നാദിർഷ ദിലീപ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നായികയായി ഉർവ്വശിയെത്തുമെന്ന് റിപ്പോർട്ട്.നാദിർഷാ സംവിധാനം നിർവഹിക്കുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിൽ ആണ് ദിലീപിന്റെ നായികയായി ഉർവശിയെത്തുക. നാദിർഷാ സംവിധായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും വേഷമിടുന്നു. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം.

എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ചിത്രത്തിൽ ദിലീപിന് ചെറുപ്പക്കാരനായ ഗെറ്റപ്പും ഉണ്ടെന്നാണ് അറിയുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറപ്പുക്കോട്ടൈയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ നാദിർഷ. അതിനു ശേഷമായിരിക്കും ഉറ്റസുഹൃത്തു കൂടിയായ ദിലീപിനെ നായകനാക്കിയുള്ള പ്രോജക്ടിലേക്ക് സംവിധായകൻ കടക്കുക.

രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവമാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് പൂർത്തിയാക്കിയത്. ക്യാമറമാൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫ. ഡിങ്കനാണ് ദിലീപിന്റെ അടുത്ത പ്രോജക്ട്. അതിനു ശേഷമായിരിക്കും നാദിർഷയുടെ ചിത്രത്തിലെത്ത്.