കൊച്ചി: നടൻ ദിലീപിനു വിദേശ യാത്ര തടയാനുറച്ച് പൊലീസ്. ദിലീപിന് വിദേശത്ത് പോകാൻ അനുമതി നൽകിയ എറണാകുളം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരേ പൊലീസ് ഹൈക്കോടതിയിലേക്ക്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു ഹർജി നൽകാനാണു നീക്കം. നടിയെ ആക്രമിച്ച കേസിൽ പെൻ ഡ്രൈവ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഇപ്പോഴും ആരോ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇത് ദുബായിലേക്ക് ഒളിച്ചു കടത്തിയെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തിൽ വിചാരണയിലേക്ക് കേസ് കടക്കുമ്പോൾ ദിലീപിനെ വിദേശത്തേക്ക് വിടരുതെന്നാകും ആവശ്യം.

കമ്മാരസംഭവമെന്ന സിനിമയുടെ പ്രചരണാർത്ഥമാണ് ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നൽകിയത്. നേരത്തെ ദേ പുട്ടിന്റെ ദുബായിലെ ഉദ്ഘാടനത്തിനും അമ്മയുമൊത്ത് ദിലീപ് പോയിരുന്നു. അന്ന് അതീവ രഹസ്യമായി പൊലീസും ദിലീപിനെ അനുഗമിച്ചു. ഇത്തവണ സിംഗപൂരിലും ദുബായിലും ദിലീപ് പോകുന്നുണ്ട്. ഇതുകൊണ്ട് തന്നെ ദിലീപിനെ അനുഗമിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതു കൊണ്ടാണ് കോടതിയിൽ വിദേശയാത്രയെ ചോദ്യം ചെയ്യുന്നത്. അതിനിടെ വരാപ്പുഴ കസറ്റഡി മരണത്തിൽ പൊലീസിന്റെ പ്രതിച്ഛായ തകർക്കാൻ ദിലീപ് ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. ആലുവ എസ് പി എവി ജോർജിനെതിരെ ജനവികാരം ഇളക്കി വിടാൻ കരുനീക്കം നടത്തിയത് ദിലീപ് ഫാൻസാണെന്നാണ് വിലയിരുത്തൽ. എവി ജോർജാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇതിനുള്ള പ്രതികാരമായിരുന്നു വരാപ്പുഴയിലെ ഇടപെടലെന്നാണ് ആരോപണം.

ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പൊലീസ് കരുനീക്കം സജീവമാക്കുന്നത്. കേസ് വിചാരണഘട്ടത്തിലെത്തിയതിനാൽ പാസ്പോർട്ട് വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ യാത്ര അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. വ്യക്തിയുടെ പാസ്പോർട്ട് കോടതിക്കു കൈവശംവയ്ക്കുന്നതിനു കാലാവധിയുണ്ടോ എന്നകാര്യത്തിൽ ഇന്നലെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നിയമവിദഗ്ധരുമായി ചർച്ച നടത്തി. കോടതിയിൽനിന്നു ദിലീപ് പാസ്പോർട്ട് കൈപ്പറ്റേണ്ടത് ഇന്നാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് കോടതിയിലേക്ക് പോകുന്നത്. പാസ്പോർട്ട് ദീർഘനാൾ പിടിച്ചുവയ്ക്കാൻ കോടതിക്ക് അവകാശമില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദമുന്നയിച്ചിരുന്നു.

പാസ്പോർട്ട് പിടിച്ചുവയ്ക്കരുതെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഹരിപ്രസാദിന്റെ വിധിയുണ്ട്. മേനകാ ഗാന്ധി കേസിലും എ.കെ. ഗോപാലൻ കേസിലും സുപ്രീം കോടതി പ്രതിയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നതിനെ അനുവദിക്കുന്നില്ല. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നതു വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതാണെന്നും ഇക്കാര്യത്തിൽ മറ്റുമാർഗങ്ങൾ നോക്കണമെന്നുമാണു സുപ്രീം കോടതി നിർദ്ദേശം. ഇതെല്ലാം ചൂണ്ടിക്കാട്ടി ഉപാധികളില്ലാതെ പാസ്പോർട്ട് തിരികെ വാങ്ങാനാകും ദിലീപ് ശ്രമിക്കുകയെന്നും പൊലീസ് സംശയിക്കുന്നു.

സെഷൻസ് കോടതിയുടെ ഇന്നത്തെ നടപടി അറിഞ്ഞ ശേഷമോ അതിനു മുമ്പായോ ഹൈക്കോടതിയിൽ ഹർജി നൽകാനാണു നീക്കം. ഉപാധികളില്ലാതെ ദിലീപിനു പാസ്പോർട്ട് തിരികെ ലഭിക്കുന്നതു ഈ ഘട്ടത്തിൽ അപകടമാണെന്നാണു പ്രോസിക്യൂഷന്റെ വാദം. ഇപ്പോഴത്തെ യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും സംശയമുണ്ട്. ഇതിന് വേണ്ടിയാണ് സിംഗപ്പൂരിൽ പോകുന്നതെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തും. സിനിമയുടെ റിലീസ് നടനില്ലെങ്കിലും നടക്കും. ഇതിന് മുമ്പ് ദിലീപ് ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ട് ദുബായ് യാത്ര നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും.

കമ്മാരസംഭവത്തിന്റെ റിലീസിനായി സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ ഈ മാസം 25 മുതൽ മെയ്‌ നാലുവരെ പോകാനാണു കഴിഞ്ഞാഴ്ച അനുമതി നൽകിയത്. കോടതി തീരുമാനം അറിഞ്ഞശേഷമേ വിദേശത്തുപോകുന്നതു തീരുമാനിക്കൂവെന്നു ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. യാത്രയെ സംബന്ധിച്ച വിശദീകരണം നൽകാൻ സെഷൻസ് കോടതി ദിലീപിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ വിസ ലഭിക്കാതെ വിശദീകരണം നൽകാനാവില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. വിസ ലഭിക്കണമെങ്കിൽ പാസ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നാണ് വാദം. ഇതിൽ വാദം തുടരുകയാണ്.