- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്; ഫോണിൽ സംസാരിക്കുന്നത് സേഫല്ല; അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്.... ഞാൻ കാത്തിരിക്കുകയാണ്; ദിലീപിന്റെ ഈ ശബ്ദം കച്ചിത്തുരുമ്പാകുമോ? ഇക്കയെ തിരിച്ചറിയാൻ കാവ്യയേയും ചോദ്യം ചെയ്‌തേയ്ക്കും; പുനരന്വേഷണവുമായി മുമ്പോട്ട് പോകാൻ പൊലീസ്; ദിലീപിന്റെ പ്രതീക്ഷ കോടതിയിലും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ രഹസ്യങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുമെന്ന് ദിലീപ് ഭയന്നിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ശ്രമം നടന്നു. നടൻ ദിലീപ് നേരിട്ട് ഇടപെട്ട് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. അതിനിടെ ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേയ്ക്കും.
ഇന്നലെ ഹൈക്കോടതിയിൽ നിന്ന് പ്രോസിക്യൂഷന് ചില തിരിച്ചടികളുണ്ടായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ കേസിനെ സ്വാധീനിക്കുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എങ്കിലും വെളിപ്പെടുത്തലിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട വിചാരണ കോടതിയുടെ നിർദ്ദേശം മുഖവിലയ്‌ക്കെടുത്ത് അന്വേഷണവുമായി പൊലീസ് മുമ്പോട്ട് പോകും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇതിന് വേണ്ടിയുള്ള പ്രാഥമിക വിവര ശേഖരണത്തിനിടെയാണ്. ഇക്കയാണ് ദിലീപിന് ദൃശ്യങ്ങൾ നൽകിയതെന്ന സൂചനയും പുറത്തു വന്നിരുന്നു. കാവ്യ ഇക്കയെന്ന് വിളിക്കുന്ന വ്യക്തിയെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക.
അതിനിടെയാണ് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാർത്തയും പുറത്തു വരുന്നത്. ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാൻ ദിലീപ് തിരുവനന്തപുരത്ത് നേരിട്ടെത്തി. ബാലചന്ദ്ര കുമാറിനെ കാണാൻ തിരുവനന്തപുരത്ത് രണ്ട് ദിവസം ദിലീപ് കാത്തിരുന്നു എന്നും വ്യക്തമാക്കുന്ന രേഖകളും റിപ്പോർട്ടർ ടിവി പുറത്ത് വിട്ടു. തുടർച്ചയായി ബാലചന്ദ്ര കുമാറിനെ ദിലീപ് വിളിച്ചു. ദിലീപിന്റെ വാട്ട്സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശവും പുറത്തു വന്നു. വാട്സ് ആപ്പിൽ ശബ്ദ സന്ദേശം അയക്കുന്നത് അപകടമാണെന്നുൾപ്പെടെ ദിലീപ് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിവരങ്ങൾ. ഹൈക്കോടതിയിൽ നിന്ന് ഇന്നലെയുണ്ടായ പരാമർശങ്ങൾ തനിക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ദിലീപ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയിലൂടെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. നടി ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നേതൃത്വത്തിലുള്ള പ്രത്യേക സംഘവുമുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ്‌പിമാരായ കെ സുദർശൻ, എംജി സോജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. നേരത്തെ നടി ആക്രമണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ അന്വേഷണ സംഘം പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴു പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനർവിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നൽകിയത്. ഹൈക്കോടതിയുടെ പരാമർശങ്ങൾ പ്രോസിക്യൂഷന് എതിരാണ്. ഇതിനിടെയാണ് പുതിയ അന്വേഷണ നീക്കങ്ങൾ.
''ബാലൂ, എന്റെ ഫോണും വാട്‌സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്'', എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. അതിനാലാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽ കുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്. അന്വേഷണം സംഘം ഉടൻ യോഗം ചേർന്ന് ഭാവി നടപടികൾ ആലോചിക്കും. മുഖ്യപ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി തേടുന്നതടക്കമുള്ള കാര്യം യോഗം ആലോചിക്കും.
നേരത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി ബി സന്ധ്യ ഫയർ ഫോഴ്‌സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘം. ഐ ജി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സാഹചര്യത്തിലാണ് ഐജി ഫിലിപ്പിനെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയത്. ചേരാനെല്ലൂർ എഎസ്‌ഐ ബിനു കെ വിയും അന്വേഷണ സംഘത്തിലെ പുതിയ അംഗമാണ്.
മറുനാടന് മലയാളി ബ്യൂറോ