കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ഹൈക്കോടതി പരിശോധിക്കും. മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാൻ സിംഗിൾ ബഞ്ച് ബാലചന്ദ്രകുമാറിന് നിർദ്ദേശം നൽകി. കേസിൽ ദിലീപ് അടക്കം അഞ്ചുപ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ചവരെ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിരോധത്തിൽ ആക്കുക എന്ന തന്ത്രമാണ് ഇക്കാര്യത്തിൽ അഡ്വ. രാമൻപിള്ള സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ബൈജു പൗലോസിനെതിരെ നിരവധി തവണ ദിലീപ് രംഗത്തുവന്നിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തത്, ബാലചന്ദ്രകുമാറിന്റെ മൊഴി അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ മൊഴി കാണാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ചൊവ്വാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു. ഇതിനിടെ കേസിന്റെ പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു.

എന്നാൽ കോടതി അനുമതിയോടെയുള്ള പരിശോധനമാത്രമാണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.