- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് കൊടുക്കാനുള്ള ഭീഷണി കത്ത് എഴുതിയത് വിപൻലാൽ; മരട് കോടതി പരിസരത്ത് വച്ച് കത്ത് കൈമാറിയത് മുമ്പ് സഹ തടവുകാരനായ വിഷ്ണുവിന്; ഇപ്പോൾ മാപ്പുസാക്ഷിയാകുന്നത് പൾസർ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് ദിലീപിനെ ബന്ധപ്പെട്ട പ്രതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെക്കൂടി കോടതി മാപ്പുസാക്ഷിയായി അംഗീകരിക്കുമ്പോൾ പ്രോസിക്യൂഷന് കേസിൽ മുൻതൂക്കം കിട്ടുന്നുവെന്ന് വിലയിരുത്തൽ. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണക്കോടതി അംഗീകരിച്ചത്. ഒന്നാം പ്രതി സുനിൽ കുമാർ പണം ആവശ്യപ്പെട്ടു ജയിലിൽനിന്നു ദിലീപിനു കത്തയച്ചതിന്റെ സാക്ഷിയാണ് സഹതടവുകാരനായിരുന്ന വിഷ്ണു. കേസിൽ വിപിൻലാൽ അടക്കം മറ്റു മൂന്നു പ്രതികൾ നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.
വിഷ്ണു കേസിലെ അതിനിർണ്ണായക സാക്ഷിയാണ്. വിഷ്ണു വഴിയാണ് പൾസർ സുനി ജയിലിൽ കിടക്കുമ്പോൾ ദിലീപിനെ ബന്ധപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിഷ്ണുവിന്റെ സാക്ഷി മൊഴി കേസിൽ നിർണ്ണായകമാകുന്നത്. വിഷ്ണു തന്നെ ബന്ധപ്പെട്ടുവെന്ന് പൊലീസിനോടും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ സാക്ഷിയുടെ മൊഴി കേസിൽ അതീവ നിർണ്ണായകമാകും. എന്നാൽ കേസിൽ ജയം ഉറപ്പെന്ന ആത്മവിശ്വാസം ദിലീപ് ക്യാമ്പിനുണ്ട്.
പൾസർ സുനി ദിലീപിന് അയച്ച കത്ത് വാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾത്തന്നെ അത് എഴുതിയതു സുനിയല്ലെന്നു വ്യക്തമായിരുന്നു. ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണു കത്തിലുള്ളതെന്നു തെളിഞ്ഞ ഘട്ടത്തിൽ പക്ഷേ, വിപിൻ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് നിർബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ്. ദുരൂഹതകൾ ഒട്ടേറെ അവശേഷിച്ച ഈ കേസിൽ വിപിൻലാൽ പിന്നീട് മാപ്പു സാക്ഷിയുമായി.
ജയിൽ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാൻ നൽകിയത്. എന്നാൽ എഴുതിയശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിനു കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കു വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയുമായിരുന്നു.ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസണാണ് മുമ്പ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നാദിർഷയെയും അപ്പുണ്ണിയെയും വിളിക്കാൻ സുനിൽ കുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചതിനെക്കുറിച്ചു ജിൻസൺ പറയുന്നുണ്ട്. ഈ മൊബൈൽ ഫോണിന്റെ നമ്പർ അടക്കം വിവരങ്ങൾ ജിൻസണാണു പൊലീസിനു നൽകിയത്. ഇതാണ് ഈ കേസിൽ ദിലീപിന് കരുക്കായി മാറുകയും ചെയ്തത്.
പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിപിൻലാൽ ആണ് കത്തെഴുതിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കത്ത് ദിലീപിന് അടുത്ത് എത്തിച്ചത് വിഷ്ണുമായിരുന്നു. കേസിൽ പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നും വിഷണു പറഞ്ഞിരുന്നു. 'ഇക്കാര്യത്തിൽ സുനി പറഞ്ഞതെല്ലാം സത്യമാണ്. നടൻ ദിലീപിന് കേസിൽ പങ്കുണ്ടായിരിക്കാം, എന്നാൽ ഇതേപ്പറ്റി തനിക്കറിയില്ല'' ഇതായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.
പൾസർ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് ദിലീപിനെ ബന്ധപ്പെട്ടത് വിഷ്ണുവാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി നാദിർഷാ, ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്നിവരെ വിഷ്ണു ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖകൾ മൂവരും പൊലീസിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിന് പുറകിലെ വസ്തുതകൾ ജയിലിലെ സഹതടവുകാരായ വിഷ്ണുവിനോടും വിപിൻലാലിനോടും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രണ്ടു പേരേയും മാപ്പുസാക്ഷികളാക്കുന്നത്. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
2017 ഫെബ്രുവരി 17-നു രാത്രിയാണു പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിചാരണയിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞാലേ, കേസിൽ നടൻ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ. അതായിരുന്നു പൊലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയുമായിച്ചേർന്നു പലയിടങ്ങളിൽ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം.
ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ചാൾസ് ആന്റണി, ജയിലിൽ ഫോൺ ഉപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻലാൽ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരായിരുന്നു പ്രതികൾ. ഇതിൽ മൂന്നു പേരാണ് മാപ്പുസാക്ഷിയായത്.
മറുനാടന് മലയാളി ബ്യൂറോ