- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണാ നടപടികൾ 14ന് തുടങ്ങാനിരിക്കേ നിർണായക കരുനീക്കവുമായി ദിലീപ്; നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി; നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ തനിക്ക് ലഭിക്കാത്തത് പ്രതിയെന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമെന്ന് നടൻ; പുതിയ സിനിമകൾക്ക് ഡേറ്റ് നൽകാതെ അരയും തലയും മുറുക്കി ജനപ്രിയൻ നിയമപോരാട്ടത്തിന് ഒരുങ്ങിയിറങ്ങുന്നു
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കേസിലെ നിർണായകമായ കരുനീക്കം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകിയത്. പ്രതിയെന്ന നിലയിൽ അവകാശപ്പെട്ട രേഖകൾ തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമപരമായി താനിക്കെതിരായ അവഗണനയാണെന്നും ദിലീപ് ടൂണ്ടിക്കാട്ടുന്നത്. നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചായിരുന്നു ഹർജി. ഇതിനു പിന്നാലെയാണ് വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തിന് ശേഷം കൂടിയാണ് താരം ഹർജി നൽകിയതെന്നതും ശ്രദ്ദേയമാണ്. യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്ര

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കേസിലെ നിർണായകമായ കരുനീക്കം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപ് ഹർജി നൽകിയത്. പ്രതിയെന്ന നിലയിൽ അവകാശപ്പെട്ട രേഖകൾ തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമപരമായി താനിക്കെതിരായ അവഗണനയാണെന്നും ദിലീപ് ടൂണ്ടിക്കാട്ടുന്നത്.
നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചായിരുന്നു ഹർജി. ഇതിനു പിന്നാലെയാണ് വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തിന് ശേഷം കൂടിയാണ് താരം ഹർജി നൽകിയതെന്നതും ശ്രദ്ദേയമാണ്.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുൻപ് എല്ലാ തെളിവുകളും ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ഹർജി നൽകിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോൺ വിവരങ്ങളും പ്രതികൾക്കു നൽകിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തൽകാലം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ദിലീപ് തീരുമാനിച്ചിരുന്നു. പുതിയ സിനിമകൾക്കൊന്നും ഡേറ്റ് നൽകിയിരുന്നില്ല. ഇനി രണ്ടിലൊന്ന് അറിഞ ശേഷം സിനിമയിൽ സജീവമാകാം എന്നാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ തുടങ്ങിയാൽ ഇടക്കിടെ താരം കോടതി കയറേണ്ടി വരും. അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തിലാണ് തൽകാലത്തേക്ക് ദിലീപ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.
2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഞ്ജു വാരിയർ നടത്തിയ പ്രതികരണമാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷൻ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയിൽ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്.
തെളിവെടുപ്പിനുശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ചു ബ്ലാക്‌മെയിൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതി നൽകി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ജൂൺ 28ന് ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു. കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയിൽ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികൾ.
പ്രതികൾക്കെതിരെ കൂട്ടമാനഭംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചിട്ടുണ്ട്.
കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നിൽ ദിലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ ശാസ്ത്രീയ തെളിവുകളിലൂടെ ദിലീപിനെതിരായ കുറ്റം തെളിയിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിൽ സാക്ഷികളെല്ലാം പ്രോസിക്യൂഷൻ നിലപാടിന് ഒപ്പം ഉറച്ചു നിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ വിചാരണാ നടപടികൾ റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം നിർണായകമാകും. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. പ്രധാനപ്പെട്ട പല കേസുകളും വാക് ചാതുരിയിലും നിയമ വൈദഗ്ധ്യത്തിലൂടേയും അനുകൂലമാക്കിയ ചരിത്രമാണ് രാമൻപിള്ളയ്ക്കുള്ളത്. ഇത് ദിലീപിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

