കൊച്ചി: മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനെ കടന്നാക്രമിച്ച ദിലീപല്ല ഇപ്പോഴുള്ളത്. പ്രകോപനപരമായ ചോദ്യങ്ങളെ ഒഴിവാക്കാൻ ദിലീപ് പഠിച്ചു കഴിഞ്ഞു. എന്നിട്ടും വെറുതെ വിട്ടില്ലെങ്കിലോ....? കൃത്യമായി മറുപടി നൽകും. അങ്ങനെ ദിലീപ് നൽകിയ ഉത്തരം വലിയ ചർച്ചയാവുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങൾ ലക്ഷ്യം വെച്ച് പിന്തുടരുന്നത് ദിലീപിനെയാണ്. ദിലീപിന്റെ സിനിമാ ജീവിതവും, കുടുംബ ജീവിതവും, ബിസ്സിനസ്സുകളുമുൾപ്പെടെ പലതും ചർച്ചായി. കേസിൽ ജാമ്യം കിട്ടി പുറത്തു വന്നിട്ടും ദിലീപ് ഒന്നിനോടും പ്രതികരിച്ചില്ല. ജാമ്യം റദ്ദാക്കാൻ പൊലീസ് പിറകെയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. ഇതിനിടെയാണ് പുതിയ സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി പോയപ്പോഴും സ്ഥിതി സമാനമായിരുന്നു. കാവ്യയും മകൾ മീനാക്ഷിയുമൊന്നിച്ചാണ് യാത്രയെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും, അമ്മയ്ക്കൊപ്പമായിരുന്നു യാത്ര.

ഈ യാത്രയിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുമായി കൂടി. മാറി മാറി ചോദിച്ചു. പക്ഷേ ഒന്നും പറഞ്ഞില്ല. ഇതിനിടെ മാധ്യമ പ്രവർത്തകരിലൊരാൾ 'കാവ്യയേയും മകളെയും കൂട്ടാതെ ദുബായിലേയ്ക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങൾക്കറിയാം, രക്ഷപ്പെട്ടെന്ന് കരുതേണ്ട, അവിടെയും നമ്മുടെ ആളുകളുണ്ട്' എന്നായിരുന്നു ഭീഷണി. ഇതോടെ ദിലീപ് മറുപടി പറഞ്ഞു. ഇതാണ് ഇപ്പോൾ ചർച്ചാ വിഷയം. ആ മറുപടി ഇങ്ങനെയായിരുന്നു.

'അനിയാ നിങ്ങളുടെ ആൾക്കാരെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റർവ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസിൽ മണിക്കൂറുകളോളം കാത്തിരിക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്. ഇപ്പോൾ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാൻ നോക്കണ്ട. ഇനി ഞാൻ പേടിക്കില്ല'. ഇത്രയും പറഞ്ഞശേഷം ദിലീപ് അമ്മയേയും കൂട്ടി നടന്നു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവാഹ വാർഷിക ആശംസ അറിയിക്കാൻ വിളിച്ച മാധ്യമപ്രവർത്തകനോട് കാവ്യ പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നെ കരയിപ്പിച്ച് നിങ്ങൾ വ്യൂവർഷിപ്പ് കൂട്ടേണ്ട എന്നായിരുന്നു കാവ്യയുടെ മറുപടി.

ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാനടത്തിന് പോകാൻ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുകയായിരുന്നു. ഇതിന് ശേഷം കാവ്യയും മകളുമൊത്ത് ദുബായിൽ പോകുമെന്നായിരുന്നു വാർത്ത. എന്നാൽ അമ്മയുമൊത്തായിരുന്നു യാത്ര. ഇതിനിടെ കാവ്യ ഗർഭിണിയാണെന്ന വാദവുമെത്തി. മംഗളമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് കൂടിയാണ് നെടുമ്പാശ്ശേരിയിൽ ദിലീപിനെ മാധ്യമങ്ങൾ വളഞ്ഞത്. എന്നാൽ സംയമനത്തോടെ ദിലീപ് കാര്യങ്ങൾ കൈകാര്യം ചെയ്തു. ദുബായിലും ദിലീപ് മാധ്യമങ്ങളെ കണ്ടില്ല.

ദിലീപ് ദുബായിലേക്ക് പോകുമ്പോൾ പൊലീസ് സംഘവും ദുബായിലെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദുബായിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഈ സാഹചര്യത്തിലായിരുന്നു ദിലീപ് ദുബായ് യാത്രയിൽ മാധ്യമങ്ങളെ പരമാവധി അകറ്റി നിർത്തിയതും.