കൊച്ചി: 'ദൈവ ഭക്തി നല്ല കാര്യമല്ലെന്നാരും പറയുന്നില്ല ... പക്ഷെ ഇതുപോലെ ഇരുപത്തിനാല് മണിക്കൂറും ഭക്തിയും കൊണ്ട് നടക്കണ്ട കാര്യമെന്താ?' 'ഞാൻ ഒരു പാർട്ട് ടൈം ഭക്തൻ ആയാൽ മതിയെന്നാണോ അച്ഛൻ പറയുന്നത്?' 'മണ്ഡലകാലം വന്നപ്പോൾ മാലയിടാനെ പറഞ്ഞുള്ളൂ.... ഇട്ടു.... ഇനിയതൂരണം..... അടുത്ത സീസണിൽ വീണ്ടും ഇടാവല്ലോ...' 'ഓഹ്.... സീസണൽ ഭക്തി..... !'-ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസന്റെ അതിശക്തമായ ഡയലോഗായിരുന്നു ഇത്. സീസണൽ ഭക്തിയെന്ന കളിയാക്കിലിലൂടെ ശ്രീനിവാസൻ പലതും പറഞ്ഞു വച്ചു. ദിലീപിനെ സ്‌നേഹിക്കുന്നവരും അതുകൊണ്ട് തന്നെ ഇപ്പോൾ ആശങ്കയിലാണ്. ജയിൽ മോചിതനായ ദിലീപ് ഇതുവരെ താടി എടുത്തില്ല. ശബരിമലയിലേക്ക് മാലയിട്ട് മലചവിട്ടാനായിരുന്നു ജയലിനുള്ളിലെ നോമ്പെടുക്കൽ. ശബരിമല ദർശനത്തിന് ശേഷവും ദിലീപ് താടിയെടുക്കാത്ത് അതുകൊണ്ട് തന്നെ ആശങ്കയും ഉണ്ടാക്കി. എന്നാൽ ആശങ്ക വേണ്ട. ദിലീപ് വ്ൃതമെടുക്കുന്നില്ല. താടി വയക്കുന്നത് സിനിമാ അഭിനയത്തിന് വേണ്ടിയും.

അതായത് ശബരിമലയ്ക്ക് വൃതം നോക്കുമ്പോഴും തന്റെ പുതിയ ചിത്രത്തെ കുറിച്ച് ദിലീപിന്റെ മനസ്സിലുണ്ടായിരുന്നു. ജയിൽ മോചിതനായാലുടൻ അഭിനയമായിരുന്നു താരത്തിന്റെ മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ താടി നീട്ടി വളർത്തി. പുറത്തെത്തിയപ്പോൾ അത് കഥാപാത്രത്തിന് അനുയോജ്യവുമായി. കമാര സംഭവം പൂർത്തിയാവാൻ അവശേഷിക്കുന്നത് 15 ദിവസത്തേ ചിത്രീകരണമെന്ന് സൂചന. നായകൻ ദിലീപ് ചെന്നൈയിലെ ലൊക്കേഷനിലെത്തി വേഷമിട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതോടെ മുടങ്ങിയ ചിത്രീകരണത്തിൽ പങ്കെടുക്കാൻ ഉടൻ തിരികെ ചെന്നൈക്ക് തിരിക്കുകയും ചെയ്യും. മൂന്ന് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ താരത്തിന്റെ താടി പ്രധാന ഘടകം. ഇതിന് വേണ്ടി മാത്രമാണ് താടി വളർത്തൽ.

കമ്മാരസംഭവത്തിൽ മൂന്ന് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. സാധാരണ റോൾ. പിന്നെ താടിയുള്ള നായകൻ. 90 വയസുള്ള വ്യത്യസ്ത വേഷം. താടി വച്ചുള്ള രംഗങ്ങളാണ് കമാര സംഭവത്തിൽ ഇനി ചിത്രീകരിക്കാനുണ്ടായിരുന്നത്. കുറച്ച് താടി നിർത്തിയുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ ജയിലിലാവുന്നത്. പുറത്തിറങ്ങിയപ്പോൾ താരത്തിന്റെ താടി ആദ്യം ഷൂട്ട് ചെയ്തുവന്ന കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത രീതിയിലേക്ക് വളർന്നു. അതിനാൽ താടി നീട്ടി വളർത്തിയ കഥാപാത്രത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ച ശേഷം ആവശ്യമായത്ര നീളം മുറിച്ചുമാറ്റി നേരത്തെ ചിത്രീകരിച്ചതിന്റെ ബാക്കി ഭാഗം ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ്് ലഭ്യമായ വിവരം. ഇത് അറിയാവുന്നതുകൊണ്ട് കൂടിയാണ് ദിലീപ് അഴിക്കുള്ളിൽ താടി നീട്ടി വളർത്താൻ തുടങ്ങിയത്.

ഇനിയും ദിവസങ്ങളുടെ ഷൂട്ടിങ് ഈ ചിത്രത്തിനുണ്ട്. കമ്മാരസംഭവത്തിൽ 90 വയസ്സായ കഥാപാത്രമായി മാറാൻ അഞ്ച് മണിക്കൂറോളം നീളുന്ന ചമയമൊരുക്കൽ വേണ്ടിവരും. ഒരു ദിവസം ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ ചിത്രീകരണമേ സാദ്ധ്യമാവു. ഇനി അവശേഷിക്കുന്നതിൽ കൂടുതൽ ദിവസവും ഈ രംഗത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് മാറ്റി വച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. ഈ രംഗങ്ങളുടെ ഷൂട്ട് കേരളത്തിലാകും. എന്നാൽ ലൊക്കേഷൻ പുറത്തു വിട്ടിട്ടില്ല. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം താരം പ്രൊഫ.ഡിങ്കന്റെ ലൊക്കേഷനിലെത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.ഡിസംമ്പർ പകുതിയോടെ ചിത്രീകരണം തുടങ്ങാൻ പാകത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.

ക്രിസ്മസ് റിലീസായി കമ്മാരസംഭവം പുറത്തിറക്കാനാണ് ആലോചന. അതിന് വേണ്ടി വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. അതിനിടെയാണ് ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്. ഇനി ഇത്തരം നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ അതിവേഗം ചിത്രീകരണം നടത്തും. അതിന് ശേഷം ക്രിസ്മസിന് തിയേറ്ററിലെത്തും. ദിലീപിന്റെ രാമലീല വമ്പൻ വിജയമായിരുന്നു. ഇത് കമാരസംഭവത്തിനും പുതിയ എനർജി നൽകിയിട്ടുണ്ട്. മൂന്ന് ഗെറ്റപ്പെലിള്ള ദിലീപിന്റെ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ഇതോടു കൂടി മലയാള സിനിമയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയും അകലുമെന്ന് ദിലീപ് ഫാൻസുകാർ പറയുന്നു.

ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലർക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കമ്മാരസംഭവത്തിന്റെ ലൊക്കേഷനിലെത്തിയത്. ദിലീപ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകൻ. ലാൽജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാൽജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിർമ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുൾപ്പെടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിർവഹിക്കുന്നത്. മുരളിഗോപി ചിത്രത്തിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്.

തമിഴ് താരം സിദ്ധാർത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തിൽ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. അറസ്റ്റിലാകുന്നതിന് മുമ്പ് ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്. അവശേഷിക്കുന്ന ചിത്രീകരണത്തിൽ ദിലീപും സിദ്ധാർത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക.

ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.