തിരുവനന്തപുരം: ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ. തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ദിലീപിന്റെ ഡി സിനിമാസ് പൂട്ടിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ദിലീപിനെ പിന്തുണയ്ക്കാതെ സിനിമക്കാർ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ സിനിമ മേഖലയിൽ നിന്ന് ദിലീപിന് ലഭിക്കുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് സുരേഷ് കുമാറിന്റേത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തെ പിന്തുണച്ചവരിൽ പ്രധാനിയാണ് സുരേഷ് കുമാർ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സുരേഷ് കുമാർ കാവ്യ-ദിലീപ് വിവാഗത്തിലും പങ്കെടുത്തു. അതുകൊണ്ട് തന്നെ സിനിമയിലെ ചേരിപ്പോരിൽ സുരേഷിന്റെ പിന്തുണ ദിലീപിന് ആശ്വാസമാണ്.

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണ് ബന്ധം? താരവും ബിസ്സിനസ്‌കാരനും വിതരണക്കാരനുമായി ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്റെ പേരിൽ പൂട്ടിക്കാൻ മനഃപൂർവ്വം ശ്രമിക്കുകയാണ്. ഇത് എന്തിനെന്നും പിന്നിൽ ആരെന്നും കണ്ടെത്തണമെന്നും സുരേഷ് കുമാർ പറയുന്നു.

ദിലീപിനെതിരെ ഘോര ഘോരം പ്രസംഗിച്ച രാഷ്ട്രീയക്കാരെയും പീഡനക്കേസിൽ എംഎംഎൽഎ അറസ്റ്റിലായപ്പോൾ കണ്ടില്ല. ചാനലുകൾ കയറിയിറങ്ങി ദിലീപിനെ ചീത്ത വിളിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിൽ എന്തു വേണമെന്ന് സിനിമ സംഘടനകൾ പിന്നീടു ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനാ നേതാവാണ് സുരേഷ് കുമാർ. ദിലീപിന് പിന്നിൽ മലയാള സിനിമയെ അണിനിരത്തിയതിൽ പ്രധാന പങ്കും സുരേഷിനുണ്ട്.

നേരത്തെ മോഹൻലാലിനൊപ്പമായിരുന്നു സുരേഷ്. പതിയെ ദിലീപ് പക്ഷത്തേക്ക് മാറി. പൾസർ സുനിക്കെതിരെയും നിലപാട് സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു സുരേഷ് ചെയ്തിരുന്നത്.