- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നു എന്ന ഹെക്കോടതി നിരീക്ഷണം സുപ്രധാനം; നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥ നടൻ ലംഘിച്ചതിന് തെളിവുകൾ ഏറെ; പൊലീസുകാരെ വകവരുത്താനുള്ള ഗൂഢാലോചന കേസ് നിർണ്ണായകം; പഴയ കേസിലെ ജാമ്യം റദ്ദാക്കും; ദിലീപിനെ ചുറ്റിവരിഞ്ഞ് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ അന്വേഷണ സംഘം സമീപിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിൽ വ്യക്തമായ തെളിവു കിട്ടിയ സാഹചര്യത്തിലാണ് ഇത്. ഗൂഢാലോചന കേസിൽ ദിലീപിന്റെ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്ന് ഹൈക്കോടതി നിലപാട് എടുത്താലും നടനെ ജയിലിൽ അടയ്ക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
നടിയെ ആക്രമിച്ച കേസിനൈാപ്പം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുള്ള പുതിയ കേസും ദിലീപിന്റെ പേരിലുണ്ട്. ഇതിനൊപ്പം നടിയെ തട്ടിക്കൊണ്ടു പോയ ദിവസം ആശുപത്രിയിൽ കിടന്നുവെന്നതിലെ വാദം കള്ളമാണെന്ന് കാട്ടി മറ്റൊരു കേസും ദിലീപിനെതിരെ കൊണ്ടു വരും. ഇതെല്ലാം വിചാരണ പുരോഗമിക്കുന്ന കേസിലെ ജാമ്യ വ്യവസ്ഥയുടെ ലംഘനമായി വിലയിരുത്തപ്പെടും. ഈ കേസുകളെല്ലാം ചൂണ്ടികാട്ടി ദിലീപിന്റെ പഴയ ജാമ്യം റദ്ദാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇനിയുള്ള കാലം ജയിലിനുള്ളിൽ കിടന്ന് വിചാരണ നേരിടുന്നുവെന്ന് ഉറപ്പിക്കാനാണ് ശ്രമം. സാക്ഷികളെ ഇനി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഈ നീക്കം അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നത്. മൂന്ന് ദിവസം ദിലീപിനേയും മറ്റ് പ്രതികളേയും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നിർണ്ണായകമായ പല തെളിവും പ്രോസിക്യൂഷൻ കിട്ടയിട്ടുണ്ട്. ചോദ്യം ചെയ്യൽ തൽസമയം ചിത്രീകരിക്കും. അതിന് ശേഷം കാര്യങ്ങൾ വിലയിരുത്തി ഈ കേസിലും കസ്റ്റഡി വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിക്കും.
ദിലീപിനെ കുറേ ദിവസങ്ങളായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ദിലീപുമായി അടുപ്പം പുലർത്തുന്നവരെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിൽ നിന്ന് നിർണ്ണായകമായ പല വിവരങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഗൂഢാലോചന കേസ് അട്ടിമറിക്കാൻ പോലും ദിലീപ് പല തലത്തിൽ ശ്രമിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ മതിയായ തെളിവുകൾ കിട്ടികഴിഞ്ഞുവെന്നാണ് പൊലീസ് നിഗമനം. ക്രൈംബ്രാഞ്ച് കരുതലോടെ തന്നെ എല്ലാം വിലയിരുത്തുന്നുണ്ട്. വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് നേരിട്ട് എല്ലാം പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയിട്ടുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതികൾ രാവിലെ ഒൻപത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി. രാത്രി എട്ടുവരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ വ്യാഴാഴ്ച മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിർദ്ദേശിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കാൻ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തും.
മുൻകൂർ ജാമ്യ ഹർജിയുടെ തുടക്കത്തിൽ ദിലീപിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി എടുക്കുന്നതെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ ചില തെളിവുകൾ ഈ ഘട്ടത്തിൽ കോടതിക്ക് മുന്നിലെത്തി. ഇതോടെയാണ് ദിലീപിന്റേ കേസിലെ ഗൗരവം ഹൈക്കോടതി ഉൾക്കൊണ്ടതും ചോദ്യം ചെയ്യാൻ അനുമതി നൽകിയതും. ഈ കേസ് രജിസ്റ്റർ ചെയ്തതോടെ ദിലീപ് വിചാരണയെ സ്വാധീനിക്കാൻ പലവിധ ഇടപെടലുകൾ നടത്തിയെന്ന് വ്യക്തമായി എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ജാമ്യ വ്യവസ്ഥ ലംഘിച്ചതു കൊണ്ട് പഴയ കേസിലെ ജാമ്യം റദ്ദാക്കണമെന്നതാണ് പ്രോസിക്യൂഷൻ നിലപാട്.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നതാണെന്നും നിരീക്ഷിച്ചു. ഈ തെളിവുകൾ പരിഗണിച്ചാൽ തന്നെ പഴയ കേസിലെ ജാമ്യം റദ്ദാക്കേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്.
പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മറുനാടന് മലയാളി ബ്യൂറോ