കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകുക എന്ന ആലോചനയോടെയാണ് സുപ്രീംകോടതിയിലും ദിലീപ് നിയമപോരാട്ടം തുടരുന്നത്. പ്രതികളിൽ നിന്നും കണ്ടെടുത്ത ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടക്കുന്നത്. ഇതിനിടെ കേസ് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിന്റെ വിചാരണയ്ക്കു പ്രത്യേക കോടതിയെ നിയോഗിച്ചേക്കും. ഇതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണു സൂചന. കോടതിയുടെ അനുമതിയോടെ വിദേശത്തു പോയ നടൻ ദിലീപ് ഒഴികെ കേസിലെ എല്ലാ പ്രതികളും ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി.

അതിനിടെ കേസിന്റെ വിചരണക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ കത്തിനു മറുപടിയായാണു ഹൈക്കോടതിയുടെ നടപടി. ഈ കോടതിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ പ്രതിയായിട്ടുള്ള കേസിന് മുൻഗണന നൽകി വിചാരണ വേഗം പൂർത്തിയാക്കണം. ആദ്യത്തെ കേസായെടുത്തും വിചാരണ തീർക്കാവുന്നതാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഒരു വർഷ കാലവധി നൽകി പ്രത്യേക കോടതി അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ, ഇതു പ്രായോഗികമല്ലെന്നാണു ഹൈക്കോടതി അറിയിച്ചിട്ടുള്ളത്.

എറണാകുളം ജില്ലയിൽ നിലവിൽ ഒരു പോക്സോ കോടതി ഉണ്ടെങ്കിലും കേസുകളുടെ ബാഹുല്യമുള്ളതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അതിനാലാണ് പോക്സോ നിയമപ്രകാരംതന്നെ മറ്റൊരു സ്പെഷൽ കോടതി ആകാമെന്നു ഹൈക്കോടതി അറിയിച്ചത്. കോടതിയുടെ പ്രവർത്തനച്ചെലവും മറ്റും സംസ്ഥാന സർക്കാരാണു വഹിക്കേണ്ടത്.
പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. അതിനാൽ, വനിതാ ജഡ്ജിയുടെ വിഷയം ഹൈക്കോടതി പരിഗണിച്ചില്ല. വനിതാ ജഡ്ജി വേണമെന്നും പ്രത്യേക അതിവേഗ കോടതി വേണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ അപേക്ഷ ഹൈക്കോടതിയിലുണ്ട്. വനിതാ ജഡ്ജി വേണമെന്നു നടി സർക്കാരിനു നൽകിയ കത്തിലും ഉന്നയിച്ചിരുന്നു.

ഇന്നലെ വിചാരണ ആരംഭിക്കാനായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം. അതിനിടെയാണു കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ പകർപ്പ് വേണമെന്നും അതുവരെ വിചാരണ നടപടി തുടങ്ങരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്റെ വിശദീകരണം തേടിയ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്കു മാറ്റി. അതിനിടെ ഇന്നലെ നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന പ്രതി സലിം ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. കേസ് ഇനി 29നു വീണ്ടും പരിഗണിക്കും. ജനുവരി 5 വരെ വിദേശത്തു തങ്ങാനുള്ള അനുവാദമാണു ദിലീപിനു കോടതി നൽകിയിട്ടുള്ളത്.

അതിനിടെ പൊലീസിന് തിരിച്ചടിയായുള്ള നടപടികളും ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാനതെളിവായിരുന്ന മൊബൈൽഫോൺ നശിപ്പിച്ചതിന് പ്രതിചേർത്ത അഭിഭാഷകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത് ഫലത്തിൽ ദിലീപിന് അനുകൂലമാക്കി കാര്യങ്ങളെ മാറ്റിയിട്ടണ്ട്. അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരെയാണ് ഹൈക്കോടതി കേസിൽനിന്ന് കുറ്റവിമുക്തരാക്കിയത്. അഭിഭാഷകർ ഫോൺ വാങ്ങിവെച്ചതല്ലാതെ മെമ്മറി കാർഡോ സിം കാർഡോ നശിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ പ്രതീഷ് ചാക്കോയ്ക്ക് നൽകിയെന്നും, ഈ ഫോൺ രാജു ജോസഫ് നശിപ്പിച്ചെന്നുമായിരുന്നു പൊലീസിന്റെ കുറ്റപത്രം. ഇതേതുടർന്ന് നടിയെ ആക്രമിച്ച കേസിൽ ഇരുവരെയും പ്രതിചേർക്കുകയും ചെയ്തു. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അഭിഭാഷകർ ഇതേആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.