കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രൊസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി.

കേസിൽ പൊലീസ് അറസ്റ്റുചെയ്ത പ്രതികൾ ജയിലിൽ നിന്നും തന്നെ ഭീഷിണിപ്പെടുത്തിയതായുള്ള ദിലീപിന്റെ ആരോപണം വിചാരണ കോടതി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നെന്നും ഇത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷൻ നൽകിയ ഹർജ്ജിയിൽ കോടതി ഭാഗീക അനുമതി നൽകുകയായിരുന്നെന്നുമാണ് സൂചന.

കേസിൽ പ്രൊസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ വിവരം പരാമർശിച്ചിരുന്നില്ലന്നും മാധ്യമ വാർത്തകളുടെയും പ്രതിഭാഗം അഭിഭാഷകന്റെയും വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിചാരണ കോടതി ഈ വിവരം കുറ്റപത്രത്തിൽ ചേർക്കാൻ ഉത്തരവിടുകയുമായിരുന്നെന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർത്ത ഭാഗം നീക്കണമെന്നാവശ്യപ്പെട്ട പ്രൊസിക്യൂഷൻ വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജ്ജിയിലാണ് ഇപ്പോൾ കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഹർജ്ജിയിൽ ഭാഗീക അനുമതി ലഭിച്ചതായാണ് സൂചന. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ മാത്രമെ ഏതൊക്കെ പരാമർശങ്ങളിലാണ് മാറ്റം വരുത്താൻ അനുമതിയായിട്ടുള്ളതെന്ന കാര്യം വ്യക്തമാകൂ.

ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ലേക്കു മാറ്റി. ബന്ധപ്പെട്ട മറ്റു ഹർജികളും അന്നു പരിഗണിക്കും. ഈ മാസം 21 നു കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്നു വിസ്തരിക്കും.

വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു സ്‌പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്നു വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാൻ ഇടപെടലുകൾ പ്രോസിക്യൂഷൻ നടത്തുന്നത്.

ജാമ്യം റദ്ദാക്കാനുള്ള ആവശ്യം നിരാകരിച്ചാൽ മേൽകോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകാനും സാധ്യതയുണ്ട്. ആറു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്ന നിർദ്ദേശവും ഉണ്ട്. ഈ സാഹചര്യത്തിൽ ഇനി അതിവേഗ നടപടികൾ തുടങ്ങും.