ആലുവ: ജയിൽ ജീവിതം ദിലീപിനെ ആകെ മാറ്റിയെന്ന് ആദ്യ ദിവസം മുതലുള്ള പെരുമാറ്റം വ്യക്തമാക്കുന്നു. കൊലവിളിയുമായി ഫാൻസുകാർ ചുറ്റും ഉണ്ടെങ്കിലും ശാന്തത കൈവിടാതെയും സ്നേഹത്തോടും കൂടിയാണ് ദിലീപിന്റെ പെരുമാറ്റം. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിവസം കുടുംബക്കാർക്കൊപ്പം വീട്ടിൽ തന്നെ കഴിഞ്ഞ ദിലീപ് ഇന്ന് രാവിലെ ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അർപ്പിക്കാൻ ആണ്. ആലുവ എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലെത്തി മുഴുവൻ കുർബ്ബാന കൈകൊണ്ടാണ് ദിലീപ് തന്റെ പുതിയ വിശ്വാസം അടയാളപ്പെടുത്തിയതെന്നു മറുനാടൻ മലയാളിക്ക് മാത്രമായി ലഭിച്ച ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് പുലർച്ചെ 6.45 മുതൽ 8 മണിവരെ ദിലീപ് പള്ളിയിലെ ആരാധന ചടങ്ങുകളിൽ പങ്കെടുത്തു. പള്ളിയുടെ പ്രവേശന കവാടത്തിന് ഇടതുഭാഗത്തായി സ്ഥാപിച്ചിട്ടുള്ള തിരു സ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് താരം ആരാധന ചടങ്ങുകളിൽ പങ്കെടുക്കാനായി പള്ളിക്കകത്ത് പ്രവേശിച്ചത്. നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു. കുർബ്ബാനക്കും നവേനക്കുമുള്ള പണമാണ് വഴിപാടിനത്തിൽ പള്ളിക്ക് സമർപ്പിച്ചത്.

ചടങ്ങുകൾക്കുശേഷം വികാരി മൈക്കിൾ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങി.ജയിൽ മോചനത്തിനായും രാമലീലയുടെ വിജയത്തിനായും നിരവധിപേർ കുർബ്ബാനകഴിപ്പിക്കാനെത്തിയെന്ന് വികാരി അറിയിച്ചപ്പോൾ ദിലീപ് കൈകൾകൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.നേർച്ചക്കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് പള്ളിയിൽ നിന്നും യാത്രയായത്. ദിലീപ് എത്തിയതറിഞ്ഞ് നിരവധി വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു. ആലുവ മുൻസിപ്പൽ കൗൺസിലർ ജെറോം മൈക്കിൾ സുഹൃത്തുക്കളായ ഏലൂർ ജോർജ്ജ്,ശരത് തുടങ്ങിയവർക്കൊപ്പമാണ് ദിലീപ് പള്ളിയിൽ എത്തിയത്. നേരത്തെ നേർന്നിട്ടുള്ള വഴിപാടുകൾ കഴിപ്പിക്കുന്നതിനായി ഇന്ന് താരം വിവിധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തുമെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ ആയ വേളയിൽ ദിലീപ് സങ്കീർത്തനം വായിച്ചാണ് തടവറയിൽ സമയം ചെലവിട്ടത്. ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. തുടർച്ചയായി വായനയിൽ മുഴുകിയപ്പോൾ 85 ദിവസത്തോളം ജയിലിൽ താമസിക്കാനുള്ള ഊർജ്ജം ദിലീപിന് ലഭിച്ചത് സങ്കീർത്തനും വായിച്ച ശേഷമാണ്.

ബൈബിളിന്റെ ആശയമാണ് സങ്കീർത്തനത്തിലൂടെ മനസുകളിലേക്ക് എത്തുന്നത്. പല ജയിൽ തടവുകാരും ആത്മവിശ്വാസം വീണ്ടുടെക്കാൻ ഉപയോഗിക്കുന്ന പുസ്തകം. ഇത് തന്നെയായിരുന്നു ദിലീപിന്റെ ജയിലിലെ ഉറ്റ സുഹൃത്ത്. ഓരോ വായനയും മനസിന് വല്ലാത്ത സുഖവും ആശ്വാസവും നൽകുന്നതായി ദിലീപ് തന്നെ വാർഡന്മാരോടു പറഞ്ഞതായി നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സങ്കീർത്തനം വായിച്ചു തുടങ്ങിയ ശേഷം ദിലീപിലെ മാറ്റം സഹതടവുകാർക്കും അനുഭവമായ കാര്യവും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. അതുവരെ ജയിൽ ജീവിതത്തിൽ വിഷണ്ണനായി ഒറ്റക്കിരുന്ന സൂപ്പർ സ്റ്റാർ സഹ തടവുകാരുടെ പേരും ഊരുമൊക്കെ അന്വേഷിച്ചു തുടങ്ങുയും സഹനശക്തി നേരിടുകയും ചെയ്തിരുന്നു.

നേരത്തെ ദിലീപിനെ അനുകൂലിച്ചു കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദീകൻ അദ്ദേഹം ജയിലിൽ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. സങ്കീർത്തനം വായന തുടങ്ങിയ സമയത്തായിരുന്നു ദിലീപിനെ പിന്തുണച്ച് മഞ്ഞുമ്മൽ കാർമൽ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആൻഡ്രൂസ് പുത്തൻപറമ്പിൽ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനായി പ്രാർത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദീകൻ ആഹ്വാനം ചെയ്തു. വിശ്വാസികൾ വലിയ തോതിൽ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്‌ച്ച. ആ ദിവസം തന്നെയാണ് വൈദീകൻ ഇതിനായി തിരഞ്ഞെടുത്തത്. ജയിലിൽ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലിന്റെ പ്രസംഗം.

നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേർ ജയിലിൽ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദീകൻ പറഞ്ഞിരുന്നു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദീകൻ സൂചിപിക്കുന്നത്. പ്രത്യേക സാഹര്യത്തിൽ ജയിലിൽ അകപ്പെട്ടപ്പോൾ ദിലീപ് സങ്കീർത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളിൽ വിശ്വാസം മുറുകെ പിടിക്കണമെന്നും വൈദീകൻ വിശ്വാസ സമൂഹത്തോട് പറഞ്ഞത്. നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദർശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തിൽ പ്രസംഗം നടന്നത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച സെന്റ് ആന്റണീസ് പള്ളിയിലും ദിലീപ് അടുത്തു തന്നെ കുർബാന കൊള്ളാൻ എത്തുമെന്നാണ് അറിയുന്നത്.