കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാൾ നൽകിയ വിവരമാണെന്ന് തൃക്കാക്കര എംഎ‍ൽഎ പി.ടി.തോമസ്. കേസിൽ മൊഴികൊടുക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിൽ പൾസർ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോൺ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികൻ ആലുവ പൊലീസിൽ വിവരം നൽകിയിരുന്നു. ഇതേത്തുടർന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ അവസരത്തിൽ വെറുമൊരു സാധാരണക്കാരനാണ് ഈ കേസിൽ ഒരു തുമ്പുണ്ടാകാനുള്ള സഹായം നൽകിയതെന്ന് സന്ധ്യയെന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആലുവ പൊലീസിൽ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ട് -പി.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ അഭിഭാഷക സംസാരിച്ചിരുന്നതെന്ന് നേരത്തേതന്നെ പിടി തോമസ് വ്യക്തമാക്കിയിരുന്നു. കേസിൽ, ലാലിന്റെ വീട്ടിൽ ആദ്യമേ എത്തിയ ആളെന്ന നിലയിൽ തന്നെ ചോദ്യം ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ നടൻ ദിലീപ് അറസ്റ്റിലായ ശേഷമാണ് പൊലീസ് എംഎൽഎമാരുടെ മൊഴിയെടുക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുകേഷ്, അൻവർ സാദത്ത് എന്നീ എംഎൽഎമാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

സംഭവം ഉണ്ടായ ഉടനെ ലാലിന്റെ വീട്ടിൽ എത്തിയ വ്യക്തിയെന്ന നിലയിൽ അവിടെ കണ്ട കാര്യങ്ങളും അതിക്രമത്തിന് ഇരയായ പെൺകുട്ടിയുമായി സംസാരിച്ച കാര്യങ്ങളും കേസ് സംബന്ധിച്ച് പിന്നീടുണ്ടായ സംഭവങ്ങളിലെ തന്റെ അഭിപ്രായവും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പി.ടി. വ്യക്തമാക്കി.

പൊലീസിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയുമെന്നും എംഎൽഎ പറഞ്ഞു. തന്റെ 35 വർഷത്തെ പൊതുജീവിതത്തിനിടയിലെ മനസ്സു മരവിപ്പിക്കുന്ന സംഭവമായിരുന്നു ഇതെന്നും അതിലെ കുറ്റവാളികളെ കണ്ടെത്താൻ വ്യക്തി താൽപര്യങ്ങളോ സ്ഥാനമാനങ്ങളോ കണക്കാക്കാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഈ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്നും പി.ടി. പറഞ്ഞു. നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നത് പൊലീസിനെ ദുർബലപ്പെടുത്തുന്നതിന് തുല്യമാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. ഇതുപോലെ 13 പേർ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. ഇതാണ് പൊലീസ് ഇപ്പോൾ ഉണർന്നു പ്രവർത്തിക്കാൻ കാരണമായിരിക്കുന്നത്. സിബിഐ വന്നാൽ ആദ്യം അന്വേഷിക്കുന്നത് കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചായിരിക്കുമെന്നും പി.ടി.തോമസ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞു കൊച്ചിയിൽ സംവിധായകൻ ലാലിന്റെ വീട്ടിലേക്ക് അർധരാത്രി തന്നെ എത്തിയവരുടെ കൂട്ടത്തിൽ പി.ടി. തോമസുമുണ്ടായിരുന്നു. നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിനെ പിടികൂടിയപ്പോഴും പൾസർ സുനിയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോഴും സ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സാഹചര്യത്തിലാണു സംഭവദിവസത്തെ കാര്യങ്ങളെക്കുറിച്ച് തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

അതേസമയം, 2011ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് തുടരും. ഇവരെയും പൾസർ സുനിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണു തീരുമാനം. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. അങ്കമാലി ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി.