ആലുവ: ഞായറാഴ്ചകളിൽ ആലുവ സബ് ജയിലിൽ നടന്ന സിനിമാ പ്രദർശനത്തിൽനിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ മാറ്റി നിർത്തി. അതുകൊണ്ട് തന്നെ ദിലീപിന് ജയിലിനുള്ളിൽ സിനിമ കാണാനുമായില്ല. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് മാറ്റി നിർത്തിയത്. പ്രദർശനം നടക്കുമ്പോൾ തടവുകാർ തമ്മിൽ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടായിരുന്നു ഇത്. ജയിലിലെ കൊതുകു കടിയാണ് നടനെ ഏറെ വിഷമിപ്പിക്കുന്നത്.

ഒരാവശ്യവും ദിലീപ് സൂപ്രണ്ടിനോടോ ജയിൽ ഉദ്യോഗസ്ഥരോടോ ഉന്നയിച്ചിട്ടില്ല. താൻ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നുമുള്ള രണ്ടു വാചകങ്ങളിൽ കേസിനെക്കുറിച്ചുള്ള സംസാരമൊതുക്കി. സഹതടവുകാരുൾപ്പെടെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ചകളിൽ സന്ദർശകരെ അനുവദിക്കുന്ന പതിവില്ലാത്തതിനാൽ ഇന്നലെ കൂടിക്കാഴ്ചയ്ക്ക് ആരുമെത്തിയില്ല.

ഇതര സംസ്ഥാന തടവുകാരടക്കമുള്ള ജയിലിൽ ഞായറാഴ്ചകളിൽ ദിലീപിന്റെ ചിത്രങ്ങളോടായിരുന്നു തടവുകാർക്ക് താൽപര്യം. എന്നാൽ, ഇന്നലെ ദിലീപ് ചിത്രം ജയിൽ അധികൃതർ ഒഴിവാക്കി മമ്മൂട്ടിയുടെ ചിത്രമാണ് പ്രദർശിപ്പിച്ചത്. ശനിയാഴ്ച് വൈകീട്ട് ജയിലിലെത്തിയ ദിലീപ് രാത്രിയും ഞായറാഴ്ച പകലും ഉറങ്ങിത്തീർത്തു. പൊലീസ് കസ്റ്റഡിയിൽ രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും ക്ഷീണത്തിലായിരുന്നു ദിലീപ്.

ആലുവ സബ് ജയിലിൽ തടവുകാർക്കായി 'ഗ്രേറ്റ് ഫാദർ' എന്ന മമ്മൂട്ടി സിനിമയാണു പ്രദർശിപ്പിച്ചത്. കുളിക്കാനും ഭക്ഷണം വാങ്ങാനും മാത്രം മാണ് ദിലീപ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയത്. അവധി ദിനമായതിനാൽ ഇന്നലെ തടവുകാർക്കു ജോലികളൊന്നും ഉണ്ടായിരുന്നില്ല. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു സിനിമാ പ്രദർശനം. ദിലീപ് കഴിയുന്ന രണ്ടാം സെല്ലിനു ചേർന്നുള്ള വരാന്തയിലാണു ടിവി വച്ചിരുന്നത്. സെല്ലിൽ ദിലീപിന്റെ സഹതടവുകാർ ഉൾപ്പെടെയുള്ളവർ ടിവിക്കു മുൻപിൽ നിരന്നപ്പോൾ വായനയിലും ഉറക്കത്തിലുമായിരുന്നു നടൻ.

രാവിലെതന്നെ കുളി കഴിഞ്ഞെത്തി ചപ്പാത്തിയും കടലക്കറിയും കഴിച്ചു. ഉച്ചവരെ പത്രവായനയും ഉറക്കവും. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം വാങ്ങാൻ മാത്രം പുറത്തിറങ്ങി. ഉച്ചയ്ക്ക് സാമ്പാറും അവിയലും ഉപ്പേരിയും തൈരും ഉൾപ്പെടെയുള്ള ഊണ്. വൈകിട്ടത്തെ ഭക്ഷണവും ചോറായിരുന്നു.