കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസോ? പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതിന് പിന്നിൽ ഗൂഢാലോചന കാണുകയാണ് ദിലീപ്. ബൈജു പൗലോസിനെതിരെ നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിനൽകി.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ആക്രമിക്കപ്പെട്ട നടിയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ നിയോഗിക്കപ്പെട്ട രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ബാലചന്ദ്രകുമാറും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിനൊപ്പമാണ് ദിലീപിന്റെ ഗൂഢാലോചനാ വാദവും.

സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് ദിലീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതെന്ന് ദിലീപ് ആരോപിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ്. ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണം. തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ പറയുന്നു.

ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായതാണ്. ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നത്. വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ച് കഴിഞ്ഞു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂ. സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്.

വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയിൽ പറയുന്നു. ഡിജിപി ,ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവർക്കാണ് പരാതി. തുടർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണം. ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ചില ഓഡിയോ ക്ലിപ്പുകളും ദിലീപ് കൈമാറിയിട്ടുണ്ട്. അതിന് ബ്ലാക് മെയിൽ സ്വഭാവമുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിൽ പൊലീസ് തുടരന്വേഷണത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്.

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിചാരണ നടക്കുന്നതിനിടെയാണു സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കേസിൽ പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്നും ഇതിനു ഗൂഢാലോചന നടത്തിയതു ദിലീപാണന്നുമാണ് ആരോപണം. ഇതിനെത്തുടർന്നു വിചാരണ നിർത്തിവച്ചു കേസിൽ തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.

ഇതു കോടതി പരിഗണിക്കാനിരിക്കെയാണു നടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി കത്തിൽ വ്യക്തമാക്കുന്നു. ക്രിമിനൽ നടപടിച്ചട്ടപ്രകാരം വിചാരണയ്ക്കിടയിൽ പുതിയ തെളിവുകൾ പുറത്തു വന്നാൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്.