കൊച്ചി: വീണ്ടും വിദേശയാത്ര അനുമതി തേടി നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കോടതിയിൽ. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നാണ് പുതിയ ആവശ്യം. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ദിലീപ് അടക്കമുള്ള പ്രതികൾ വിവിധ ആവശ്യങ്ങളുമായി കോടതിയിൽ നൽകുന്ന നിരന്തര ഹർജികളാണ് ഇതിന് തടസ്സമാകുന്നത്. ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂൻ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപിന്റെ യാത്രയിൽ ആരൊക്കെയുണ്ട്, താമസം എവിടെ എന്നതെല്ലാം മറച്ചുവെക്കുന്നുവെന്നും ആരോപണം ഉണ്ട്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡിസംബർ പതിനഞ്ച് മുതൽ ജനുവരി മുപ്പത് വരെ ജർമ്മിനിയിലെ ഫ്രങ്ക്ഫർട്ടിലേക്ക് പോകുന്നതിനായി പാസ്‌പോർട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാർത്ഥമാണ് യാത്രയെന്നും ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നു.

എന്നാൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസിൽ പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വർഷം നവംബറിൽ കോടതിയിൽ സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല.

നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. സിനിമ ചിത്രീകരണത്തിനെന്നപേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. എന്നാൽ വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കും.

നേരത്തെ ദിലീപിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു കൊണ്ട് വിദേശത്ത് പോവാൻ കോടതി അനുമതി നൽകിയിരുന്നു. നാല് ദിവസത്തേക്കാണ് അനുമതി നൽകിയത്. തന്റെ ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പാസ്പോർട്ട് വിട്ട് നൽകണമെന്നായിരുന്നു ദീലീപ് ആവശ്യപ്പെട്ടിരുന്നതും പോയതും.