കൊച്ചി: താരസംഘടനായ അമ്മയെ പിളർത്താൻ ദിലീപ് എത്തില്ല. ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയതുമായ ചർച്ചകൾ സജീവമാണ്. പൃഥ്വിരാജിന് വേണ്ടിയാണെന്ന് ദിലീപിനെ മമ്മൂട്ടി പുറത്താക്കിയതെന്ന പരസ്യ വിമർശനം ഗണേശ് കുമാർ ഉയർത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ഈ ഘട്ടത്തിൽ താര സംഘടനയിൽ ഭിന്നത സജീവമാണ്. ദിലീപ് അനുകൂലികളും മറു വിഭാഗവും തമ്മിലെ എതിർപ്പ് ശക്തമായി തുടരുന്നു. ഇത് സംഘടനയുടെ പിളർപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സംഘടനയിൽ നിന്ന് സ്വയം മാറി നിൽക്കാനാണ് ദിലീപിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയാൽ മാത്രമേ ദിലീപ് ഇനി താരസംഘടനയുടെ യോഗത്തിനെത്തൂ. ഇതിനൊപ്പം തന്റെ പേരിൽ പോര് വേണ്ടെന്ന് തനിക്കായി വാദിക്കുന്നവരേയും ദിലീപ് അറിയിച്ചിട്ടുണ്ട്. കോടതി നടപടികളെ പോലും സ്വാധീനിക്കുന്ന തരത്തിൽ ചർച്ചകൾ കൊണ്ടു പോകരുതെന്നാണ് ദിലീപിന്റെ ആവശ്യം.

അതിനിടെ ദിലീപിനെ പുറത്താക്കിയ നടപടിയിൽ മമ്മൂട്ടി പ്രതിസ്ഥാനത്താണ്. അത് ചർച്ചയാക്കാൻ അമ്മയുടെ യോഗത്തിൽ ഗണേശ് ശ്രമിക്കും. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തിൽ നടക്കുന്ന ചർച്ചകളിൽ പൃഥ്ി രാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവർ പുലർത്തുന്നു. എന്നാൽ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിർന്ന നടന്മാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരം അമ്മയുടെ യോഗം ചേരും. എക്‌സിക്യൂട്ടീവും ജനറൽ ബോഡിയും വിളിക്കാനാണ് സാധ്യത. ദിലീപ് ജയിൽ മോചിതനായപ്പോൾ തന്നെ ഇത്തരത്തിലൊരു നിർദ്ദേശം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് മുന്നോട്ട് വച്ചു. എന്നാൽ മോഹൻലാലിന്റെ സൗകര്യം പരിഗണിച്ച് അടുത്ത മാസം യോഗം വിളിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ദിലീപ് യോഗത്താത്ത സാഹചര്യത്തിൽ ആ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കില്ല. മോഹൻലാൽ മധ്യസ്ഥന്റെ റോൾ വഹിക്കും. ഇരു വിബാഗവുമായി ലാൽ ആശയ വിനിമയം നടത്തുന്നുണ്ട്. ശ്രീകുമാർ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹൻലാൽ ഇപ്പോൾ. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുനേയും മറ്റും ലാൽ അനുനയിപ്പിച്ചെന്നും അമ്മയ്‌ക്കെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് പോര് നടത്തില്ലെന്നുമാണ് സൂചന. പൃഥ്വിയുമായും മോഹൻലാൽ സംസാരിക്കും. ഇവരെയെല്ലാം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാകും അമ്മയുടെ യോഗം. ദിലീപ് അനുകൂലികളെ ദിലീപ് തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. ഗണേശ് വിമർശനം ഉന്നയിച്ചതിനാൽ ഇനി സമവായ ചർച്ചകൾക്കില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗണേശിന്റെ വിമർശനങ്ങൾ മമ്മൂട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അമ്മ പിളരാതെ നോക്കാനുള്ള ദൗത്യം മോഹൻലാൽ ഏറ്റെടുത്തത്.

ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയിൽ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗണേശ് കുമാർ. ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമർശിച്ചത്. 'ദിലീപിന് അമ്മയിൽ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാൻ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാൽ, അമ്മയുടെ നിയമങ്ങൾ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങൾക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാൻ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവിൽ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.'ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കിൽ അമ്മയിൽ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു. മാധ്യമങ്ങൾ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേശ് കുമാർ വിശദീകരിച്ചിരുന്നു. ഇത് മമ്മൂട്ടിക്കെതിരായ പ്രസ്താവനയായി വിലയിരുത്തപ്പെട്ടു. ഇത് ശരിയായില്ലെന്ന് ഗണേശിനെ സിനിമയിലെ പലരും അറിയിച്ചിട്ടുണ്ട്. ദിലീപ് വിഷയം കൂടുതലായി ചർച്ചയാക്കാതെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം. സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പിന് മോഹൻലാൽ രംഗത്തിറങ്ങിയത്. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹൻലാലിനുണ്ട്. പൃഥ്വി രാജുമായി അടുപ്പമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് യുവതാരങ്ങളെ വിശ്വാസത്തിലെടുത്തൊരു ഫോർമുലയ്ക്കാണ് മോഹൻലാൽ തയ്യാറെടുക്കുന്നത്.

ദിലീപ് വിവാദത്തിന്റെ പേരിൽ നിലവിലെ ഭാരവാഹികളെല്ലാം രാജിവയ്ക്കണമെന്ന ആവശ്യം അമ്മയിലെ ഒരു വിഭാഗം ഉയർന്നിരുന്നു. ഇത് ഇന്നസെന്റും മോഹൻലാലുമെല്ലാം അംഗീകരിച്ചിരുന്നു. മമ്മൂട്ടിയും സ്ഥാനം ഒഴിയാൻ സന്നദ്ധനായിരുന്നു. എന്നാൽ പകരം ആരും ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ പുതിയ നേതൃത്വത്തെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപാണ് നിലവിൽ സംഘടനയുടെ ട്രഷറർ. ദിലീപ് അമ്മയിലേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ എന്തായാലും പുതിയ ട്രഷററെ കണ്ടെത്തേണ്ട സാഹചര്യമുണ്ട്. ദിലീപ് പക്ഷത്തിന് കൂടി സ്വീകര്യനായ പേരുകാരനെ കണ്ടെത്താനാണ് ശ്രമം. ഇതിനുള്ള ചർച്ചകളും മോഹൻലാലാണ് നടത്തുന്നത്. സ്ത്രീ മുഖങ്ങളിൽ ഒരാളെ ട്രഷററാക്കാനും നീക്കമുണ്ട്.

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയത്. അതുവരെ ദിലീപിനൊപ്പം എന്ന നിലപാടായിരുന്നു അമ്മ കൈക്കൊണ്ടിരുന്നത്. നടിക്കൊപ്പവും ദിലീപിനൊപ്പവും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയാവുക പോലുമുണ്ടായില്ല. നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കൻ നിലപാടായിരുന്നു അമ്മയുടേത്. എന്നാൽ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി മമ്മൂട്ടിയുടെ വീട്ടിലെ യോഗം മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്. നടിക്കൊപ്പം നിൽക്കുന്നവർ വിമൻ ഇൻ സിനിമ കളക്ടീവിന്റേയും പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടേയും ശക്തമായ നിലപാട് മൂലമാണ് ദിലീപിനെ അമ്മയിൽ നിന്നും അതിവേഗം പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിനെയാണ് ഗണേശ് വിമർശിച്ചത്. എന്നാൽ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയിട്ടില്ല എന്നാണ് ചിലർ പറയുന്നത്. ദിലീപ് ഇപ്പോഴും അമ്മയിൽ അംഗമാണ് എന്നാണ് നടൻ കൊല്ലം തുളസി പറയുന്നത്.

അങ്ങനെ അമ്മയിലെ ദിലീപിന്റെ അംഗത്വത്തെ കുറിച്ചു പോലും സമ്പൂർണ്ണ ആശയക്കുഴപ്പമാണ്. അടുത്ത യോഗത്തോടെ ഇതെല്ലാം മാറ്റാനാണ് തീരുമാനം. നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വരും വരെ ദിലീപിനെ സസ്‌പെന്റ് ചെയ്യും. നേരത്തെ പുറത്താക്കൽ തീരുമാനമാണ് അവൈലബിൾ എക്‌സിക്യൂട്ടീവ് എടുത്തത്. ഇത്തരത്തിലൊരു ഒത്തുതീർപ്പ് ഫോർമുലയിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.