കൊച്ചി: നടൻ ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്നും താരത്തിന് ഉദ്യോഗസ്ഥർ പ്രത്യേക ഭക്ഷണം വിളമ്പുന്നുവെന്നുമുള്ള സഹതടവുകാരന്റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പകൽ മുഴുവൻ ദിലീപ് ജയിൽ ഉദ്യോഗസ്ഥരുടെ മുറിയിലാണ് കഴിയുന്നത്. ഈ വിവരങ്ങൾ ആരും പുറത്ത് പറയാത്തത് മർദ്ദനം ഭയന്നാണെന്നും സഹതടവുകാരൻ വെളിപ്പെടുത്തിയിരുന്നു. ദിലീപിന് ജയിലിൽ യാതൊരു സൗകര്യവും നൽകുന്നില്ലെന്ന എഡിജിപി ശ്രീലേഖ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വകാര്യ ചാനലിനോട് സഹതടവുകാരന്റെ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ കണ്ടെത്തൽ തെറ്റാണെന്നും വിലയിരുത്തലെത്തി. എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്ന് ശ്രീലേഖ തന്നെ ഫെയ്‌സ് ബുക്കിലൂടെ വിശദീകരിച്ചു.

ഇത് കള്ള വാർത്തയാണ്. ഓഗസ്റ്റ് 2 മുതൽ 4 വരെ 2 ദിവസം മോഷണക്കുറ്റത്തിന് ആലുവാ ജയിലിൽ കിടന്നവന് ജൂലൈ 28ന് ജയിലിൽ സന്ദർശനം നടത്തിയ വകുപ്പ് മേധാവിയുടെ കണ്ടെത്തൽ തെറ്റാണെന്ന് പറയാൻ എങ്ങനെ കഴിയും? കള്ള വാർത്ത ഏഷ്യാനെറ്റ് പിൻവലിച്ചല്ലോ?-എന്നാൽ ശ്രീലേഖയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ആലുവ സ്വദേശിയായ സനൂപ് ഇക്കിഴഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. പത്തുവർഷം മുമ്പ് നടന്ന മോഷണക്കേസിലെ വാറന്റിൽ റിമാൻഡിലായി. രണ്ട് ദിവസം സബ് ജയിലിൽ ദിലീപിന് തൊട്ടടുത്തുള്ള സെല്ലിൽ ഉണ്ടായിരുന്നു. പകലൊന്നും ദിലീപ് സെല്ലിലില്ലെന്നാണ് സനൂപ് പറയുന്നത്. ജയിലധികൃതരുടെ മുറിയിലായിരിക്കും എപ്പോഴും. തടവുകാർക്കുള്ള ഭക്ഷണമല്ല ദിലീപിന്. ജയിൽ ജീവനക്കാർക്കുള്ള പ്രത്യേക ഭക്ഷണം ജീവനക്കാരുടെ മുറിയിൽ എത്തിച്ച് വിളമ്പുകയാണ്. ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ശ്രീലേഖയുടെ വാക്കുകൾ ശരിവയ്ക്കും വിധം ഈ വാർത്ത ഇപ്പോൾ ഏഷ്യാനെറ്റ് നൽകുന്നതുമില്ല.

ശ്രീലേഖയുടെ ജയിൽ സന്ദർശനവും റിപ്പോർട്ടും ആദ്യം വാർത്തയാക്കിയത് മറുനാടൻ മലയാളിയായിരുന്നു. ശ്രീലേഖ ജയിലിൽ പോയപ്പോൾ ദിലീപ് സെല്ലിൽ ഉറക്കത്തിലായിരുന്നു. പിന്നീട് ദിലീപിന്റെ അസുഖം പോലും തിരിച്ചറിയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഇതും ആദ്യം വാർത്തയാക്കിയത് മറുനാടനാണ്. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ജയിൽ ഡിജിപി ഇപ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. ഇതോടെ മറുനാടന്റെ ജയിൽ വാർത്തകളെല്ലാം ശരിയാണെന്ന സ്ഥിരീകരണവും വരികയാണ്.

രാത്രിയിൽ മാത്രമാണ് സെല്ലിനുള്ളിൽ കിടക്കാൻ ദിലിപെത്തുന്നതെന്ന് സഹതടവുകാർക്കിതറിയാം. പക്ഷേ മർദനം ഭയന്ന് പുറത്തുപറയില്ല ജയിലിലെ സിസിടിവി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സനൂപ് ഏഷ്യനെറ്റിനോട് പറഞ്ഞിരുന്നു. വലിയ ആവശ്യങ്ങൾ ഉന്നയിക്കാതെയും വിഐപി പരിഗണനയ്ക്ക് നടൻ ശ്രമിക്കാതെയുമാണ് ദിലീപ് ആദ്യം കഴിഞ്ഞിരുന്നതെങ്കിൽ, ഇപ്പോൾ കാര്യങ്ങൾ മാറിമറിയുവെന്നാണ് റിപ്പോർട്ട്. ദിലീപിന് അസുഖമാണെന്നും ക്ഷീണിതനാണെന്നും ജയിൽ അധികൃതർ പറയുമ്പോഴാണ് ഈ വെളിപ്പെടുത്തൽ. ചെവിയുടെ ബാലൻസ് പോകുന്ന രോഗമാണ് ദിലീപിനെന്നായിരുന്നു റിപ്പോർട്ട്. ഡോക്ടർമാർ ദിലീപിനെ പരിശോധിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ എത്തിയത്. അതുകൊണ്ട് തന്നെ ചർച്ചയുമായി.

റിമാൻഡ് പ്രതിയായതിനാൽ ജയിലിൽ ദിലീപിന് ജോലിയില്ല. അതിനാൽ വരുമാനവുമില്ല. ആഴ്ചയിൽ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിൻ ഫോണിൽ നിന്നും വിളിക്കാം. ആഴ്ചയിൽ പരമാവധി പതിനഞ്ച് മിനിറ്റ് ഫോണിൽ സംസാരിക്കാം. ഭാര്യ കാവ്യയോടും മറ്റും ഇങ്ങനെ സംസാരിക്കാനാകും. കാവ്യയോട് തന്നെ ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തയിൽ ഇത് വരാതിരിക്കാനാണ്. സെല്ലിലെ മറ്റ് തടവുകാരോട് അധികം അടുപ്പം പുലർത്തുന്നില്ലെന്നും സൂചനകൾ പുറത്തുവന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് ശ്രീലേഖ ഇപ്പോൾ വിശദീകരിക്കുന്നത്. ആരോഗ്യനില മോശമാണെന്ന വാദം ജാമ്യം ലഭിക്കാനുള്ള ദിലീപിന്റെ അടവാണെന്നാണ് മറ്റ് തടവുകാരുടെ ആരോപണം. ഇതിനിടെയാണ് ജയിലിലെ സഹതടവുകാരന്റെ റിപ്പോർട്ട് എത്തുന്നത്.

ആരോഗ്യനില വഷളാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് സഹിതം കോടതിയെ സമീപിക്കാനും അതുവഴി ജാമ്യം നേടാനുമുള്ള ശ്രമമാണ് നടൻ നടത്തുന്നതെന്നാണ് സഹതടവുകാരുടേയും ചില വാർഡന്മാരുടേയും ആരോപണം. കേസിൽ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം നൽകാനാണ് നീക്കം. നിലവിൽ 11-ാം പ്രതിയായ നടൻ ദിലീപ് പുതിയ കുറ്റപത്രത്തിൽ രണ്ടാം പ്രതിയാകും. പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവർ, തെളിവ് നശിപ്പിച്ചവർ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടാവുക. കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകൾ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം.