- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി തീരുമാനവും നിർണ്ണായകമാകും; ശബ്ദം ഉറപ്പിച്ചത് നിർണ്ണായകമെന്ന് വിലയിരുത്തൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറും ഉടനെത്തും; ഇനിയുള്ള മണിക്കൂറുകളും ദിലീപിന് നിർണ്ണായകം
കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ചയോടെ സമർപ്പിക്കും. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിക്കേണ്ടതു വിചാരണക്കോടതിയാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗൂഢാലോചന കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയിൽ എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലിപിന്റെ 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായിരുന്നു. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. എന്നാൽ, കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മൂന്നാംദിനവും ദിലീപ്. ചില തെളിവുകൾ ചോദ്യം ചെയ്യലിൽ കിട്ടിയിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ചൊവ്വാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസൻ പ്രതകരിച്ചു.
ഇതിനിടെയാണ് തുടരന്വേഷണത്തിലെ തെളിവുകൾ ഹാജരാക്കാൻ വിചാരണക്കോടതി ഉത്തരവിട്ടത്. കേസിലെ ഒരു സാക്ഷിയുടെ വിസ്താരം കൂടി ഇന്നലെ നടന്നു. പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ച 9 രേഖകളും കോടതി പരിശോധിച്ചു. വെള്ളിയാഴ്ച വിസ്തരിക്കാനുള്ള 3 സാക്ഷികൾക്കു സമൻസ് കൈമാറാനും കോടതി നിർദേശിച്ചു. സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാർ രാജിവച്ച സാഹചര്യത്തിൽ അഡീ. സ്‌പെഷൽ പ്രോസിക്യൂട്ടർ സുനിൽകുമാറാണു കോടതിയിൽ ഹാജരായത്.
അതിനിടെ പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള അഭിഭാഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗൂഢാലോചനക്കേസിൽ നടൻ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായിരുന്നു. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
ചോദ്യം ചെയ്യലിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളിൽ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നിൽ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നൽകാൻ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങൾ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിശകലനംചെയ്തു.
പ്രതികളുടെ വൈരുധ്യം നിറഞ്ഞ മൊഴികൾ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശബ്ദരേഖയിലുള്ളത് പ്രതികളുെട ശബ്ദംതന്നെയെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കുകയുംചെയ്തു. ഇതുകേന്ദ്രീകരിച്ചാകും വ്യാഴാഴ്ച ഹൈക്കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെയും കൂട്ടരുടെയും മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധിപറയുക. ഇതിന് ശേഷം വിചാരണ കോടതിയിലും റിപ്പോർട്ട് സമർപ്പിക്കും,
ചോദ്യംചെയ്യുന്നതുവരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ ദിലീപിനെ അറസ്റ്റുചെയ്യാന്മാത്രം ശക്തമായിരുന്നില്ല. എന്നാൽ, ഗൂഢാലോചന സംബന്ധിച്ച ചില വിവരങ്ങളുണ്ടായിരുന്നു. ഇതാണ് ദിലീപിനെ മൂന്നുദിവസം ചോദ്യംചെയ്യാൻ കാരണം. നിർണായകത്തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് മൂന്നുദിവസങ്ങളിലായി ചോദ്യംചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ