്നത്. അത് ഞാൻ സമ്മതിക്കില്ല. എല്ലാ ഷൂട്ടിങ്ങും മാറ്റിവെച്ചിട്ട് ഇതിന്റെ അവസാനം കണ്ടിട്ടേയുള്ളു ഞാൻ. എന്തിനാണ് ഞാൻ ബലിയാടാകുന്നത്. ആർക്കുവേണ്ടിയിട്ടാണ്. ആരാണ് ഇതിന്റെ പിന്നിൽ? എന്ന് ദിലീപ് ചോദിക്കുന്നു.

സലിംകുമാർ അടക്കം പലരും പലകാര്യങ്ങളും മിണ്ടാത്തതാണ്. അവർക്കെല്ലാം ഇതിനെക്കുറിച്ച് വ്യക്തതയുണ്ടെന്ന് താരം പറയുന്നു. കേസിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരുന്നതിനായി താൻ ഏതറ്റം വരെയും പോകുമെന്നും ദിലീപ് പറഞ്ഞു. കാരണം ഇത് എന്റെ ആവശ്യമാണ്. ഒരു അച്ഛനെന്ന നിലയിൽ മകളുടെ മുന്നിൽ തെറ്റ് ചെയ്യാത്ത അച്ഛനാണെന്ന് തെളിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. പൊലീസിനൊപ്പം ഏത് അന്വേഷണത്തിനും ഒപ്പം നിൽക്കുകയാണ് ഞാൻ - ദിലീപ് പറഞ്ഞു.

ഒരു ഗൂഢാലോചന നടക്കുന്നു എന്നത് ഉറപ്പാണ്. അത് എന്നെ തകർക്കാനായുള്ള ഗൂഢാലോചനയാണ്. ആരാണ് അതിനു പിന്നിൽ എന്ന് എനിക്കറിയണം. ഞാൻ സിനിമയിൽ നിന്ന് മാറിനിൽക്കുന്നതുകൊണ്ട് ആർക്കാണ് ഗുണം? അങ്ങനെ എന്തെങ്കിലും ഗുണമുണ്ടെങ്കിൽ അവർ നേരിട്ടുവന്ന് പറയട്ടെ. ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ ഞാൻ മാറിനിൽക്കാം. എനിക്ക് മടിയില്ല - ദിലീപ് വ്യക്തമാക്കി.  

പൾസർ സുനി എന്ന ഒരു ക്രിമിനൽ പറയുന്നത് എല്ലാവർക്കും വേദവാക്യമാകുന്നു. ഇത്രയും കാലമായി പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്ന ഞാൻ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എല്ലാവരും എന്റെ മേക്കിട്ടുകയറുകയാണ്. എന്റെ തലയിലേക്ക് ഇതിന്റെ ഉത്തരവാദിത്തം എടുത്തുവയ്ക്കാൻ ഞാൻ സമ്മതിക്കില്ല. അതിനായി ഏത് അറ്റം വരെയും ഞാൻ പോകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏതുകൊച്ചുകുഞ്ഞിന്റെയും മുന്നിൽ മാപ്പുപറയുന്നയാളാണ് ഞാൻ. ഞാൻ നിരപരാധിയാണ്. ഞാൻ തെറ്റുചെയ്തിട്ടില്ല - ദിലീപ് പറയുന്നു.  

എല്ലാവരും കൂടി ഒരു ദിലീപുണ്ട്, ഇവിടെ ലോകത്ത് എവിടെ പെരുന്നാൾ ഉണ്ടായാലും ഒരാൾക്ക് കിടക്കപ്പൊറുതി ഇല്ലാ എന്ന് പറഞ്ഞുപോലെത്തെ അവസ്ഥയാണ് നടക്കുന്നത്. എന്ത് കണ്ടാലും ദിലീപ്, ദിലീപ് എന്ത് ന്യായം. ഞാൻ ഇത് സമ്മതിക്കില്ല. എന്റെ തലയിലേക്ക് ഇത് എടുത്തുവെക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ചെയ്യാത്ത ഒരു കുറ്റമാണ് എടുത്ത് വെക്കാൻ നോക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്. വെറുതെയൊന്നും എന്റെ തലയിൽ വെക്കാൻ ഞാൻ സമ്മതിക്കൂല്ലാ. - ദിലീപ് വ്യക്തമാക്കി.