- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദിലീപിന് ജാമ്യം വാങ്ങി നൽകിയത് നെയ്യാറ്റിൻകര ബിഷപ്പോ? പുറത്തിറക്കിയതിന്റെ നേർച്ചയ്ക്ക് പള്ളി കൊടിമരത്തിന് 50,000രൂപയും നൽകി; ബാലചന്ദ്രകുമാറിനെതിരെ ഹൈക്കോടതിയിൽ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; രാവിലെ കോടതി നിന്നത് ദിലീപിനൊപ്പം; ആ തെളിവുകൾ കണ്ടപ്പോൾ ഭയന്ന് വിറച്ചു; ദിലീപിന്റെ വാദങ്ങളെ ക്രൈംബ്രാഞ്ച് തകർത്ത കഥ
കൊച്ചി: ആ രണ്ട് തെളിവുകൾ ഹൈക്കോടതിക്ക് മുമ്പിൽ എത്തിയില്ലായിരുന്നുവെങ്കിൽ ദിലീപ് കേസിൽ പ്രോസിക്യൂഷൻ വമ്പൻ പ്രതിസന്ധിയിലേക്ക് നീങ്ങിയേനേ. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ വെളിപ്പെടുത്ത താരം സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണമാണ് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമല്ല മറ്റ് തെളിവുകളുമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
ബാലചന്ദ്രകുമാറിനെതിരെ ഹൈക്കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചു. നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ് കുറ്റപ്പെടുത്തുന്നു. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. തന്റെ ഭാര്യ ലത്തീൻ കാത്തലിക് ആണെന്ന് പറഞ്ഞാണ് ബിഷപ്പുമായുള്ള ബന്ധത്തെ കുറിച്ച് അറിയിച്ചതെന്നും പറയുന്നുത
ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യം.
വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിന്റ് ഔട്ടുമാണ്. 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈപ്പറ്റിയിട്ടുണ്ട്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോൾ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പാണ് ദിലീപിന് ജാമ്യം തരപ്പെടുത്തി കൊടുത്തിയതെന്ന അവകാശ വാദം ബാലചന്ദ്രകുമാർ പല ഘട്ടങ്ങളിൽ ഉന്നയിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
ബിഷപ്പിന് പണം കൊടുക്കാൻ നിഷേധിച്ചപ്പോൾ പള്ളിയിൽ കൊടിമര നേർച്ചയുണ്ടെന്നും ജാമ്യം കിട്ടയതിനാൽ കൊടിമരം കെട്ടണമെന്നും ആവശ്യപ്പെട്ടു. ഇതിന് വേണ്ടി അമ്പതിനായിരം രൂപ നൽകി. കൊടിമരം താൻ നിർമ്മിച്ചുവെന്നും നേർച്ച നടത്തിയെന്നും പറഞ്ഞും ബാലചന്ദ്രകുമാർ ഫോട്ടോ അയച്ചു തന്നുവെന്നും ആരോപിക്കുന്നു. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉണ്ട്. അന്തരിച്ച സംവിധായകൻ സച്ചി അടക്കമുള്ളവർ സഹകരിച്ചിട്ടും തിരക്കഥ പൂർത്തിയായില്ലെന്നതാണ് ഇതിൽ ഒന്ന്.
ജാമ്യം കിട്ടിയ ശേഷം ക്രിമിനൽ പശ്ചാത്തലമുള്ള സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞെന്നും വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും ആരോപിക്കുന്നു. ഈ സത്യവാങ്മൂലമാണ് ഹൈക്കോടതിയെ ആദ്യം ദിലീപിന് അനുകൂലമാകൻ പ്രേരിപ്പിച്ചത്. തീയതിയും തെളിവുകളും അടക്കം ഹൈക്കോടതിയെ എല്ലാം ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കായി. ഇതിനിടെയാണ് ഉച്ചയ്ക്ക് ശേഷം സീൽ ചെയ്ത കവറിൽ ചില തെളിവുകൾ കോടതിക്ക് മുമ്പിൽ ക്രൈംബ്രാഞ്ച് നൽകിയത്. ഇതോടെ എല്ലാം ദിലീപിന് എതിരായി. അങ്ങനെയാണ് ചോദ്യം ചെയ്യലിന് അനുമതി നൽകിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുമ്പോൾ കരുതലുകൾ എല്ലാം ക്രൈംബ്രാഞ്ച് എടുത്തിട്ടുണ്ട്, കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തുന്നു. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു.
ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയാണ് ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികൾ.
അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ