കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ വിഭാഗത്തിന് കനത്ത തിരിച്ചടി. ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഫോണുകൾ അന്വേഷണ സംഘത്തിന് ഇനിയും വിശദമായ പരിശോധന നടത്താൻ അനുവാദം കിട്ടിയില്ല. ഫോൺ ആലുവയിലെ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചതാണ് പ്രോസിക്യൂഷന് തിരിച്ചടിയേറ്റത്. ഫോണുകൾ തുറക്കാനുള്ള ലോക്ക് പാറ്റേൺ ദിലീപ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഫോണുകൾ ലഭിക്കാൻ അന്വേഷണ സംഘത്തിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. ആലുവ കോടതിക്കാകും ഇനി ഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. കേസ് ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും. ഈ അവസരത്തിലാകും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.

ഫോണുകൾ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി വർഗീസ് എതിർത്തു. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു. ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിർദ്ദേശം കോടതി രേഖപ്പെടുത്തി. തുടർന്ന് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഫോണുകൾ മജ്സട്രേറ്റ് കോടതിക്കു കൈമാറാൻ ഉത്തരവിട്ടു. ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കും.

ദിലീപ് ഹാജരാക്കിയ ആറു ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോൺ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി ആവർത്തിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹർജിയിൽ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോൺ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെൽവുകൾ ലഭിച്ചിട്ടുണ്ട്. അതിൽനിന്ന 12,000ൽ ഏറെ കോളുകൾ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷൻ പറഞ്ഞു.

ഒരു ഫോൺ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഈ കേസിൽ പ്രതിക്ക് അനാവശ്യ പരിഗണന കിട്ടുന്നതായി വിമർശനം ഉയരുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഭാവിയിൽ മറ്റു പ്രതികളും സമാനമായ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.