കൊച്ചി: സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് നടനും നിർമ്മാതാവും കൂടിയായ ദിലീപ് രംഗത്തെത്തി. നികുതി ഈടാക്കാൻ വേണ്ടി മലയാള സിനിമയെ പിഴിയുന്ന സർക്കാർ സിനിമയ്ക്ക് യാതൊരു വിധത്തിലുള്ള സഹായവും നൽകുന്നില്ലെന്ന് വിമർശിച്ചാണ് രംഗത്തെത്തിയത്. നികുതി പിരിക്കാൻ കാണിക്കുന്ന ആവേശം മലയാള സിനിമയുടെ നന്മയ്ക്ക് വേണ്ടിയും വേണമെന്നാണ് ദിലീപിന്റെ പക്ഷം.

സിനിമാ രംഗത്തുണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല. സിനിമക്കെതിരെ ഉയർന്നുവരുന്ന മോശം അഭിപ്രായങ്ങളും വിമർശനങ്ങളും തടയാൻ സർക്കാർ ശ്രമിക്കണമെന്നും താരം പറയുന്നു. സഹായിച്ചില്ലെങ്കിലും ഇതെങ്കിലും ചെയ്തു തരണമെന്നാണ് ദിലീപിന്റെ അപേക്ഷ. സിനിമ റിലീസ് ചെയ്ത ഉടനെ തന്നെ സോഷയ്ൽ മീഡിയയിലും മറ്റും ഉയരുന്ന വിമർശനങ്ങളെയും മറ്റും പരാമർശിച്ചായിരുന്നു ദിലീപിന്റെ വിമർശനം.

സിനിമകൾക്കെതിരെ ഉണ്ടാകുന്ന കമന്റ് ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ അതിൽ പ്രവർത്തിച്ച താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നെഞ്ചിൽ തീയായിരിക്കും. റിലീസ് ചെയ്തു കഴിഞ്ഞാലോ പിന്നെ വിമർശനങ്ങളും അഭിപ്രായങ്ങളും കൊണ്ട് തലവേദനയായിരിക്കും. ഇതൊന്നും തടയാൻ സർക്കാരിന് കഴിയില്ലേ എന്നാണ് ദിലീപ് ചോദിക്കുന്നത്.

സിനിമ പ്രതിസന്ധിയിൽ മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാഗത്തു നിന്നും ഇതു തരണം ചെയ്യാനുള്ള ഒരു നീക്കവും നടക്കാറില്ലെന്നും താരം പറയുന്നു. കുറച്ച് വർഷം കഴിഞ്ഞാൽ എല്ലാം അവസാനിക്കും വൈഡ് റിലീസിങ് ആരംഭിച്ചതോടെ ഒരു സിനിമ 100 മുതൽ 150 ദിവസം വരെ ഓടുക എന്നത് ഭാഗ്യം പോലെയാണ്. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ഇതും ഉണ്ടാകില്ല. അപ്പോൾ മലയാള സിനിമ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരും.

സൗഹാർദം രൂപപ്പെടണം വിവിധ സിനിമാ സംഘടനകൾ തമ്മിൽ സൗഹൃദം ആവശ്യമാണ്. സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്നവർ തമ്മിൽ പ്രശ്‌നം ഉണ്ടാകാൻ പാടില്ല. മലയാള സിനിമയ്ക്ക് പുറത്തുള്ള സംഘടനകളോടാണ് പൊരുതേണ്ടതെന്നും ദിലീപ് പറയുന്നു. അതേസമയം വൈഡ് റിലീസിങ് വിഷയത്തിൽ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ നിലപാടിനെ വിമർശിച്ച് കെഎസ്എഫ്ഡിസി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.

മലയാളത്തിൽ വൈഡ് റിലീസിങ് അനുവദിക്കുന്നതിന് എതിരായി ലിബർട്ടി ബഷീർ കൈക്കൊണ്ടിരിക്കുന്ന നിലപാട് ശരിയല്ലെന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള തീയറ്ററുകളിൽ സിനിമ റിലീസ് ചെയ്യണം എന്നതാണ് കോർപ്പറേഷന്റെ നിലപാടെന്ന് ഉണ്ണിത്താൻ പറഞ്ഞു. തീയറ്ററുകൾക്ക് ഗ്രേഡിങ് നൽകാൻ നടപടി കൈകൊള്ളുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഈ വിഷയത്തിൽ മുൻ മന്ത്രി ഗണേശ് കുമാറിന്റെ നിലപാടിനെയും ഉണ്ണിത്താൻ വിമർശിച്ചു.