- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേശു ഈ വീടിന്റെ നാഥനിൽ' നായകൻ ജയിലിലായി; ആദ്യ കാമുകിയെ കേശുവിന്റെ ഭാര്യ വിളിച്ചത് യക്ഷിയെന്നും; ഒടിടിയിൽ സിനിമ എത്തിയതിന് പിന്നാലെ ജീവിതത്തിലും കുരുക്കുകൾ; നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ 20 സാക്ഷികൾ നിരീക്ഷണത്തിൽ; ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും; മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതീക്ഷ കണ്ട് നടനും; ദിലീപ് ഒളിവിൽ തന്നെ!
കൊച്ചി: ദിലീപിന്റെ പുതിയ സിനിമ 'കേശു ഈ വീടിന്റെ നാഥൻ' ഒടിടി പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയതോടെയാണു നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത തെളിവുകൾ ഒന്നൊന്നായി പുറത്തുവരാൻ തുടങ്ങിയതെന്ന പരാതികളും പൊലീസ് പരിശോധിക്കുന്നു. ഈ സിനിമ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചോ എന്ന സംശയവും സജീവമാക്കുകായണ് ദീലീപ്. ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ടെന്നാണ് ആക്ഷേപം.
സിനിമയിലും ദിലീപിന്റെ കഥാപാത്രം ജയിലിൽ പോകുന്നുണ്ട്. ഇതിനിടെ പല സംഭാഷണവുമുണ്ട്. പൊലീസ് അന്വേഷണത്തേയും പരിഹാസ രൂപേണ ഈ സിനിമയിൽ കളിയാക്കുന്നു. ദിലീപിന്റെ ഉറ്റചങ്ങാതെ നാദിർഷായാണ് ഈ സിനിമ സംവിധാനം ചെയ്തത്. കൂട്ടുകാരൻ കൂട്ടുകാരന് വേണ്ടി എടുത്ത സിനിമ പുറത്തു വന്നതു മതുൽ ദിലീപിന് കഷ്ടകാലമാണ്. കേശുവിന്റെ ആ കാമുകിയെ ഭാര്യ വിളിക്കുന്നത് യക്ഷിയെന്നാണ്. ഇങ്ങനെ പലതും കേശുവിൽ ചർച്ചയാകുന്നതിനിടെയാണ് ദിലീപിനെതിരെ പുതിയ നീക്കങ്ങൾ സജീവമാകുന്നത്.
നടി പീഡനക്കേസിൽ പ്രോസിക്യൂഷന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയ കൂറുമാറ്റം നടത്തിയ സാക്ഷി പ്രതിഭാഗത്തുനിന്നു വൻതുക കൈപ്പറ്റിയെന്നു മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. സാക്ഷിയുടെ സഹപ്രവർത്തകനാണ് അന്വേഷണസംഘത്തോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. പണം വാങ്ങിയതിനു തെളിവുണ്ടെന്നും സഹപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. പണം കൈമാറ്റത്തിന് തെളിവു കണ്ടെത്താൻ വേണ്ടിയാണ് ഇത്. ഇദ്ദേഹത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട ശേഷം മാത്രം രഹസ്യമൊഴി രേഖപ്പെടുത്താനാണ് നിയമോപദേശം ലഭിച്ചത്.
ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറി പ്രതിഭാഗം ചേർന്ന 20 പ്രോസിക്യൂഷൻ സാക്ഷികളുടെ നീക്കങ്ങൾ ക്രൈംബാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്. പീഡനക്കേസിൽ ആദ്യമായിട്ടാണ് ഇത്രയധികം പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നത്. ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങിയാണു സാക്ഷികളിൽ പലരും കൂറുമാറിയതെന്നാണു മൊഴികൾ. ഇവരുടെ എല്ലാം ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും.
അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എൻ.സൂരജ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു പരിഗണിച്ചേക്കും. പുതിയ കേസിലും ജാമ്യമില്ലാ വകുപ്പുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ദിലീപിനെ ഏത് നിമിഷം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാം. അതുകൊണ്ട് തന്നെ ദിലീപ് ഫലത്തിൽ ഒളിവിലാണെന്ന സൂചനകളാണ് പൊലീസ് നൽകുന്നത്. എന്നാൽ താരം ഒളിവിൽ അല്ലെന്ന് അടുപ്പാക്കാരും പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കൾക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. താൻ നൽകിയ കോടതിയലക്ഷ്യ നടപടി കേസിൽ പ്രത്യേക കോടതി ബൈജു പൗലോസിനു നോട്ടിസ് നൽകിയിരുന്നു. ഈ ജാമ്യ ഹർജിയിലെ വിധി കേസിൽ നിർണ്ണായകമാകും. ദിലീപിന് അനുകൂലമായി വിധി വ്ന്നാൽ അത് പൊലീസിന് വലിയ തിരിച്ചടിയാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ജാമ്യ ഹർജിയിൽ പ്രോസിക്യൂഷൻ എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാകും.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെടുമ്പോൾ അന്തിമ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്നെ പ്രതിയാക്കാൻ നടത്തിയ കൃത്രിമ നടപടികളും പുറത്തുവരുമെന്നു ബൈജു പൗലോസ് ഭയപ്പെടുന്നു. വിചാരണ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണു നടപടി. കേസിൽ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം ഡിസംബർ 29നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്‌പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നൽകി. അനധികൃതമായി കസ്റ്റഡിയിലെടുക്കാനും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും കസ്റ്റഡിയിൽ പീഡിപ്പിക്കാനും ലക്ഷ്യമിട്ടാണു കേസെടുത്തിരിക്കുന്നതെന്നു ജാമ്യാപേക്ഷയിൽ ആരോപിച്ചു.
ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി കെ.എസ്.സുദർശൻ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോർഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി നാളെ എറണാകുളം മജിസ്‌ട്രേട്ട് രണ്ടാം കോടതിയിൽ രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തും മുൻപ് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെത്തുടർന്നു പൊലീസ് സംരക്ഷണം നൽകിയിട്ടുണ്ട്. കോടതിയിലേക്കു വരും വഴിയിലും സുരക്ഷ ഉറപ്പാക്കാൻ ലോക്കൽ പൊലീസിനും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
നടിയെ പീഡിപ്പിച്ച കേസിനു മുൻപുതന്നെ നടൻ ദിലീപിനു മുഖ്യപ്രതി സുനിൽകുമാറിനെ (പൾസർ സുനി) അടുത്തറിയാമെന്നാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതു സാധൂകരിക്കുന്ന പൾസർ സുനിയുടെ ഫോൺ സംഭാഷണവും ഇന്നലെ പുറത്തുവന്നു. സുനിലിന്റെ സഹതടവുകാരനും ഈ കേസിലെ സാക്ഷിയുമായ ജിൻസനോടാണ് ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും നേരിട്ടു കണ്ടിട്ടുണ്ടെന്നു സുനിൽ വെളിപ്പെടുത്തുന്നത്. ജയിലിൽനിന്നാണു സുനിൽ ഫോണിൽ ജിൻസനോടു സംസാരിച്ചത്. ഈ ടെലിഫോൺ സംഭാഷണം സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ