കൊച്ചി: മലയാള സിനിമയിലെ മിന്നും താരമാണ് അഴിക്കുള്ളിൽ. അതുകൊണ്ട് തന്നെ ആലുവയിലെ ജയിൽ അധികൃതർ വേണ്ടത്ര കരുതലെടുത്തിരുന്നു. പ്രത്യേക സംവിധാനമൊന്നും ഈ ജയിലിലില്ല. സാധാരണ തടവുകാരന്റെ സ്റ്റാറ്റസുമായി എത്തുന്ന നടന് എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു അധികൃതരെ തുടക്കത്തിൽ കുഴച്ചത്. അധിക സൗകര്യങ്ങളൊന്നും ഒരുക്കി നൽകരുതെന്ന പൊലീസിന്റെ നിർദ്ദേശവും ഉണ്ടായിരുന്നു. ഇതെല്ലാം പാലിക്കപ്പെട്ടു. അപ്പോഴും സിനിമയിലെ സുവർണ്ണ സിംഹാസനത്തിലെ താരമായിരുന്ന ദിലീപ് പരിഭവങ്ങൾ പറയുന്നില്ല. നിലത്ത് കിടന്നുറക്കം. കൃത്യമായി ജയിൽ ഭക്ഷണം കഴിക്കൽ. നിയമാനുസൃതമായ ഫോൺ വിളികൾ. ഇങ്ങനെയാണ് ദിലീപിന്റെ ജയിലിലെ ജീവിതം.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ താരത്തിനുണ്ട്. ജയിലിൽ ഭാര്യയോ മകളോ കാണാനെത്തിയില്ല. സഹോദരനും അടുത്ത ബ ന്ധുക്കളും എത്തി. അഭിഭാഷകരും സംസാരിക്കാനെത്തുന്നുണ്ട്. ബന്ധുക്കളും അഭിഭാഷകരുമല്ലാതെ ആരേയും കാണാൻ താരത്തിന് അനുവാദമില്ല. എന്നാൽ ആരാധകരുടെ നീണ്ട നിര എത്തുന്നു. അവരെ നിരാശയോടെ പറഞ്ഞയക്കാനേ ജയിൽ അധികൃതർക്ക് കഴിയൂ. സുപ്രീംകോടതിയിൽ നിന്ന് പോലും അഭിഭാഷകരെത്തുന്നു. ഇവർ ജാമ്യം നേടിക്കൊടുക്കാൻ വക്കാലത്തെടുക്കാനാണ് താരത്തെ കാണാനെത്തുന്നത്. എന്നാൽ പരിചയമില്ലാത്ത ആരേയും കാണാൻ താൽപ്പര്യമില്ലെന്ന് ദിലീപ് പറയുന്നതും കൊണ്ട് അവരെ തിരിച്ചയയ്ക്കുന്നു. പത്രം വായിക്കാനായി നൽകാറുണ്ട്. എന്നാൽ അത് വേണ്ടെന്നാണ് ദിലീപ് പറയുന്നത്. തന്നെ വേദനിപ്പിക്കുന്ന വാർത്തകളാണ് നിറയെ. അത് വായിക്കേണ്ടതില്ലെന്നാണ് ജയിൽ അധികൃതരോട് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ പത്രവായന ഇല്ല.

ജയിലിൽ എത്തുമ്പോൾ തന്നെ അത്യാവശ്യ സാധനങ്ങൾ ദിലീപ് കൈയിൽ കരുതിയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയൊക്കെ. അതു തന്നെയാണ് ദിലീപ് ഉപയോഗിക്കുന്നത്. ജയിൽ പാത്രത്തിൽ ഭക്ഷണം. പിന്നെ ഉറക്കം. കഴിഞ്ഞ ദിവസവും കൂടുതൽ സമയം ചെലവഴിച്ചത് ഉറക്കത്തിനായിരുന്നു. ആരോടും മിണ്ടാറുമില്ല. നിരാശ പുറത്തുകാട്ടതെ ചെറുപുഞ്ചിരി സൂക്ഷിക്കുകയും ചെയ്യുന്നു. ജയിൽ ഉദ്യോഗസ്ഥർ ഇടയ്ക്ക് കാര്യങ്ങൾ ചോദിക്കാനെത്തും. ഇവരോടും പ്രത്യേക ആവശ്യങ്ങളൊന്നും താരം ഉന്നയിക്കാറില്ല. വീടിന് ഒരു കിലോ മീറ്റർ ദൂരത്താണ് ജയിൽ. എന്നാലും ഭാര്യയും മകളും കാണാനെത്തിയില്ല. ഇവരോട് ജയിലിലേക്ക് വരേണ്ടതില്ലെന്ന് ദിലീപ് തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫോൺ വിളിക്ക് ദിലീപിന് അനുവാദമുണ്ട്. കോയിൻ ബോക്‌സ് ഫോണിൽ നിന്ന് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ ഭാര്യ കാവ്യയയേും മകൾ മീനാക്ഷിയേയും അമ്മയേയും ദിലീപ് വിളിക്കാറുണ്ട്. ഇവർ മൂന്ന് പേരും മൂന്നിടത്തെന്നാണ് സൂചന. അല്ലാതെ ആരുമായും ആശയ വിനിമയത്തിന് താരത്തിന് താൽപ്പര്യമില്ല. ജയിലിൽ കാണാനെത്തുന്നവരോടും അധികമായി സംസാരിക്കാൻ താൽപ്പര്യമില്ല. അനുജനെ പോലും അരമണിക്കൂറിൽ കൂടുതൽ ജയിലിൽ തുടരാൻ ദിലീപ് അനുവദിച്ചില്ല. അഡ്വക്കേറ്റ് രാംകുമാറിന്റെ ജൂനിയേഴ്‌സും സംസാരിക്കാനെത്തിയിട്ടുണ്ട്.

വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികൾക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോൾ അവിടെ പ്രമുഖ നടനെന്ന നിലയിൽ പ്രത്യേക പരിഗണനയോടുകൂടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത് അന്നുതന്നെ പൊലീസ് നിഷേധിക്കുകയും ചെയ്തു. തുടർന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാർക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലിൽ 523-ാം നന്പർ തടവുകാരനായി പാർപ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടൻ പൊരുത്തപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നാലുപേർ ആലുവ സബ്ജയിലിൽതന്നെ റിമാന്റിലുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണ്. ഇങ്ങോട്ട് അയക്കരുതെന്ന് ദിലീപ്തന്നെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ആലുവ ജയിലിലുള്ള വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികൾക്കാകട്ടെ നടൻ ദിലീപിനെ നേരിൽ കാണാനോ സംസാരിക്കാനോ ഇതുവരെ അവസരം നൽകിയിട്ടില്ല.

എല്ലാ തടവുകാരും സംഗമിക്കുന്ന ഞായറാഴ്ചയിലെ സിനിമാപ്രദർശനം കാണാനുള്ള അവസരം ദിലീപടക്കമുള്ള പ്രതികൾക്ക് ജയിൽ അധികൃതർ നിഷേധിക്കുകയും ചെയ്തു. കൂടുതൽ സമയവും നിശബ്ദനായി കഴിയുന്ന ദിലീപ് ഇടയ്ക്ക് സെല്ലിലെ സഹതടവുകാരുമായി സംസാരിക്കാറുണ്ട്. ജയിൽനിയമപ്രകാരം നിശ്ചിത തുക മണിയോർഡറായി അയച്ചാൽ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണിൽ ബന്ധപ്പെടാൻ സൗകര്യമുള്ള കാര്യം അധികൃതർ സഹോദരനെ അറിയിച്ചു. ഇതിനെത്തുടർന്ന് ദിലീപിന്റെ ജയിൽവിലാസത്തിൽ സഹോദരൻ 200 രൂപ മണിയോർഡർ അയക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ടിന് നേരത്തെ നൽകുന്ന മൂന്ന് നമ്പറുകളിലേക്ക് മാത്രം ആഴ്ചയിൽ മൂന്നുതവണവരെ ഫോൺ ചെയ്യാൻ അനുവദിക്കും. ഈ സൗകര്യം ഉപയോഗിച്ചാണ് കാവ്യയേയും മകളേയും അമ്മയേയും വിളിക്കുന്നത്.

പ്രത്യേക സമയങ്ങളിൽമാത്രം അനുവദനീയമായ ദിനചര്യകൾ, ഭക്ഷണക്രമങ്ങൾ എന്നിവയുമായി ദിലീപ് ഇതിനകം പൊരുത്തപ്പെട്ടുകഴിഞ്ഞു. നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ച് തികച്ചും ശാന്തനായാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിൽവൃത്തങ്ങൾ നൽകുന്ന സൂചന.