- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ 'അമ്മ' കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്
കൊച്ചി: കൊച്ചിയിലെ ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണ അർപ്പിച്ച് മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എത്തുന്ന താര സംഘനടയായ അമ്മയിലെ അനൗദ്യോഗിക ചർച്ചകളുടെ ഭാഗം. ഇരയായ നടിയുടെ പോസ്റ്റ് മെഗാ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ പങ്കുവച്ചു. മലയാളത്തിലെ യുവതാരങ്ങളിൽ പലരും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുതിർന്ന തലമുറയിൽ പെട്ട താരങ്ങൾ താരത്തിനു പിന്തുണ നൽകുന്നത് ഇത് ആദ്യമായാണ്. ഇതിന് പിന്നിൽ പൊതുവികാരം മാനിക്കുകയെന്ന തീരുമാനമായികുന്നു.
സ്ത്രീകൾക്ക് മുൻതൂക്കം നൽകിയായിരുന്നു ഇത്തവണ അമ്മയിലെ ഇലക്ഷൻ. ശ്വേതാ മേനോനേയും ആശാ ശരത്തിനേയും അമ്മയുടെ വൈസ് പ്രസിഡന്റാക്കാൻ ഔദ്യോഗിക പക്ഷം തീരുമാനവും എടുത്തു. എന്നാൽ തെരഞ്ഞെടുപ്പിൽ മണിയൻപിള്ളരാജുവിന് ആശാ ശരത്തിനെ തോൽപ്പിക്കാനായി. എക്‌സിക്യൂട്ടീവിലേക്കും നിരവധി വനിതകളെത്തി. അങ്ങനെ സ്ത്രീ സൗഹൃദ താര സംഘടനയിലേക്ക് അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ നീങ്ങി. ഈ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിലെ മൗനം മറ്റ് പല ചർച്ചകൾക്കും കാരണമാകുമെന്ന് വിലയിരുത്തലെത്തി. ഇതോടെയാണ് നടിയുടെ പോസ്റ്റ് മോഹൻലാലും മമ്മൂട്ടിയും പങ്കുവച്ചത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാർഢ്യം പ്രഖ്യാപിച്ചത്. 'നിനക്കൊപ്പം' എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. ഇതോടെ അടുത്തത് മോഹൻലാലിന്റെ ഊഴമായിരുന്നു. ബഹുമാനം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാമിൽ മോഹൻലാലിന്റെ പോസ്റ്റ്. പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ. നടിയെ ആക്രമിച്ച കേസ് സംഭവിക്കുമ്പോൾ അമ്മയുടെ എക്‌സിക്യൂട്ടീവിൽ പൃഥ്വിയും ഉണ്ടായിരുന്നു. പൃഥ്വിയുടെ ഉറച്ച നിലപാടാണ് അന്ന് ദിലീപിന്റെ പുറത്താകലിൽ കാര്യങ്ങളെത്തിച്ചത്. വീണ്ടും പൃഥ്വിയെ പോലുള്ള നടന്മാരുടെ നിലപാട് നിർണ്ണായകമായി.
നിരവധി താരങ്ങൾ നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ ആദ്യം ഐകദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പിന്നീട് കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു, അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു. ഇവരെല്ലാം പല ഘട്ടത്തിലും നടിക്കൊപ്പം നിന്നവരാണ്. കുഞ്ചാക്കോ ബോബൻ കേസിൽ സാക്ഷിയും പറഞ്ഞു. ആഖിഷ് അബുവും റിമ കല്ലിങ്കലും ദിലീപിനെതിരെ പരസ്യ നിലപാടും എടുത്തു. അപ്പോഴും മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ നടിയെ പരസ്യമായി പിന്തുണച്ച് രംഗത്തു വരുമെന്ന് ആരും കരുതിയില്ല.
ദിലീപിനെതിരായ രണ്ടാം കേസ് വന്നതോടെ പൊതു സമൂഹത്തിൽ ചർച്ചകൾ സജീവമാണ്. സിനിമക്കാരുടെ പിന്തുണ തനിക്കൊപ്പമാണെന്ന പൊതു ധാരണയുണ്ടാക്കാൻ ഈ ഘട്ടത്തിലും ദിലീപിനായി. എന്നാൽ മോഹൻലാലും മമ്മൂട്ടിയും പരസ്യമായി രംഗത്തു വ്ന്നതോടെ കഥ മാറി. സിനിമാക്കാരും ദിലീപിന് എതിരാണെന്ന ചർച്ച വന്നു. പൊലീസിനും ഇത് ഗുണം ചെയ്യും. രണ്ടാമത്തെ കേസിൽ ദിലീപിനെ അറസ്റ്റു ചെയ്യാനും ജയിലിൽ അടയ്ക്കാനും സാധ്യത ഏറെയാണ്. ഈ വിഷയത്തിൽ മൗനം തുടരുന്നത് കുറ്റവാളികൾക്കൊപ്പമാണ് താര സംഘടനയായ അമ്മയെന്ന പൊതുധാരണയുണ്ടാക്കുമെന്ന വിലയിരുത്തൽ അമ്മയിൽ ഉണ്ടായി. ഈ സാഹചര്യത്തിലാണ് സൂപ്പർതാരങ്ങൾ തന്നെ നടിയെ പിന്തുണച്ച് രംഗത്തു വന്നത്.
ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും നടി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം നടിക്ക് പിന്തുണയുമായി എത്തിയത്. ഫലത്തിൽ ഇത് പൊലീസിനും ആശ്വാസമാണ്. സിനിമക്കാർ പോലും ദിലീപിനൊപ്പമില്ലെന്ന ചർച്ച സജീവമാക്കാൻ പൊലീസിന് കഴിയുകയും ചെയ്തു. ഈ സാഹചര്യത്തിൽ അമ്മയുമായി ബന്ധമുള്ള ആരും ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിലും ഒന്നും എത്തില്ല ഇരയെ പിന്തുണയ്ക്കുന്ന നിലപാട് മാത്രമേ അവർ പരസ്യമായി എടുക്കൂ.
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി-നടി വിശദീകരിച്ചത് ഇങ്ങനെയാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ നീട്ടാൻ ആസൂത്രിത നീക്കം നടക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വ്യാജമാണെന്നും ദിലീപ് ആരോപിച്ചു. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തള്ളിയാൽ ദിലീപ് വീണ്ടും അറസ്റ്റിലാകും.
മറുനാടന് മലയാളി ബ്യൂറോ