കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആദ്യം അങ്കമാലി സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതിയുടെ സ്വാധീനവും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് രജിസ്റ്റർ ചെയ്തതു കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മാനിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ, തനിക്കെതിരെ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താൻ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

കേസിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. ഈ കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഈ കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകും. പൾസർ സുനിയാകും ഒന്നാം പ്രതി. ജാമ്യ ഹർജി വീണ്ടും തള്ളുന്നത് ദിലീപിന് തിരിച്ചടിയാണ്. കുറ്റപത്രം നൽകിയാലും ദിലീപിന് ജാമ്യം അനുവദിക്കാൻ പ്രോസിക്യൂഷൻ സമ്മതിക്കില്ല. അതുകൊണ്ട് തന്നെ അനിശ്ചിതകാലത്തേക്ക് ജയിലിൽ കിടക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.

പീഡനദൃശ്യം പകർത്തിയ ഫോൺ കണ്ടെടുക്കണം, ഗൂഢാലോചനയിൽ പങ്കെടുത്തവരെ ഇനിയും കണ്ടെത്താനുണ്ടെന്നുമായിരുന്നു ദിലീപിന്റെ ജാമ്യം ഹർജിയെ എതിർത്ത് പ്രൊസിക്യൂഷൻ പ്രധാനമായും മുന്നോട്ടുവച്ച വാദം്. മുമ്പ് ജാമ്യ ഹർജി പരിഗണിച്ചപ്പോഴും ഈ വാദഗതിയിൽ ഊന്നിയായിരുന്നു പ്രൊസിക്യൂഷന്റെ പ്രതിരോധം. ഇത് വീണ്ടും കോടതി അംഗീകരിക്കുകയാണ്. മുദ്രവച്ച കവറിൽ ഹാജരാക്കിയ കൂടുതൽ തെളിവുകളും നിർണ്ണായകമായി. കേസിൽ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ ആധീകാരികതയാണ് പ്രധാനമായും പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ചോദ്യം ചെയ്തത്. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന രാമൻപിള്ളയുടെ വാദം കോടതി തള്ളി. കേസിൽ ദലീപിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിച്ചിട്ടില്ലന്നും നിരവധിപേരിൽ നിന്നും ലഭിച്ച മൊഴികളും സാഹചര്യത്തെളിവുകളും മാത്രം കണക്കിലെടുത്താണ് നടനെ അറസ്റ്റുചെയ്തതെന്നുമായിരുന്നു വാദം.

സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി. ദിലീപിനെതിരെ കൂടുതൽ ഗുരുതരമായ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പുതിയ വാദം. ദിലീപിനെ 'കിങ് ലയർ' ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷൻ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണിൽ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുമ്പ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. മൂന്നാംതവണ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ച അതേ ബെഞ്ചിൽ കഴിഞ്ഞ 11ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ടുതവണ മാറ്റിവച്ച അപേക്ഷ വെള്ളിയാഴ്ചയാണ് വാദം പൂർത്തിയാക്കി വിധി പറയാൻ ഇന്നത്തേക്കു മാറ്റിയത്. ഏറെ പ്രതീക്ഷയിലായിരുന്നു ദിലീപ്. പക്ഷേ ഹൈക്കോടതി പ്രതിഭാഗം വാദമുഖങ്ങളൊന്നും അംഗീകരിച്ചില്ല.

പ്രമുഖ അഭിഭാഷകൻ അഡ്വ. രാംകുമാർ മുഖേനയാണ് ദിലീപ് കോടതിയെ ആദ്യം സമീപിച്ചത്. മൂന്നാംതവണ കോടതിയിൽ ഹാജരായത് പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ബി. രാമൻപിള്ളയായിരുന്നു. ജാമ്യ ഹർജി തള്ളിയതോടെ രാമൻപിള്ളയുടെ നീക്കവും പൊളിഞ്ഞുവെന്ന വിലയിരുത്തലാണ് എത്തുന്നത്.