കൊച്ചി: ദിലീപ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതോടെ വിചാരണ വൈകിയേക്കും. 

ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജിവെച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ പറഞ്ഞു.

കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വന്ന സാഹചര്യത്തിലും പ്രോസിക്യൂട്ടറുടെ രാജിയടക്കമുള്ള കാര്യങ്ങൾ വിചാരണയെ പിന്നോട്ടടിക്കുകയാണ്.

കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രോസിക്യൂട്ടറുടെ പ്രധാന ആരോപണം. പ്രോസിക്യൂട്ടർക്കു കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിചാരണക്കോടതി മാറ്റണമെന്ന് നടിയും അപേക്ഷ നൽകി. എന്നാൽ, കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

രാജിക്കാര്യം വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ലെന്നുമായിരുന്നു സുരേശന്റെ പ്രതികരണം. അടുത്തവർഷം ഫെബ്രുവരി നാലിനുമുമ്പായി കേസിന്റെ വിചാരണ പൂർത്തിയാക്കി വിധിപറയണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ മുന്നോട്ടുകൊണ്ടുപോകാൻ നിയമതടസ്സങ്ങളില്ല. എന്നാൽ, കേസ് പഠിക്കാൻ സമയം വേണ്ടിവന്നേക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.