ആലുവ: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച നടൻ ദിലീപ് പുറത്തിറങ്ങി. ദ്വീർഘകാലത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ താരത്തിന് ആരാധകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. പുഷ്പവൃഷ്ടി നടത്തിയും ആരവങ്ങളോടും കൂടിയാണ് ആരാധകർ ദിലീപിനെ സ്വീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദിലീപിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇത് പ്രകാരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ദിലീവ് വൈകീട്ട് 5.20തോടെയാണ് പുറത്തിറങ്ങിയത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാൻ വാഹനവുമായി ജയിലിലെത്തി.

താരത്തിന് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിയുടെ പകർപ്പ് അങ്കമാലി കോടതിയിൽ എത്തിച്ച ശേഷം ഇവിടെ നിന്നും ദിലീപിന്റെ റിലീസിങ് ഓർഡറും അഞ്ച് മണിയോടെ തയ്യാറാക്കി. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ നിന്നും പുറത്തുവരികയായിരുന്നു. ദിലീപിന്റെ സിനിമകളിലെ രംഗങ്ങളെ പോലും വെല്ലുന്ന രംഗമായിരുന്നു പുറത്ത്. അമ്പതിലേറെ ക്യാമറകൾ തുറിച്ചു നോക്കിയപ്പോൾ പൊലീസ് അകമ്പടിയോടെ താരം പുറത്തിറങ്ങി.

വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച് പുറത്തിറങ്ങിയ ദിലീപ് താടിവെച്ചിരുന്നു. ആരാധകരെ കൈവീശി കാണിച്ചും കൈകൂപ്പിയും നന്ദി പറഞ്ഞും അഭിവാദ്യം ചെയ്തു. പുഷ്പ്പ വൃഷ്ടിയോടെയാണ് ആരാധകർ ദിലീപിനെ സ്വീകരിച്ചത്. ആവോശത്തോടെ ആരാധകരും കൈവീശി. കാറിൽ കയറിയ ദിലീപ് പിന്നീടും ആരാധകരെ അഭിവാദ്യം ചെയ്തു. വെള്ള ഇന്നോവ കാറിൽ കയറിയ താരം നേരെ പോയത് പറവൂർ ക്കവലയിലെ കുടുംബ വീട്ടിലേക്കായിരുന്നു. വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട താരം വീടിന് ചുറ്റും കൂടിയ ആരാധകർക്കും കൈവീശിക്കൊണ്ട് നന്ദി അറിയിച്ചു.

85 ദിവസം ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയ നടനെ സ്വീകരിക്കാൻ അമ്മയും സഹോദരിയും ഭാര്യയും നടിയുമായ കാവ്യാ മാധവനും നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ള സഹപ്രവർത്തകരും തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് കൈകൊടുത്ത ശേഷമാണ് ദിലീപ് വീടിന് അകത്തേക്ക് പോയത്. ജയിലിന് പുറത്ത് ആരാധകരുടെ വലിയ കൂട്ടം തന്നെയാണ് ദിലീപിനെ കാത്തിരുന്നത്.

ഹൈക്കോടതി ജാമ്യം നൽകി എന്ന് വ്യക്തമായതോടെ ആരാധകർ ജയിലിന് പുറത്തെത്തിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആരാധകർ പ്രതികരിച്ചു. ജാമ്യം അനുവദിച്ചതിനെ തുടർന്ന് ആഘോഷമാക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു. ഇത് പ്രകാരമാണ് ഫ്‌ളക്‌സുകളുമായി അവർ എത്തിയിരുന്നു. ദിലീപിന് ജെയ് വിളിച്ചു കൊണ്ട് ആരാധകർ തടിച്ചു കൂടിയപ്പോൾ പൊലീസ് നിയന്ത്രിക്കാനും ഏറെ പാടുപെട്ടു.

ഇതിനിടെ ജാമ്യം ലഭിച്ച ദിലീപിനെ കാണാനെത്തിയ ദിലീപിന്റെ സുഹൃത്തും നടനുമായ ധർമ്മജൻ പൊട്ടിക്കരഞ്ഞു. ജയിലിന് മുന്നിലെത്തിയ ധർമജനോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴാണ് ധർമജൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഹൈക്കോടതി ദിലീപിന് ജാമ്യം ലഭിച്ചത്. കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ ധർമ്മജനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേ സമയം ദിലീപ് അന്വേഷണ ഉദ്ദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടിവെയ്ക്കണം. പാസ്പോർട്ട് കോടതിയിൽ നൽകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്.

സാക്ഷികളെയും കക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കരുത്, വിചാരണയെ തടസ്സപ്പെടുത്തരുത് എന്നീ കർശന ഉപാധികൾ പാലിക്കണമെന്നും കോടതി നിഷ്‌കർഷിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് ചിലരേക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും റിമി ടോമി അടക്കം 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.