- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതു കൊല്ലത്തെ ഒരു എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയെന്ന് മനോരമ; സോളാർ കേസിലെ ഇരയെ അട്ടക്കുളങ്ങര ജയിലിൽ പോയി സന്ദർശിച്ച് മൊഴി മാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് ഇതെന്ന സൂചനയും; ബേക്കലിലെ ഭീഷണിയിൽ പത്തനാപുരം ബന്ധമോ? ദിലീപ് കേസിൽ പുതിയ ട്വിസ്റ്റുമായി മനോരമ
കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി കൊല്ലം ജില്ലയിലെ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയാണന്നു പൊലീസ് കണ്ടെത്തിയെന്ന് മനോരമയുടെ വാർത്ത. സോളർ കേസിൽ കോടതി മുൻപാകെ മൊഴി നൽകിയ ഇരയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സന്ദർശിച്ച് മൊഴിമാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് സെക്രട്ടറിയെന്നും മനോരമയുടെ വാർത്തയിൽ വിശദീകരിക്കുന്നു. പ്രതിയുടെ അറസ്റ്റ് തടയാൻ എംഎൽഎ സ്വാധീനം ചെലുത്തിയതിനും തെളിവു ലഭിച്ചുവെന്നാണ് മനോരമയുടെ എക്‌സ്‌ക്ലൂസീവ് വാർത്തിയൽ പറയുന്നത്.
സോളാർ കേസിൽ പിടിയിലായ ഇരയെ അട്ടകുളങ്ങര വനിതാ ജയിലിൽ വേഷം മാറി കാണാൻ പോയത് മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണെന്ന ചർച്ച അന്നുയർന്നിരുന്നു. പ്രച്ഛന്നവേഷത്തിൽ അട്ടക്കുളങ്ങര ജയിലിലെത്തി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് കുമാറാണെന്ന് സൂചനകളുടെ അടിസ്ഥാനത്തിൽ സോളാർ കമ്മീഷനും ഇയാളെ വിളിച്ചിരുന്നു. ആദർശ് എന്നയാളാണു ജയിലിലെത്തിയതെന്ന ജയിൽ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടീം സോളർ കമ്പനിയിലെ മുൻ അസി. വൈസ് പ്രസിഡന്റ് ആദർശിനെ അന്വേഷണ കമ്മിഷൻ വിളിച്ചുവരുത്തിയെങ്കിലും ജയിൽ സന്ദർശിച്ചത് താൻ അല്ലെന്ന് ഇദ്ദേഹം മൊഴി നൽകിയിരുന്നു.
തിരിച്ചറിയൽ കാർഡില്ലാതെയാണ് പ്രദീപ് എത്തിയതെന്നാണ് അന്ന് ഉയർന്ന വിവാദം. അന്ന് ഇരയെ കാണാൻ അയാളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇര മാധ്യമങ്ങൾക്ക് നൽകാനിരുന്ന കത്ത് 23 പേജിൽ നിന്ന് നാലായി ചുരുങ്ങിയത്. ഇതിനായി പലരും ഇരയ്ക്ക് പണം നൽകിയെന്ന ആരോപണവും ഉയർന്നിരുന്നു. 2013 ജൂലായ് 27ന് സരിതയുടെ അമ്മയോടൊപ്പമാണ് പ്രദീപ് ജയിലിലെത്തിയതെന്നാണ് അന്നുയർന്ന ആരോപണം. ഈ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചകങ്ങളാണ് നടിയെ ആക്രമിച്ച കേസിൽ മനോരമയും ഇപ്പോൾ പുറത്തു വിടുന്നത്. എന്നാൽ ബേക്കലിലെ പ്രതിയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗണേശിന്റെ പിഎ ആണെന്നതിന് ഇനിയും പൊലീസ് സ്ഥിരീകരണം നൽകുന്നുമില്ല.
ബേക്കലിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 195 എ (തെറ്റായ തെളിവു നൽകാൻ പ്രേരിപ്പിക്കൽ), 2 വർഷം തടവു ലഭിക്കാവുന്ന ഐപിസി 506 (ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചെങ്കിലും എംഎൽഎ ഇടപെട്ടതോടെ നടപടികൾ നിലച്ചതായാണു സൂചനയെന്ന ഞെട്ടിക്കുന്ന വിവരവും മനോരമ പുറത്തു വിടുന്നത്. നടിയെ ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയെയാണു മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയത്. 2017ൽ കേസിലെ റിമാൻഡ് പ്രതികളെ സന്ദർശിക്കാൻ വ്യാജവിലാസം നൽകി ആലുവ സബ്ജയിലിൽ ഇദ്ദേഹം കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഇദ്ദേഹം ശ്രമിച്ചതായി ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. ചില സാക്ഷികൾ വിചാരണഘട്ടത്തിൽ മൊഴി മാറ്റിയെന്നും മനോരമയുടെ വാർത്ത പറയുന്നു. ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിൻ ലാൽ വെളിപ്പെടുത്തിയിരുന്നു. 2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചത്. ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടത്. മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തുമെന്നും തങ്ങൾ ദിലീപിന്റെ ആളുകളാണെന്ന് അവർ വ്യക്തമാക്കിയതായും വിപിൻ പറയുന്നു. ഇതിനെ ഏറെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്.
'നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്. കാസർകോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിലേക്കാണ് കത്തുകൾ വരുന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്'. വന്നത് ദിലീപിന്റെ ആളുകൾ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയിൽ കണ്ട പരിചയം മാത്രമാണുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും സഹതടവുകാരനായ സുനിൽകുമാറിന് കത്ത് എഴുതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വിപിൻ ലാൽ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്ന കാസർകോട് സ്വദേശിയായ വിപിൻ ലാൽ നിയമ വിദ്യാർത്ഥിയായിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സ്വാധീനിക്കാൻ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതും കേസിൽ നിർണ്ണായകമാണ്. കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചതെന്ന് വിപിൻ ലാൽ പറയുന്നു. മൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ചുതരാമെന്നും വന്നവർ പറഞ്ഞു. ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിപിൻലാൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ