കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശത്തു തുടരാൻ വീണ്ടും കോടതിയുടെ അനുമതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നടനി വിദേശത്ത് തുടരാൻ അനുമതി നൽകിയത്. കമ്മാര സംഭവത്തിന്റെ വിദേശ പ്രചരണത്തിന് ഏപ്രിൽ 25 മുതൽ മെയ്‌ നാലുവരെ വിദേശത്തു പോകാൻ കേസിലെ പ്രതിയായ ദിലീപിനു നേരത്തേ കോടതി അനുമതി നൽകിയിരുന്നു. സമയം നീട്ടി നൽകണമെന്നു കാണിച്ച് അഭിഭാഷകൻ മുഖേന ദിലീപ് അപേക്ഷ നൽകിയതിനെ തുടർന്നാണു 13 വരെ തുടരാൻ അനുവദിച്ചത്.

മെയ്‌ 14 നു കോടതിയിൽ പാസ്‌പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിട്ടുമുണ്ട്. നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി തുടങ്ങുന്നതിനായി 21നു കോടതി വീണ്ടും കേസ് പരിഗണിക്കും. കേസിന്റെ വിചാരണ പൂർത്തിയാകുംവരെ കോടതിയുടെ അനുവാദമില്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാൻ പാസ്‌പോർട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ ജാമ്യം ലഭിച്ചശേഷം വിദേശയാത്ര നടത്താൻ രണ്ടാം തവണയാണു ദിലീപ് കോടതിയുടെ അനുവാദം ചോദിച്ചതും ലഭിക്കുന്നതും.

കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോൾ പരിപാടിയിൽ മുൻ ട്രഷററായ നടൻ ദിലീപിനെ മടക്കിക്കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്. അതേസമയം ദിലീപിന്റെ വിദേശയാത്രകൾ പരിശോധിക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ചില വിവാദങ്ങൾ ഉണ്ടായിരുന്നു. അതേസമയം ഇപ്പോൾ താരത്തിന് വീണ്ടും വിദേശത്ത് തുടരാൻ അനുമതി നൽകിയത് നടിക്കൊപ്പം നിന്നവരുടെ നെറ്റി ചുളിക്കാൻ കാരണായിട്ടുണട്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതിയിൽ നേരത്തെ തുടങ്ങിയിരുന്നു. ദിലീപ് അടക്കമുള്ള പ്രതികൾ പ്രതിക്കൂട്ടിൽ കയറി നിൽക്കുകയുമുണ്ടായി. കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാൽസംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്.