കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയെന്ന വികാരം പങ്കുവച്ച് സിനിമാക്കാർക്കിടയിൽ പ്രതിഷേധം ശക്തം. ഈ പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു എത്തുമ്പോൾ ചർച്ചയാകുന്നത് കോടതിയിലെ അട്ടിമറിയാണ്. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്ന് ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു. അതിരഹസ്യ വിചാരണയാണ് നടിയ ആക്രമിച്ച കേസിൽ നടക്കുന്നത്. ഇതിലെ വിചാരണയിൽ പ്രതിയായ ദിലീപിന് അനുകൂലമായി ഭാമയും സിദ്ദിഖും മാറിയെന്ന സൂചനയാണ് ആഷിഖ് അബു പങ്കുവയ്ക്കുന്നത്.

ആഷിഖ് അബുവിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ റീമാ കല്ലിങ്കലും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ രേവതിയും രമ്യാ നമ്പീശനും സോഷ്യൽ മീഡിയയിൽ പ്രതികരണവുമായെത്തി. ഭാവനയുടെ സോഷ്യൽ മീഡിയാ പ്രതികരണവും ചർച്ചയാകുന്നുണ്ട്. വിചാരണയിൽ സിനിമാക്കാർ കൂറുമാറുന്ന എന്ന സൂചനയാണ് ഈ പോസ്റ്റുകളിലുള്ളത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ?ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചു.

ഭാമയുടെ വിവാഹ റിസപ്ഷനനിൽ ദിലീപും കാവ്യാ മാധവനും പങ്കെടുത്തിരുന്നു. ഭാമയെ കാവ്യ കെട്ടിപിടിച്ചാണ് അന്ന് സന്തോഷം പങ്കുവച്ചത് അന്ന് മുതൽ തന്നെ ഭാമയുടെ കൂറുമാറ്റം സിനിമാ മേഖല ചർച്ച ചെയ്തിരുന്നു. ഇതിനെ സാക്ഷിയെ സ്വാധീനിക്കാനുള്ള ഗൂഡ നീക്കവുമായും വിലയിരുത്തി. അതെല്ലാം സംഭവിച്ചുവെന്നു വേണം ആഷിഖ് അബു അടക്കമുള്ളവരുടെ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ. മലയാളവും കടന്ന് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മുഴുവൻ സമ്പാദിച്ച അഭിനേത്രിയാണ് ഭാവന. ഭാവനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റും സജീവ ചർച്ചയാണ്.

'മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കർമ'.. എന്നാണ് ഭാവന ഇൻസ്റ്റാ?ഗ്രാമിൽ കുറിച്ചത്.

ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

രമ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പം....

റിമയുടെ കുറിപ്പിന്റെ പൂർണരൂപം

അതിജീവിച്ചയാളുടെ കൂടെ നിന്ന സഹപ്രവർത്തകർ അവൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ അവസാന നിമിഷം എതിരായത് വേദനാജനകമാണ്. ഈ വ്യവസായത്തിന്റെ അധികാര സമവാക്യത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തിൽ ഇരകളാണെന്ന് നമുക്കറിയാം, അപ്പോഴും അത് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നു.

നാലു പേർ അവരുടെ പ്രസ്താവന മാറ്റിയത് ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദീഖ്, ഭാമ ഇപ്പോഴും എണ്ണി കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കിൽ അത് നാണക്കേടാണ്.

Shame. Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed...

രേവതിയുടെ കുറിപ്പ് വായിക്കാം

സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ.

എന്നാൽ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല.

It's sad that we can't trust our own colleagues in the film industry. So many years of work, so many projects, but when...